കലാരംഗത്തെ കാപട്യങ്ങൾ വരച്ചുകാട്ടുന്ന സിമോൺ മേസ സോട്ടോയുടെ എ പോയറ്റ്

കൊളംബിയൻ സംവിധായകൻ സിമോൺ മേസ സോട്ടോയുടെ രണ്ടാമത്തെ ഫീച്ചർ ചിത്രമാണ് എ പൊയറ്റ് (Un poeta). ഒരാൾ കലയുമായി ബന്ധപ്പെട്ട ജീവിതം നയിക്കാൻ ശ്രമിക്കുന്നതും അതിലെ പരാജയങ്ങളെക്കുറിച്ചും മറ്റും രസകരമായി ഡാർക് ഹ്യമറിലൂടെ വരച്ചുകാട്ടുന്ന ചിത്രമാണിത്. മെഡെലിൻ നഗരത്തെചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കലാരംഗത്തുള്ളവരുടെ സാമ്പത്തിക പ്രതിസന്ധികളെയും പലരും നേരിടുന്ന ചൂഷണങ്ങളെയും കുറിച്ചുള്ള ശക്തമായ വിമർശനമാണ് എ പൊയറ്റ്. കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെയ്ൻ റിഗാർഡ് (Un Certain Regard) വിഭാഗത്തിൽ ജൂറി പുരസ്കാരം നേടിയ ചിത്രം കൂടിയാണിത്.
ഓസ്കാർ റെസ്‌ട്രെപോ (ഉബെയ്മർ റിയോസ്) ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രശസ്ത കവി ഹോസെ അസുൻസിയോൺ സിൽവയുട ആരാധകനാണ് ഓസ്‌കാർ. ഇയാൾ മുൻപ് ചില സാഹിത്യ അവാർഡുകൾ നേടിയിട്ടുള്ള വ്യക്തിയാണ്. എന്നാൽ ഇന്ന് അദ്ദേഹം തൊഴിൽ രഹിതനും, വിവാഹബന്ധം വേർപെടുത്തുകയും മദ്യപാനിയായി അമ്മയോടൊപ്പം താമസിക്കുന്ന സാഹചര്യമാണുള്ളത്. സ്വന്തമായി ഓസ്കർ കൽപ്പിക്കുന്ന വിലയും അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരവും സംബന്ധിച്ച ഓസ്‌കാറിന്റെ ചിന്തകളാണ് സിനിമയുടെ പ്രധാന വിഷയം.
പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഹൈസ്‌കൂളിൽ ജോലിക്ക് പോകുന്ന ഓസ്‌കാർ, അവിടെ വെച്ച് യൂർലേഡി (റെബേക്ക ആൻഡ്രേഡ്) എന്ന കൗമാരക്കാരിയായ വിദ്യാർഥിനിയെ കണ്ടുമുട്ടുന്നു. ദരിദ്രമായ ചുറ്റുപാടിൽ നിന്ന് വരുന്ന യൂർലേഡി, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായിട്ടാണ് കവിതകളെ കാണുന്നത്. ഓസ്‌കാർ അവളുടെ പ്രതിഭയിൽ ആകൃഷ്ടനാവുകയും അവളെ ഒരു മെന്റർ എന്ന നിലയിൽ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഓസ്‌കാർ യൂർലേഡിയെ ഒരു പ്രശസ്ത കവിതാ വിദ്യാലയത്തിൽ എത്തിക്കുന്നതോടെയാണ് ചിത്രത്തിലെ സാമൂഹിക വിമർശനം ശക്തമാകുന്നത്. ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഒരു കറുത്ത വർഗക്കാരിയായ പെൺകുട്ടി എന്ന നിലയിൽ, സ്ഥാപനത്തിലെ പ്രിൻസിപ്പൽമാരും അധികൃതരും അവളെ തങ്ങളുടെ മാസ്‌കറ്റ് അല്ലെങ്കിൽ പരസ്യത്തിനുള്ള മുഖം ആക്കി മാറ്റാൻ ശ്രമിക്കുന്നു. പരസ്യം നേടുന്നതിനും സംഭാവനകൾ ആകർഷിക്കുന്നതിനും വേണ്ടി അവളുടെ പശ്ചാത്തലം അവർ ഉപയോഗിക്കുന്നു.
സിനിമ, കലാരംഗത്തെ ടോക്കണിസത്തെയും സെൻസേഷണലിസത്തെയും ചോദ്യം ചെയ്യുന്നതാണ് ഇത്. വിദേശികളും വെളുത്തവരുമായ രക്ഷാധികാരികൾ തങ്ങളെ പുരോഗമനവാദികളായി കാണിക്കാൻ വേണ്ടി ഇത്തരം കലാകാരന്മാരെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നെതാക്കെ കുറിക്കുകൊള്ളുന്ന രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. കപട കലാകാരന്മാരെയും പണവും അധികാരവും ഉപയോഗിച്ച് കലാരംഗത്ത് പ്രവേശിക്കാൻ ശ്രമിക്കുന്ന ആളുകളെയും തുറന്നുകാട്ടാൻ സംവിധായകൻ സോട്ടോ ഈ സിനിമ ഉപയോഗിച്ചിട്ടുണ്ട്. ഡാർക്ക് കോമഡിയിലൂടെ സാധാരണ സ്റ്റീരിയോടൈപ്പുകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ സോട്ടോ ശ്രമിച്ചു.
നായകനായ ഓസ്‌കാർ റെസ്‌ട്രെപോയെ അവതരിപ്പിച്ച യുബെയ്മർ റിയോസിന്റെ പ്രകടനം, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കോമഡി ടെെമിങ്ങും വെെകാരിക രംഗങ്ങളിലെ പ്രകടനവും മികച്ചതായിരുന്നു. റിയോസിന്റെ ആദ്യ ചിത്രം കൂടിയാണിത്. റിയോസും യൂർലേഡിയെ അവതരിപ്പിച്ച റെബേക്ക ആൻഡ്രേഡെയും പ്രൊഫഷണൽ നടന്മാരല്ല എന്നതും സംവിധായകന്റെ വിജയമാണ് പൊയറ്റ് എന്ന് കൃത്യമായി പറയാൻ സാധിക്കും.
Content Highlights: Review of `A Poet` by Simón Mesa Soto, a dark comedy exposing hypocrisy and exploitation in the art world.