അവളുടെ ക്യാമറയ്ക്ക് മുന്നിൽ തെളിഞ്ഞ ഭയപ്പെടുത്തുന്ന യാഥാർഥ്യങ്ങൾ | Woman with a Movie Camera Review

വെറും അയ്യായിരം രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം എന്ന ഖ്യാതിയുമായാണ് യുവ സംവിധായകനായ അടൽ കൃഷ്ണയും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ എ വുമൺ വിത് എ മൂവി ക്യാമറ എന്ന ചിത്രം ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തിയത്.. മേളയിലെ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം പ്രമേയം കൊണ്ടും ശ്രദ്ധ നേടുകയാണ്..
ഡോക്യുമെന്ററി സ്റ്റൈൽ മേക്കിങ് ആണ് ചിത്രത്തിനായി അടൽ തിരഞ്ഞെടുത്തിരിക്കുന്നത്. ട്രൂത്ഫുൾ സിനിമ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ചിത്രത്തിൽ കാലിക പ്രസക്തമായ ഒരുപാട് വിഷയങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പ്രോജക്റ്റിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി എടുക്കാൻ മഹിത എന്ന വിദ്യാർത്ഥിനി സുഹൃത്തായ ആതിരയുടെ വീട്ടിലെത്തുന്നു.. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ആതിരയെ വച്ച് മഹിത ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വീട്ടിൽ ആതിര പെരുമാറുന്നതും അമ്മയുമായുള്ള സംഭാഷണങ്ങളുമെല്ലാം സ്വാഭാവികമായി തന്നെ മഹിതയുടെ ക്യാമറ ഒപ്പിയെടുക്കുന്നു. ആർത്തവവും പ്രണയവും വിവാഹവുമെല്ലാം അവർക്കിടയിലെ ചർച്ചകളാവുന്നുണ്ട്. പെൺകുട്ടിയായതിനാലും ഒറ്റ മകളായതിനാലും പുറത്ത് പോയി പഠിക്കാനുള്ള ആതിരയുടെ ആഗ്രഹത്തിന് വീട്ടുകാർ എതിര് നിൽക്കുന്നുണ്ട്. ഇതിനിടയിൽ വീട്ടിലെത്തിയ അവളുടെ കസിൻ സഹോദരനും അവളുടെ ആഗ്രഹത്തിന് എതിര് പറയുകയും അവളെ നേരത്തിനും കാലത്തിനും കെട്ടിച്ചയക്കണമെന്ന് അമ്മയെ ഓർമപ്പെടുത്തുന്നുമുണ്ട്. മഹിതയുടെയും ആതിരയുടെയും രണ്ട് കൂട്ടുകാർ കൂടി വൈകാതെ അവിടെയെത്തുന്നു. ചായ കുടിക്കുന്നതിനിടയിൽ ആതിര നടത്തുന്ന വലിയൊരു വെളിപ്പെടുത്തൽ അവരെ ഞെട്ടിക്കുന്നു. ആ ഞെട്ടൽ മാറുന്നതിന് മുമ്പ് തങ്ങൾ നേരിട്ട സമാനമായ ദുരനുഭവത്തെക്കുറിച്ച് ബാക്കി നാല് പേരും തുറന്ന് പറയുന്നതോടെ സമൂഹ മനസാക്ഷി ചോദ്യം ചെയ്യപ്പെടുന്നു. ഈ വെളിപ്പെടുത്തലുകൾ അഭിനേതാക്കൾ യഥാർഥ ജീവിതത്തിൽ നേരിട്ട അനുഭവങ്ങളാണെന്ന തിരിച്ചറിവാണ് നേരത്തെെ പറഞ്ഞ ആ ഞെട്ടൽ പൂർണമാക്കുന്നത്.
ആൺ-പെൺ വ്യത്യാസമില്ലാതെ, വീടെന്നോ സ്കൂളെന്നോ വ്യത്യാസമില്ലാതെ കുട്ടികൾ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന വസ്തുത ചിത്രം ചർച്ച ചെയ്യുന്നുണ്ട്. എത്ര വർഷം കഴിഞ്ഞാലും ആ ദുരനുഭവം നൽകിയ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കാൻ എളുപ്പമല്ലെന്നും ഇരയ്ക്ക് വേണ്ടത് ചേർത്തു നിർത്തലും തുറന്ന് പറച്ചിലിനുള്ള വേദിയാണെന്ന ഓർമപ്പെടുത്തലും ചിത്രം നൽകുന്നുണ്ട്.
മഹിത, ആതിര, ശ്രീകല, മണികർണിക തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മഹിത തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും .ആതിര ചിത്രത്തിന്റെ സഹ എഴുത്തുകാരിൽ ഒരാളുമാണ്.സിനിമയുടെ മൂലധനമല്ല, അത് പറയുന്ന പ്രമേയമാണ് പ്രധാനമെന്ന് സംവിധായകൻ അടൽ കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കാലിക പ്രസക്തമായ സിനിമയുടെ പ്രമേയത്തിനും ഇത്തരമൊരു ചിത്രമെടുക്കാൻ മുന്നോട്ട് വന്ന അണിയറപ്രവർത്തകർക്കും ലഭിക്കുന്ന നിറഞ്ഞ കയ്യടി സംവിധായകന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ്..
Content Highlights: IFFK 2022, Woman with a Movie Camera Review, India Today