അർഥമില്ലാത്ത സംഭാഷണങ്ങളിൽ ഒളിപ്പിച്ച ജീവിത സത്യങ്ങൾ; ലുവോമുവിലെ നിഗൂഢ മനുഷ്യരുടെ കഥ | Gloaming in Luomu റിവ്യൂ

കൊറിയൻ-ചൈനീസ് സംവിധായകൻ സങ് ലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് Gloaming in Luomu. ബുസാൻ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടി ലോകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണിത്.
'Gloaming' എന്നാൽ പൂർണ്ണമായി ഇരുട്ടുന്നതിന് തൊട്ടുമുമ്പുള്ള സമയം എന്നാണ് അർത്ഥം വരുന്നത്. അതായത് സന്ധ്യാ നേരം. കഥാപാത്രങ്ങളുടെ മനസ്സിനെ പ്രതീകാത്മകമായി വിവരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്ന് വേണമെങ്കിൽ പറയാം. ഏത് നിമിഷവും ഇരുട്ടിലേക്ക് വീഴാമെന്ന മാനസികാവസ്ഥയിലാണ് ഓരോ ദിവസവും ചിത്രത്തിലെ കഥാപാത്രങ്ങൾ തള്ളിനീക്കുന്നത്.
ഈ സിനിമയുടെ കഥ നടക്കുന്നത് സിചുവാൻ പ്രവിശ്യയിലെ ലുവോമു (Luomu) എന്ന ചൈനീസ് പട്ടണത്തിലാണ്. പുരാതനവും മനോഹരവുമായ പട്ടണം 21-ാം നൂറ്റാണ്ടിന്റെ മാറ്റങ്ങളിൽ നിന്നെല്ലാം മാറിനിൽക്കുന്ന ഒരു കൊച്ചുഗ്രാമമാണ്. പ്രധാനപ്പെട്ട ഒരു ബുദ്ധമത കേന്ദ്രവും മൗണ്ട് എമൈയിലെ പർവതാരോഹകർക്കുള്ള ഒരു ബേസ് ക്യാമ്പുമാണ് ലുവോമു.
മുൻ നർത്തകിയായ സ്യോ ബായി (Bai Baihe) എന്ന കഥപാത്രത്തെയാണ് ചിത്രം പിന്തുടരുന്നത്. മദ്യത്തിന് അടിമയായിരുന്നതിനാൽ അവരുടെ കലാ ജീവിതം ഏറെക്കുറെ അവസാനിച്ച സാഹചര്യമാണ്. ഒരു നിഗൂഢമായ പോസ്റ്റ്കാർഡ് മുൻകാമുകൻ വാങ്ങിൽ (Wang) നിന്ന് ലഭിച്ച് മൂന്ന് വർഷത്തിന് ശേഷം ബായി ലുവോമുവിലെത്തുകയാണ്. അവിടെ അവൾ കാണുന്ന മനുഷ്യരുടെയും അവരെ ചുറ്റിപ്പറ്റി അവൾക്ക് ലഭിക്കുന്ന പുതിയ അറിവുകളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആൽക്കഹോളിസവുമായി മല്ലിടുന്ന ഒരു ഫിലോസഫി പ്രൊഫസറായ ലിയുവിന്റെ (Liu Dan) ഉടമസ്ഥതയിലുള്ള ഒരു ലോഡ്ജിലാണ് ബായി താമസിക്കുന്നത്. ലിയുവും അവരുടെ കൂട്ടുകാരായ ഹുവാങ്ങും പെങ്ങും എല്ലാവരുമായി ബായിക്ക് ഒരു വൈകാരികമായ അടുപ്പമുണ്ടാകുന്നു. വാങ്ങിന്റെ ശബ്ദം തനിക്ക് ചുറ്റുമുണ്ടെന്നും എല്ലായിടത്തും കാണുകയും കേൾക്കുകയും ചെയ്യുന്നതായി ബായിക്ക് തോന്നുന്നത് പ്രേക്ഷകരിൽ സംശയവും ക്യൂരിയോസിറ്റിയും ഉണ്ടാക്കുന്നുണ്ട്.
