ഇത്രയും തവണ ടോസ് നഷ്ടപ്പെട്ട മറ്റൊരു ടീമില്ല; ഇന്ത്യ മത്സരം ആരംഭിച്ചത് ഈ റെക്കോഡോടെ

ദുബായ്; ചാമ്പ്യന്‍സ്ട്രോഫിയിലെ ഗ്ലാമര്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് ലോകം. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴൊക്കെ അതിന് സാധാരണപോരാട്ടത്തിനപ്പുറമുള്ള മാനം കൈവരാറുണ്ട്. ഇക്കുറി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴും സമാനമാണ് സ്ഥിതി. ഞായറാഴ്ച ടോസിന്റെ ഭാഗ്യം പാകിസ്താനാണ് ലഭിച്ചത്. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. അതോടെ ഇന്ത്യക്ക് നിരാശയുടെ ഒരു റെക്കോഡും സ്വന്തമായി.
ഏകദിനക്രിക്കറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ ടോസ് നഷ്ടപ്പെടുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യക്ക് സ്വന്തമായത്. ഇത് തുടര്‍ച്ചയായ 12-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേയും ടീമിന് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതലാണ് ഇന്ത്യക്ക് ടോസില്‍ നിര്‍ഭാഗ്യം വന്നുതുടങ്ങിയത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസീസ് ടോസ് നേടിയതുമുതല്‍ പിന്നീടൊരു ഏകദിനത്തിലും ടീമിനെ ടോസ് തുണച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കെതിരേ പരമ്പര കളിച്ചപ്പോഴെല്ലാം സമാനമായിരുന്നു സ്ഥിതി. 11 തവണ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്സിന്റെ പേരിലായിരുന്നു ഇതിന് മുമ്പ് ടോസ് നിര്‍ഭാഗ്യത്തിന്റെ റെക്കോഡ്.
Content Highlights: India Lose Record 12th Toss In A Row As Pakistan Opt To Bat