ഇന്ത്യൻ കളിക്കാർക്ക് കൈ കൊടുക്കാൻ ഞങ്ങൾ തയ്യാർ; പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ

കൊളംബോ: ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരം ശരിയായ മനോഭാവത്തോടെ നടത്തണമെന്ന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ. കൊളംബോയിൽ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആഗ. ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയ്യാറാണെന്ന നിർണായക വെളിപ്പെടുത്തലും ആഗ നടത്തി.
''ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കാര്യമില്ല. പക്ഷേ ക്രിക്കറ്റ് എപ്പോഴും അത് കളിക്കുന്ന രീതിയിൽ തന്നെയാകണം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.'' - ആഗ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരത്തിലാണ് ഹസ്തദാനവിവാദം ചൂടുപിടിച്ചത്. ടൂർണമെന്റിൽ കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. മാത്രമല്ല, ചാമ്പ്യന്മാരായ ഇന്ത്യ പി.സി.ബി ചെയർമാനിൽ നിന്ന് കപ്പ് വാങ്ങില്ലെന്ന് നിലപാട് സ്വീകരിക്കുന്നതിലും മൊഹ്‌സിൻ നഖ്വി കപ്പുമായി കടന്നുകളയുന്നതുവരെയും എത്തി കാര്യങ്ങൾ. ഫൈനൽ കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിച്ചില്ല.
പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം തീർത്തും വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹസ്തദാന വിവാദവും ഉയർന്നുവന്നത്.
കളിക്കാരുടെ ഹസ്തദാനം സംബന്ധിച്ച് ഐ.സി.സി.യുടെ പ്രത്യേക പ്രോട്ടോക്കോൾ ഒന്നുംതന്നെ നിലവിലില്ലെങ്കിലും കളിക്കളത്തിലെ മര്യാദയുടെ പേരിൽ ടീമുകളെല്ലാം അനുവർത്തിച്ചുപോരുന്ന ഒരു ശീലമാണിത്. ഇതാണ് ഏഷ്യാ കപ്പിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
Content Highlights: Pakistan captain Salman Ali Agha states his team is ready to shake hands with Indian players for the upcoming T20 World Cup match. Discusses cricket spirit amidst past controversies.