പി.വി. ഗംഗാധരൻ മലയാള സിനിമയുടെ സമഗ്രവളർച്ചയ്ക്ക് നേതൃത്വം നൽകിയ വ്യക്തിത്വം- പി.എസ്. ശ്രീധരൻ പിള്ള

പനജി: മലയാള സിനിമയുടെ സമഗ്രവളർച്ചയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പി.വി. ഗംഗാധരനെന്ന് ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള. ഐ.എഫ്.എഫ്.ഐ ഗോവയിലെ മലയാളി കൂട്ടായ്മയായ മണ്ടോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പി. വി.ജി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണ്ണർ.
'നിഷ്കളങ്കമായ മനുഷ്യസ്നേഹത്തിലൂടെയാണ് പി.വി.ജി എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയത്. സ്നേഹഗംഗയായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമയിൽ മലയാള സിനിമയെ ഒരു ശക്തിയാക്കി മാറ്റിയത് ആ സ്നേഹമാണ്. സംഘാടനം ഒരു കലയാക്കിയ പി.വി.ജി. മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതിൽ വഹിച്ച പങ്ക് എന്നും ഓര്‍മിക്കപ്പെടും. ആ പാരമ്പര്യം പി.വി.ജിയുടെ മക്കളിലൂടെ തുടരുന്നു എന്നത് അഭിമാനകരമാണ്'. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
ഫിയാഫിന്റെ വൈസ് പ്രസിഡന്റും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സാരഥിയുമായ, 50 വർഷക്കാലം സിനിമ, വ്യവസായ, സാമൂഹിക, സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന പി.വി. ഗംഗാധരനെ അനുസ്മരിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ഓട്ടൂർ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഹോട്ടൽ ഫിദാൽഗോ ഗോവയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അഡ്വ. എം. രാജൻ, സി.വി. ബാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ. സോമൻ , ദീദി ദാമോദരൻ , പി.വി. ജീജോ, ഹരീഷ് കടയപ്രത്ത്, സി.രമേഷ്, റസ്സൽ ഷാഹുൽ, എം. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
Content Highlights: Goa Governor ps sreedharan pillai about pv gangadharan