രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി; സിനിമാപ്രേമികള്‍ക്ക് ആഘോഷം

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി. പാസുകളുടെ വിതരണം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചതോടെ മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിലേയ്ക്ക് ഡെലിഗേറ്റുകള്‍ എത്തിതുടങ്ങി. ടാഗോറും പരിസരവും സിനിമപ്രേമികളെ എതിരേല്‍ക്കാന്‍ വര്‍ണ്ണാഭമായി ഒരുങ്ങിക്കഴിഞ്ഞു.
2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിന്‍സി അലോഷ്യസാണ് ആദ്യ പാസ് സ്വീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയാ പാസ്സ് വിതരണം ആരംഭിച്ചു. 28-മത് ഐ.എഫ്.എഫ്.കെയുടെ സിഗ്നേച്ചര്‍ ഫിലിമും പുറത്തിറക്കിയിട്ടുണ്ട്.
ഐ.എഫ്.എഫ്.കെ. ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും വ്യാഴാഴ്ച നടന്നു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേളയ്ക്ക് ഔദ്യോഗികമായി തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. 'ഗുഡ് ബൈ ജൂലിയ'യാണ് ഉദ്ഘാടനചിത്രം.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചുമണി മുതല്‍ ആറുമണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. 12000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്.
തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാം.
Content Highlights: IFFK 2023 thiruvananthapuram, December 8- 15, movies, world cinema, Indian cinema