33 പന്തിൽ സെഞ്ചുറി, 12.5 ഓവറിൽ കളിതീർത്ത് അലൻ; സഞ്ജുവിനെയും രോഹിത്തിനെയും മറികടന്നു, റെക്കോഡ്

#സ്പോർട്സ് ഡെസ്ക്
ഫിൻ അലൻ | ANI
ഫിൻ അലൻ | ANI

കൊൽക്കത്ത: ടി20 ലോകകപ്പ് സെമിയിൽ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ന്യൂസിലൻഡിന് ഫൈനൽ ടിക്കറ്റെടുത്തത്. തുടക്കം മുതൽ കത്തിക്കയറിയ ഫിൻ അലനും ടിം സെയ്‌ഫേർട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഒരവസരവും നൽകിയില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 12.5 ഓവറിൽ കിവീസ് മറികടന്നു. ഒരു റൺ വിജയിക്കാൻ വേണ്ടിടത്ത് ഫോറടിച്ചാണ് ഫിൻ അലൻ സെഞ്ചുറി പൂർത്തിയാക്കിയത്. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുൾപ്പെടെ ഒട്ടേറെ റെക്കോഡുകൾ അലൻ തകർത്തു.

33 പന്തിൽ സെഞ്ചുറി തികച്ചാണ് താരം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് നേട്ടത്തിലെത്തിയത്. 2016 ൽ ഇംഗ്ലണ്ടിനെതിരേ വിൻഡീസ് താരം ക്രിസ് ഗെയ്ൽ കുറിച്ച റെക്കോഡാണ് അലന്റെ വെടിക്കെട്ടിന് മുന്നിൽ പഴങ്കഥയായത്. അന്ന് 47 പന്തിലാണ് ഗെയ്ൽ മൂന്നക്കം തൊട്ടത്.

ലോകകപ്പിൽ സെമിയിലോ ഫൈനലിലോ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും അലൻ സ്വന്തം പേരിലാക്കി. ലോകകപ്പിന്റെ സെമി, ഫൈനൽ ഘട്ടങ്ങളിൽ ഇതുവരെ ആരും സെഞ്ചുറി നേടിയിട്ടില്ല. 2009 സെമിയിൽ ലങ്കയ്ക്കായി തിലകരത്‌നെ ദിൽഷൻ നേടിയ 96 റൺസായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്‌കോർ. ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരേ നേടുന്ന അതിവേഗ ടി20 സെഞ്ചുറിയാണിത്. രോഹിത് ശർമയുടെയും ഡേവിഡ് മില്ലറിന്റെയും റെക്കോഡാണ് അലൻ മറികടന്നത്. 2017 ൽ ലങ്കയ്‌ക്കെതിരേ രോഹിത് ശർമയും മില്ലർ ബംഗ്ലാദേശിനെതിരേയും 35 പന്തിൽ സെഞ്ചുറി നേടിയിരുന്നു.

ഈഡൻ ഗാർഡൻസ് സ്‌റ്റേഡിയത്തിൽ പിറക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണിത്. ഈ ലോകകപ്പിൽ വിൻഡീസിനെതിരേ സഞ്ജു നേടിയ 97 റൺസായിരുന്നു ഈഡനിലെ ഇതിന് മുൻപുള്ള ഉയർന്ന സ്‌കോർ. ഒരു കിവീസ് താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറി കുറിച്ച അലൻ ഒരു ടി20 ലോകകപ്പിൽ 20 സിക്‌സറുകൾ നേടുന്ന ആദ്യ താരമായും മാറി.

Content Highlights: Finn Allen scored the fastest T20 World Cup century in just 33 balls., Broke Chris Gayle's previous record of 47 balls., First player to score a century in a T20 World Cup semi-final or final.