ഹേസൽവുഡും പുറത്ത്; ലോകകപ്പിന് മുൻപ് വൻ തിരിച്ചടി, സ്റ്റാർ പേസർമാരില്ലാതെ ഓസീസ്

#സ്പോർട്സ് ഡെസ്ക്
ജോഷ് ഹേസൽവുഡ് | AP
ജോഷ് ഹേസൽവുഡ് | AP

സിഡ്‌നി: ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പരിക്കേറ്റ ഏകദിന നായകൻ പാറ്റ് കമ്മിൻസ് പുറത്തായതിന് പിന്നാലെ ഓസീസ് പേസർ ജോഷ് ഹേസൽവുഡും പരിക്കേറ്റ് പുറത്തായി. ആഷസ് പരമ്പര നഷ്ടമായിരുന്ന ഹേസൽവുഡിന് ടി20ലോകകപ്പിന് മുൻപ് പരിക്കിൽ നിന്ന് മുക്തനാവാൻ സാധിച്ചില്ല. ഓസീസ് ബൗളിങ് നിരയ്ക്ക് കനത്ത തിരിച്ചടിയാണ് ഹേസൽവുഡിന്റെ അഭാവം.

പ്രാഥമിക ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ചിരുന്നെങ്കിലും ഓസീസ് പേസർക്ക് കായികക്ഷമത വീണ്ടെടുക്കാനാവാത്തതാണ് വിനയായത്. സൂപ്പർ എട്ട് റൗണ്ടിന് മുൻപായി താരം കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയേക്കുമെന്ന് ടീം സെലക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യം വെച്ച് അതിനുള്ള സാധ്യതയും കുറവാണ്. അതേസമയം ഹേസൽവുഡിന് പകരക്കാരനെ പ്രഖ്യാപിക്കുന്നില്ലെന്നും സെലക്ടർ അറിയിച്ചു.

സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡായിരുന്നു പേസ് നിരയുടെ കുന്തമുന. എന്നാൽ അപ്രതീക്ഷിത പുറത്താകൽ ഓസീസ് സംഘത്തിന് ചെറിയ തിരിച്ചടിയല്ല സമ്മാനിച്ചിരിക്കുന്നത്. പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്ന പാറ്റ് കമ്മിൻസും പുറത്തായതോടെ സൂപ്പർതാരങ്ങളുടെ അഭാവം പേസ് നിരയെ ഉലയ്ക്കുമെന്നുറപ്പ്. സ്റ്റാർക്ക്, ഹേസൽവുഡ്, കമ്മിൻസ് ത്രയങ്ങളില്ലാതെയായിരിക്കും ഓസ്ട്രേലിയ ടി20 ലോകകപ്പിനിറങ്ങുക.

അതേസമയം സ്ക്വാഡിൽ സ്പിന്നർമാർക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ആദം സാംപ, കൂപ്പർ കൊണോലി, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാത്യു കുനെമാൻ എന്നിങ്ങനെ സ്പിന്നർമാരുടെ ധാരാളിത്തമാണ് ടീമിൽ. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ടൂർണമെന്റെന്നതിനാൽ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്.

Content Highlights: Hazlewood ruled out of T20 World Cup 2026