IPLലെ വെടിക്കെട്ടുകാരനെ നോട്ടമിട്ട് ഓസ്‌ട്രേലിയ;ലോകകപ്പ് റിസര്‍വ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കും

മെല്‍ബണ്‍: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ റിസര്‍വ് താരങ്ങളായി യുവതാരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെയും മാത്യൂ ഷോര്‍ട്ടിനെയും ഉള്‍പ്പെടുത്താന്‍ സാധ്യത. ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് മക്ഗുര്‍ക്കിന്റെ സാധ്യതകളിലേക്ക് വഴിതെളിച്ചത്.
ട്രാവലിങ് റിസര്‍വ് ആയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. ഓപ്പണിങ് ബാറ്ററായി മികച്ച തുടക്കം നല്‍കുന്ന മക്ഗുര്‍ക്ക് ഇതുവരെ ഓസ്‌ട്രേലിയക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിട്ടില്ല. ഓസ്‌ട്രേലിയയുടെ പതിനഞ്ചംഗ സ്‌ക്വാഡില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായി പരിചയസമ്പന്നരായ ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുണ്ട്.
ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ അരങ്ങേറ്റം കുറിച്ച മക്ഗുര്‍ക്ക്, സീസണില്‍ വിസ്മയാവഹമായ ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ഒന്‍പത് മത്സരങ്ങൡ നാല് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 330 റണ്‍സ് നേടി. 234.04 സ്‌ട്രൈക്ക് റേറ്റോഡെയാണ് ഈ പ്രകടനം. ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ ടീമിന് വെളിയിലായിരുന്ന താരം, മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയതായിരുന്നു. തുടര്‍ന്ന് ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. ഐ.പി.എലില്‍ രണ്ടുതവണ 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഏകതാരമാണ് മക്ഗുര്‍ക്ക്. രണ്ടും ഒരു സീസണില്‍ത്തന്നെ നേടി എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഒരു കളിയില്‍ 19 പന്തിലും അര്‍ധ സെഞ്ചുറി നേടി.
അതേസമയം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയന്‍ ടീം മേയ് 23-ന് പുറപ്പെടും. ട്രിനിഡാഡിലെത്തിയശേഷം പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. തുടര്‍ന്ന് 28-ന് നമീബിയക്കെതിരെയും 30-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരിശീലന മത്സരം കളിക്കും. ഐ.പി.എലില്‍ കളിക്കുന്ന ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ പിന്നീട് ടീമിനൊപ്പം ചേരും. ബാര്‍ബഡോസില്‍ ജൂണ്‍ അഞ്ചിന് ഒമാനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് മത്സരം.
Content Highlights: australia likely to name jake fraser mcgurk as reserves for t20 world cup