സൂപ്പര്‍ കപ്പ്; ഹൈദരാബാദിനെതിരേ ജയം, ഒഡിഷ സെമിയില്‍

#മിഥുൻ ഭാസ്‌കർ
ഹൈദരാബാദ് എഫ്‌സിക്കെതിരെ ഒഡിഷയുടെ വിജയഗോൾ നേടിയ വിക്ടർ റോഡ്രിഗസിനെ (വലത്ത്‌) അഭിനന്ദിക്കുന്ന ഡീഗോ മൗറിഷ്യോ. ടീമിന്റെ ആദ്യഗോൾ നേടിയത് മൗറീഷ്യോയായിരുന്നു| ഫോട്ടോ അജിത്ത് ശങ്കരൻ
ഹൈദരാബാദ് എഫ്‌സിക്കെതിരെ ഒഡിഷയുടെ വിജയഗോൾ നേടിയ വിക്ടർ റോഡ്രിഗസിനെ (വലത്ത്‌) അഭിനന്ദിക്കുന്ന ഡീഗോ മൗറിഷ്യോ. ടീമിന്റെ ആദ്യഗോൾ നേടിയത് മൗറീഷ്യോയായിരുന്നു| ഫോട്ടോ അജിത്ത് ശങ്കരൻ

മഞ്ചേരി: സമനില മാത്രം മതിയായിരുന്നു സൂപ്പർ കപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ബി-യിൽ നിന്ന് ഒഡിഷ എഫ്.സി.ക്ക് സെമിയിലെത്താൻ. എന്നാൽ ഹൈദരാബാദ് എഫ്.സി.ക്കെതിരേ ആധികാരിക ജയത്തോടെ അവർ സെമിയിൽ കടന്നു (2-1). ഒഡിഷക്കായി ഡീഗോ മൗറീഷ്യോ(54), വിക്ടർ റോഡ്രിഗസ്‌ റൊമേരോ(86) എന്നിവർ ഗോൾ നേടി. ഹൈദരാബാദിനായി ജാവിയർ സിവേരിയോ ടോറോ(11) ഗോൾ കണ്ടെത്തി. 22- ന് ഗ്രൂപ്പ് ഡി-യിലെ ജേതാക്കളുമായാണ് ഒഡിഷയുടെ സെമി ഫൈനൽ.

11-ാം മിനിറ്റിൽ ഒഡിഷയെ ഞെട്ടിച്ച് ഹൈദരാബാദ് മുന്നിലെത്തി. വലത് വിങിൽ നിന്ന് ബോർജ ഹേരേര ഗോൺസാലസ് ബോക്സ് ലക്ഷ്യമാക്കി നൽകിയ ഹൈ ബോൾ ഹെഡ് ചെയ്ത് സ്പെയിൻ താരം ജാവിയർ സിവേരിയോ ടോറോ വലയിലാക്കി.

54-ാം മിനിറ്റിൽ ഒഡിഷയുടെ സമനില ഗോൾ വന്നു. ബ്രസീൽ താരം മൗറീഷ്യോയുടെ വകയായിരുന്നു ഗോൾ. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിൽ ഒഡിഷ ഗോളി അമരീന്ദർ സിങ് തട്ടി മാറ്റിയ പന്ത് ഹെഡ് ചെയ്തായിരുന്നു വലയിലെത്തിയത്.

86-ാം മിനിറ്റിൽ വിജയ ഗോൾ പിറന്നു. ഡീഗോ മൗറീഷ്യോ നൽകിയ പാസ് വിക്ടർ റോഡ്രിഗസ്‌ റൊമേരോ വലയിലെത്തിച്ചു.

ഗ്രൂപ്പിൽ ഏഴു പോയിന്റാണ് ഒഡിഷ നേടിയത്. ഹൈദരാബാദ് (നാല്) ഈസ്റ്റ് ബംഗാളിൾ (മൂന്ന്) ഐസോൾ (ഒന്ന്) ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.

ഈസ്റ്റ്‌ ബംഗാൾ പുറത്ത്‌

: ജയിച്ചാൽ സൂപ്പർ കപ്പ് ഫുട്‌ബോളിൽ സെമിസാധ്യതയുണ്ടായിരുന്ന ഈസ്റ്റ് ബംഗാളിനെ സമനിലയിൽ കുരുക്കി ഐസോൾ എഫ്.സി. (2-2). ഇതോടെ ഗ്രൂപ്പ് ബി-യിൽനിന്ന് ഈസ്റ്റ് ബംഗാൾ സെമികാണാതെ പുറത്തായി. ഐസോൾ നേരത്തേ പുറത്തായിരുന്നു. ഹൈദരാബാദ് എഫ്.സി.-ഒഡിഷ എഫ്.സി. മത്സരഫലമാകും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്നത്.

ഈസ്റ്റ് ബംഗാളിനായി മഹേഷ് സിങ് (11), സുമീത് പാസി (21) എന്നിവരും ഐസോളിനായി എച്ച്.കെ. ഹ്രയാത്തിയ (42), ഡേവിഡ് ലാൽസംഗ (48) എന്നിവരും ലക്ഷ്യംകണ്ടു.

Content Highlights: hero super cup odisha