അഭിസംബോധന ചെയ്യപ്പെടാതെപോകുന്ന ജീവിതത്തിലുണ്ടാകുന്ന ട്രോമകൾക്ക് ഒരു അവസാനം തേടി ലുവോമുവിലെ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന ബായിയെയും വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി ഒരു ഗ്ലാസ് വൈനും ചെറുപുഞ്ചിരിയോടെ മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ലിയുവിനെയും പോലുള്ള വ്യക്തികളെയാണ് സംവിധായകൻ വളരെ വൃത്തിയായി Gloaming in Luomu എന്ന ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.
പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ പലതും ഒരു ലക്ഷ്യമില്ലാതെ അല്ലെങ്കിൽ അർത്ഥമില്ലാത്തവയായി നമുക്ക് ആദ്യം തോന്നും. എന്നാൽ, ഈ ദിശാബോധമില്ലാത്ത സംഭാഷണങ്ങൾ ക്രമേണ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും പ്രേക്ഷകരിലേക്ക് അവരറിയാതെ തന്നെ എത്തിക്കുന്നുണ്ട്.
സുപരിചിതമായ ഒരു കഥാതന്തുവിനെ പുതുമയുള്ളതാക്കി മാറ്റുന്നതിന് മികച്ച സംവിധാനവും സാങ്കേതിക മികവും പ്രധാനമാണ്. അത് വളരെ വൃത്തിയായി തന്നെ സംവിധായകൻ ചെയ്തിട്ടുണ്ട്.
പിയാവോ സോങ്‌രിയുടെ (Piao Songri) ഛായാഗ്രഹണം ലുവോമുവിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ക്യാമറ പലപ്പോഴും പ്രേക്ഷകരെ പോലെ തന്നെ നിശ്ചലമായി ഒരിടത്ത് നിന്ന് നായികയെ ദൂരെ നിന്ന് നിരീക്ഷിക്കുന്ന പോലത്തെ ഒരു മികച്ച സിനിമറ്റിക് അനുഭവം പ്രേക്ഷകന് നൽകുന്നുണ്ട്.
ബായിയുടെ അസ്വസ്ഥമായ മാനസികാവസ്ഥയെ കാണിക്കുന്നതിനായി സംവിധായകൻ കൂടുതലും നീല നിറമാണ് ഫ്രയിമികളിൽ ഉപയോഗിച്ചിട്ടുള്ളത്.
ആൽക്കഹോളിസത്തോടും ഡിപ്രെഷനോടും പോരാടുന്ന ഒരു വ്യക്തിയെ വളരെ ഗംഭീരമായി തന്നെ അഭിനേത്രിയായ ബായി ബൈഹെ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്. അവരുടെ സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകരെ ആ കഥാപാത്രത്തിലേക്ക് ആഴത്തിൽ വൈകാരികമായി അടുപ്പിക്കുന്നുണ്ട്.
Gloaming in Luomu എന്തുകൊണ്ടും സമ്പന്നമായ ഒരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കഥാപാത്രങ്ങൾ എന്തിനു അത് ചെയ്യുന്നു എന്നതിന് അപ്പുറം കഥാപാത്രം ചെയ്യുന്നത് എന്തോ അത് മനോഹരമായി ആസ്വദിക്കുന്നതിന് പ്രേക്ഷകന് കഴിയണം എന്നത്തിന് പ്രാധാന്യം നൽകിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അപ്രതീക്ഷിതമല്ലാത്ത എന്നാൽ നിഗൂഢമായ ഫ്രെയിമുകളോടെയാണ് ചിത്രം അവസാനിക്കുന്നത്. കണ്ടുകഴിഞ്ഞാലും ഒരുപാട് നാൾ നിങ്ങളെ ഈ കഥയും കഥാപാത്രവും പിന്തുടരുമെന്ന കാര്യത്തിൽ സംശയമില്ല.
Content Highlights: Explore `Gloaming in Luomu` review, Discover hidden life truths and the mysterious characters of this acclaimed Korean-Chinese film.