സ്റ്റോയിനിസ് കരുത്തിൽ വരവറിയിച്ച് ഓസീസ്, ഒമാനെ 39 റൺസിന് തകർത്തു

ബാർബഡോസ്(വെസ്റ്റ് ഇൻഡീസ്): ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് വിജയത്തുടക്കം. ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൻ ഒമാനെ 39 റൺസിനാണ് കങ്കാരുപ്പട കീഴടിക്കിയത്. വെസ്റ്റ് ഇൻഡീസിലെ ബാർഡോസിൽ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ വിജയിച്ചതോടെ ഓസീസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. സ്കോർ: ഓസ്ട്രേലിയ-164/5 (20 ഓവർ). ഒമാൻ- 125/9 (20 ഓവർ).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം പരുങ്ങലോടെയായിരുന്നു. വിശ്വസ്തനായ ഓപ്പണർ ട്രാവിസ് ഹെഡിനെ തുടക്കത്തിലെ ഓസീസിന് നഷ്ടമായി. എട്ടോവറിൽ 50-3 എന്ന നിലയിലെത്തിയെങ്കിലും പിന്നീട് ഒരുമിച്ച ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ട് സ്കോർബോർഡ് ചലിപ്പിച്ചു. 102 റൺസിന്റെ ശക്തമായ കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി. 36 ബോളിൽ 67 റൺസ് അടിച്ചുകൂട്ടിയ സ്റ്റോയിനിസ് പുറത്താകാതെ നിന്നു. 51 പന്തിൽ നിന്നും 56 റൺസാണ് വാർണർ സ്വന്തമാക്കിയത്.
ഓസ്ട്രേലിയ ഉയർത്തിയ 165 റൺസ് എന്ന വിജയലക്ഷ്യം ഒമാന് കടുത്ത വെല്ലുവിളിയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ കശ്യപ് പ്രജാപതിയെ ഒമാന് നഷ്ടമായി. ബാറ്റുകൊണ്ട് ഉശിരുകാട്ടിയ സ്റ്റോയിനിസ് ബൗളിങ്ങിലും തിളങ്ങിയതോടെ ഒമാൻ്റെ പോരാട്ടം 125 റൺസിൽ ഒതുങ്ങി. മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി സ്റ്റോയിനിസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാർക്കസ് സ്റ്റോയിനിസ് തന്നെയാണ് കളിയിലെ താരം.
നേരത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിലും ഒമാൻ പരാജയം രുചിച്ചിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നമീബിയയാണ് ഒമാനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഒമാൻ.
Content Highlights: icc t20 world cup 2024 australia vs oman