യുവരാജിനോടുള്ള ആരാധനയിൽ മകന് പേരിട്ടു, കന്നി ലോകകപ്പിൽ റെക്കോഡ് കുറിച്ച് കാനഡ താരം

ട്വന്റി 20 ക്രിക്കറ്റിൽ ഒരോവറിൽ ആറു സിക്സും 12 പന്തിൽ അർധസെഞ്ചുറിയും കുറിച്ച് റെക്കോഡ് സൃഷ്ടിച്ചിരുന്നു ഇന്ത്യയുടെ മുൻ താരം യുവരാജ് സിങ്. 2007-ലെ പ്രഥമ ടി 20 ലോകകപ്പിലാണത്. അക്കാലത്ത് ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് കുടിയേറിയ ബൽജിത്ത് ശർമ, യുവരാജിനോടുള്ള ആരാധനയിൽ തന്റെ മകന് യുവരാജ് സമ്ര എന്നു പേരിട്ടു. ആ കുട്ടി ക്രിക്കറ്റ് താരമായി വളർന്നു. കാനഡ ടീമിലെത്തി. തന്റെ കന്നി ലോകകപ്പിൽ യുവരാജ് സമ്രയും റെക്കോഡ് കുറിച്ചു.
ലോകകപ്പ് ഗ്രൂപ്പ് ഡി-യിൽ ചൊവ്വാഴ്ച ന്യൂസീലൻഡിനെതിരേ 58 പന്തിൽ നൂറു റൺസ് തികച്ച സമ്ര, ട്വന്റി 20 ലോകകപ്പിൽ സെഞ്ചുറിനേടുന്ന പ്രായംകുറഞ്ഞ ബാറ്ററായി. 19 വയസ്സും 141 ദിവസവുമാണ് പ്രായം. 65 പന്തിൽ 110 റൺസടിച്ച ഓപ്പണർ 11 ഫോറും ആറു സിക്സും കണ്ടെത്തി. 22 വയസ്സിൽനിൽക്കേ 2014 ലോകകപ്പിൽ സെഞ്ചുറികുറിച്ച പാകിസ്താന്റെ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോഡ് മറികടന്നു.
കഴിഞ്ഞ മാർച്ചിൽ കാനഡ ദേശീയടീമിലെത്തിയ യുവരാജ് സമ്രയുടെ 19-ാം അന്താരാഷ്ട്ര മത്സരമാണിത്. നേരത്തേ, ലോകകപ്പ് യോഗ്യതാറൗണ്ടിൽ ബഹാമസിനെതിരേ 15 പന്തിൽ അർധസെഞ്ചുറി നേടി യിരുന്നു.
2007-ൽ യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരേ 12 പന്തിൽ അർധസെഞ്ചുറി നേടുമ്പോൾ യുവരാജ് സമ്രയ്ക്ക് ഒരു വയസ്സ് തികഞ്ഞിരുന്നില്ല. ആ ലോകകപ്പിനിടെ യുവരാജ് സിങ്ങിനെ ബൽജിത് നേരിട്ടുകണ്ടിട്ടുണ്ട്. തന്റെ മകന്റെ പേര് യുവരാജാണെന്ന് പറഞ്ഞപ്പോൾ ‘ഓ.. നൈസ്...’ എന്ന് ചിരിയോടെ മറുപടിനൽകിയതായി ബൽജിത്ത് ഓർക്കുന്നു. കഴിഞ്ഞവർഷം രണ്ടു യുവരാജുമാരും നേരിൽ കണ്ടുമുട്ടി. ഇന്ത്യൻ യുവരാജിനെപ്പോലെ സമ്രയും ഇടംകൈയൻ ബാറ്ററാണ്. കാനഡയ്ക്കുവേണ്ടി 19 ട്വന്റി 20- മത്സരങ്ങളിൽ നിന്നായി 569 റൺസ് നേടി. ആദ്യ സെഞ്ചുറിയാണിത്. മൂന്ന് അർധസെഞ്ചുറിയുമുണ്ട്. എട്ട് ഏകദിനവും കളിച്ചു. ചൊവ്വാഴ്ച യുവരാജ് സമ്ര തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും കാനഡയ്ക്ക് ജയിക്കാനായില്ല.
Content Highlights: yuvraj samra record t20 world cup