സൂപ്പര്‍ കപ്പ്; ഒഡിഷയോടും തോറ്റു, ഐസ്വാള്‍ പുറത്ത്

മഞ്ചേരി: സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിയെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ഒഡിഷയുടെ ആദ്യ ജയമാണിത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഐസ്വാള്‍ സെമി കാണാതെ പുറത്തായി.
നന്ദകുമാര്‍, ഡിയഗോ മൗറീസിയോ, വിക്ടര്‍ റോഡ്രിഗസ്, എന്നിവരാണ് ഒഡിയ്ക്കായി സ്‌കോര്‍ ചെയ്തത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47-ാം മിനിറ്റിലായിരുന്നു ഒഡിഷയുടെ ആദ്യ ഗോള്‍. ഒരു കോര്‍ണറിനൊടുവില്‍ ഐസ്വാള്‍ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ച ഒഡിഷ ക്യാപ്റ്റന്‍ ഡിയഗോ മൗറീസിയോ പന്ത് വലയിലാക്കുകയായിരുന്നു.
55-ാം മിനിറ്റില്‍ വിക്ടര്‍ റോഡ്രിഗസിലൂടെ ഒഡിഷ ലീഡുയര്‍ത്തി. ഒഡിഷ ഹാഫില്‍ നിന്നുണ്ടായ മുന്നേറ്റത്തില്‍ പന്ത് ലഭിച്ച ജെറി അത് ബോക്‌സില്‍ സ്വതന്ത്രനായി നിന്നിരുന്ന വിക്ടറിന് നീട്ടുന്നു. ഐസ്വാള്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെ താരം പന്ത് വലയിലെത്തിച്ചു.
ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു ഒഡിഷയുടെ മൂന്നാം ഗോള്‍. മൗറീസിയോ ബോക്‌സിലേക്കടിച്ച പന്ത് റീബൗണ്ടായി എത്തിയത് നന്ദകുമാര്‍ ഗോളാക്കുകയായിരുന്നു. പിന്നാലെ ഒഡിഷയ്ക്ക് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും മൗറീസിയോയുടെ കിക്ക് വന്‍ലാല്‍ ഹൃയത്പുയിയ രക്ഷപ്പെടുത്തി.
Content Highlights: Super Cup 2023 Odisha FC beat Aizawl FC