‘വീട്ടിൽ പോകണം’; ലോകകപ്പിൽ നിന്ന് പുറത്തായിട്ട് ദിവസങ്ങൾ, ഇന്ത്യയിൽ കുടുങ്ങി വിൻഡീസ് ടീം

ന്യൂഡൽഹി: പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ രാജ്യങ്ങൾ അവരുടെ ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചിരിക്കുകയാണ്. ഒട്ടേറെ വിമാനക്കമ്പനികൾ സർവീസ് നിർത്തിവെക്കുകയും ചെയ്തു. അതോടെ യാത്രക്കാർ വലഞ്ഞു. ലോകകപ്പ് കളിക്കാൻ ഇന്ത്യയിലെത്തിയ വിൻഡീസ് ടീമിനെയും ഇത് ബാധിച്ചു. ലോകകപ്പിൽ നിന്ന് പുറത്തായിട്ട് ദിവസങ്ങളായിട്ടും താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാനായിട്ടില്ല.
വിൻഡീസ് ടീമിന് ഇതുവരെ യാത്രക്കുള്ള ക്ലിയറൻസ് ലഭിച്ചിട്ടില്ല. അതോടെയാണ് താരങ്ങൾ കുടുങ്ങിയത്. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദിവസങ്ങളോളം ഇന്ത്യയിൽ കുടുങ്ങിയതോടെ അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസ് കോച്ച് ഡാരൻ സമി. തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്നഭ്യർഥിച്ച് സമി പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. എനിക്ക് വീട്ടിൽ പോകണം - സമി എക്‌സിൽ കുറിച്ചു.
I just wanna go home
— Daren Sammy (@darensammy88) March 5, 2026
വിഷയത്തിൽ വിൻഡീസ് ടീം ഐസിസിയുമായി ചേർന്ന് ഇടപെടലുകൾ നടത്തുന്നുണ്ട്. സർക്കാർ അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. വിൻഡീസ് ടീം ഇന്ത്യയിൽ തുടരുകയാണെന്നും എപ്പോഴാണ് മടങ്ങുക എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഐസിസി സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറയുന്നു.
സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് വിൻഡീസ് ലോകകപ്പിൽ നിന്ന് പുറത്തായത്. വിജയിച്ച ഇന്ത്യൻ ടീം സെമിയിലേക്ക് മുന്നേറുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണിന്റെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്.
Content Highlights: The West Indies cricket team is unable to return home after their World Cup campaign., Their travel is blocked by flight cancellations due to the escalating conflict in the Middle East., Coach Daren Sammy publicly expressed his desire to go home via social media., The ICC and BCCI are actively working to resolve the situation and arrange their travel.