ഇന്ത്യയ്ക്ക് ചിരികള്‍ കളഞ്ഞുപോയ രാത്രി...

ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ അപരാജിതകുതിപ്പ് ഫൈനലില്‍ അവസാനിച്ചു. ചുണ്ടോളമെത്തിയ കപ്പ് നഷ്ടമായതിന്റെ വേദന നിറഞ്ഞതായിരുന്നു മത്സരശേഷമുള്ള ഇന്ത്യയുടെ ഡ്രസ്സിങ് റൂം
ആ രാത്രിയിലും എന്നത്തേയുംപോലെ അവര്‍ ഡ്രസ്സിങ് റൂമില്‍ ഒന്നിച്ചിരുന്നു. അന്നുവരെകണ്ട മുഖങ്ങളായിരുന്നില്ല അവര്‍ക്ക്... മൊട്ടേരയിലെവിടെയോ അവരുടെ ചിരികള്‍ ആ രാത്രിയില്‍ കളഞ്ഞുപോയിരുന്നു. ചിലര്‍ മുഖത്ത് ചിരി ഒട്ടിച്ചുവെക്കാന്‍ ശ്രമിക്കുന്നു. മറ്റുചിലര്‍ എല്ലാം നഷ്ടമായവരെപ്പോലെ മുഖംകുനിച്ചിരിക്കുന്നു. ലോകകപ്പ് കൈയകലത്തില്‍ നഷ്ടമായെന്ന് വിശ്വസിക്കാന്‍പറ്റാത്തവര്‍ ഇടയ്ക്കിടെ കണ്ണുതുടച്ചു.
ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് പറഞ്ഞു തുടങ്ങി: ''രാഹുല്‍ഭായ് (രാഹുല്‍ ദ്രാവിഡ്) പറഞ്ഞതുപോലെ, നമ്മള്‍ കളിച്ച രീതിയില്‍ നമുക്ക് അഭിമാനിക്കാം... അറിയാം നിങ്ങളെല്ലാം വേദനയിലാണ്... എന്നത്തേയുംപോലെ ഇന്നും ഫീല്‍ഡിങ് മെഡലുണ്ട്... ടീമിലെ എല്ലാവര്‍ക്കും ഒരുപോലെ പ്രചോദനമാകുന്ന വിരാട് കോലിയാണ് ഇന്നത്തെ മികച്ച ഫീല്‍ഡര്‍...'' ചിരിച്ചെന്നു വരുത്തിക്കൊണ്ട് വിരാട് എഴുന്നേറ്റു. രവീന്ദ്ര ജഡേജയ്ക്കായിരുന്നു മെഡല്‍നല്‍കാനുള്ള ഊഴം. ഇരുവരും അതതിടങ്ങളിലേക്ക് മടങ്ങി. പതിവ് ആരവങ്ങളില്ല, ബെസ്റ്റ് ഫീല്‍ഡറെ കെട്ടിപ്പിടിക്കലില്ല... ലോകകപ്പിലെ ആദ്യമത്സരത്തില്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള മത്സരത്തിലായിരുന്നു ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍ തുടങ്ങിയത്. അന്നും വിരാടിനായിരുന്നു ആദ്യമെഡല്‍. വിരാടില്‍ തുടങ്ങിയത് വിരാടില്‍ തീര്‍ന്നു.
വിതുമ്പലടക്കാന്‍ പാടുപെടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, തൊപ്പിയാല്‍ മുഖംമറച്ച് നടന്നുപോകുന്ന വിരാട് കോലി, പൊട്ടിക്കരയുന്ന മുഹമ്മദ് സിറാജിനെ ആശ്വസിപ്പിക്കുന്ന ജസ്പ്രീത് ബുംറ... ഒടുവിലെ ചിരി ഒസീസിന്റേതായപ്പോള്‍ ഇന്ത്യയുടെ അവസ്ഥയായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ ടീമിന് ലോകകപ്പ് സമ്മാനിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്കാണ് ചെന്നത്. ഓരോരുത്തരേയും കൈപ്പിടിച്ചും കെട്ടിപ്പുണര്‍ന്നും ആശ്വസിപ്പിച്ചശേഷമാണ് മോദി മൈതാനംവിട്ടത്. ചന്ദ്രയാന്‍ ദൗത്യം 2019-ല്‍ പരാജയപ്പെട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ അന്നത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവനെ ആശ്വസിപ്പിച്ചതുപോലെ. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണിതെന്നകാര്യത്തില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ല.
Content Highlights: India heartbreaking defeat in the World Cup final