5 പന്തില്‍ 4 വിക്കറ്റ്, അതില്‍ത്തന്നെ ഹാട്രിക്, ഓവറാവട്ടെ മെയ്ഡനും; USനെതിരേ കളി കളറാക്കി ജോര്‍ദാന്‍

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ ഉള്‍പ്പെടെ തോല്‍പ്പിച്ചും ഇന്ത്യയെവരെ വിറപ്പിച്ചും സൂപ്പര്‍ എട്ട് കടന്ന ടീമാണ് യു.എസ്.എ. കന്നി ലോകകപ്പില്‍തന്നെ വന്‍ വരവറിയിക്കാന്‍ യു.എസിനായി. ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നിറഞ്ഞ ടീമാണ് യു.എസ്.
സൂപ്പര്‍ എട്ടില്‍ ഇന്ന് ഇംഗ്ലണ്ടിന് മുന്നില്‍ പക്ഷേ, അതിന്റെ നിഴല്‍പോലും ആവാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നതാണ് വസ്തുത. ബാര്‍ബഡോസിലെ പിച്ചില്‍ തരക്കേടില്ലാത്ത തുടക്കം കിട്ടിയതാണ്. പക്ഷേ, ഇംഗ്ലണ്ട് പേസര്‍ ആദില്‍ റാഷിദും ക്രിസ് ജോര്‍ദാനും ചേര്‍ന്ന് യു.എസിനെ കശക്കിയെറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. വലിയ വരവുവന്നവര്‍ നാണക്കേടിന്റെ ചില റെക്കോഡുകള്‍ക്കൂടി സ്വന്തമാക്കി തിരിച്ചുപോവുകയാണ്.
പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലായിരുന്നു. 17-ാം ഓവറില്‍ 115-ല്‍ അഞ്ച് എന്ന നിലയിലും. അവിടം മുതല്‍ ചില ക്രിക്കറ്റ് ചരിത്രങ്ങള്‍ സംഭവിച്ചു. അത് ഇംഗ്ലണ്ടിന് മേനി നടിക്കാനാവുന്നതും യു.എസിന് നാണക്കേട് ഉളവാക്കുന്നതുമായ നിമിഷങ്ങളായിരുന്നു. 115-ല്‍ അഞ്ച് എന്ന നിലയിലായിരുന്ന ടീം, 115-ല്‍ പത്ത് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നു പറഞ്ഞാല്‍ തുടര്‍ന്നുള്ള അഞ്ച് വിക്കറ്റുകള്‍ക്കിടയില്‍ ഒരു സിംഗിള്‍പോലും യു.എസിന് നേടാനായില്ല.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് രണ്ടേ രണ്ട് തവണയാണ് ഒരേ സ്‌കോറില്‍ നില്‍ക്കേ അഞ്ച് വിക്കറ്റുകള്‍ പോവുന്നത്. അതിലൊരു ടീം ഓസ്‌ട്രേലിയയാണ്. 2010-ല്‍ പാകിസ്താനെതിരേ 191-ല്‍ അഞ്ച് എന്ന നിലയിലായിരുന്ന ഓസീസ്, തുടര്‍ന്നുള്ള അഞ്ച് വിക്കറ്റുകളും അതേ സ്‌കോറില്‍ കളഞ്ഞുകുളിച്ചു. മറ്റൊന്ന് 2022-ല്‍ നടന്ന കെനിയ-മാലി മത്സരത്തിലാണ്. എട്ടില്‍ ഒന്ന് എന്ന നിലയിലായിരുന്ന മാലി, എട്ടില്‍ ആറ് എന്ന നിലയിലേക്ക് വീണു. മൂന്നാമത്തെ ചരിത്രമാണ് ഞായറാഴ്ച പിറന്നത്.
ഒരേ സ്‌കോറില്‍ നില്‍ക്കേ, യു.എസിന്റെ അഞ്ചുപേരെ കെട്ടുകെട്ടിച്ച ബൗളര്‍മാരുണ്ടാവുമല്ലോ. അവര്‍ക്കാണ് ഹീറോ പരിവേഷം കിട്ടുക. ഇംഗ്ലണ്ടിന്റെ പേസര്‍ ക്രിസ് ജോര്‍ദാനാണ് ആ പകിട്ട് നല്‍കേണ്ടത്. തുടര്‍വേട്ടയ്ക്ക് തുടക്കമിട്ടത് പക്ഷേ, സാം കറനാണ്. 18-ാം ഓവറിലെ അവസാന പന്തില്‍ സാം കറന്‍ ഹര്‍മീത് സിങ്ങിനെ പുറത്താക്കി. അതോടെ 115-ല്‍ 6.
അടുത്ത ഓവര്‍ എറിയാനെത്തിയത് ക്രിസ് ജോര്‍ദാന്‍. ജോര്‍ദാന്‍ അതിന്റെ മുന്‍പ് എറിഞ്ഞ രണ്ട് ഓവറുകളില്‍ 10 റണ്‍സ് വിട്ടുനല്‍കിയിരുന്നു. 19-ാം ഓവറിലെ ആദ്യ പന്തില്‍ കോറി ആന്‍ഡേഴ്‌സന്‍ പുറത്ത്. അടുത്ത പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ അലി ഖാന്‍ ക്ലീന്‍ ബൗള്‍ഡ്. നാലാം പന്തില്‍ നൊഷ്തുഷ് കെന്‍ജിഗെ ക്യാച്ചായും അഞ്ചാം പന്തില്‍ നേത്രവാല്‍ക്കര്‍ ബൗള്‍ഡായും മടങ്ങി. ആറാം പന്ത് നേരിടാന്‍ യു.എസ്. നിരയില്‍ ഇനിയാരും ബാക്കിയുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ അഞ്ച് പന്തെറിഞ്ഞതില്‍ നാലിലും വിക്കറ്റ്. അതില്‍ത്തന്നെ ഹാട്രിക്ക്. ഓവറാവട്ടെ മെയ്ഡന്‍.
നേട്ടത്തോടെ ചില ചരിത്രങ്ങളും ക്രിസ് ജോര്‍ദാന്റെ കൂടെപ്പോന്നു. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ലോകതലത്തില്‍ എട്ടാമത്തെയും ഇംഗ്ലണ്ടിന്റെ ആദ്യത്തെയും ബൗളറാവാന്‍ ജോര്‍ദാന് കഴിഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറുമാണ്. ഈ ടി20 ലോകകപ്പില്‍ പാറ്റ് കമിന്‍സ് (രണ്ടുവട്ടം), ജോര്‍ദാന്‍ എന്നിവര്‍ മാത്രമേ ഹാട്രിക് നേടിയിട്ടുള്ളൂ. അതിനിടെ ടി20 ലോകകപ്പില്‍ ഒരോവറില്‍ നാല് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാവാനും ജോര്‍ദാന് കഴിഞ്ഞു. 2021-ല്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ദക്ഷിണാഫ്രിക്കയുടെ കുര്‍ത്തിസ് കാംപ്ഹറും ഒരോവറില്‍ നാല് വിക്കറ്റ് നേടിയിരുന്നു.
Content Highlights: england pacer chris jordan scripts history with hat trick vs usa in t20 wc