ഹോട്ടലുകളുടെ ശുചിത്വവും ഗുണമേൻമയും തിരിച്ചറിയാം; മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ

കോഴിക്കോട്: ഗുണമേൻമയേറിയ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു.
മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനത്തിന് ഹോട്ടലുകളുടെ ശുചിത്വവും ഗുണമേൻമയും തിരിച്ചറിയാം. ഹോട്ടലുകളുടെ ഫോട്ടോയ്ക്കു പുറമെ, അടുക്കളയുടെയും തീൻമേശമുറികളുടെയും ചിത്രങ്ങളും ആപ്ലിക്കേഷനിലൂടെ പ്രദർശിപ്പിക്കും. ഭക്ഷ്യലൈസൻസിന്റെ കാര്യവും വ്യക്തമാക്കും. എന്നാൽഈ ആപ്ലിക്കേഷൻ വഴി ഭക്ഷണം വാങ്ങാൻ സൗകര്യമുണ്ടാകില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് മാതൃഭൂമിയോട് പറഞ്ഞു.
അഞ്ചുമുതൽ ഒന്നുവരെയുള്ള സ്റ്റാറുകൾ നൽകി കൂട്ടത്തിലെ മികച്ചവയെ എടുത്തുകാണിക്കാനും ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് വിഭാഗമാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.
കേന്ദ്രസർക്കാർ ഭക്ഷണശാലകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിങ് കേരളത്തിലും പുരോഗമിക്കുന്നുണ്ട്. ഇതിനകം 500 ഹോട്ടലുകൾ ഇതിൽ അംഗീകാരം കിട്ടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളാകും മൊബൈൽ ആപ്ലിക്കേഷനിൽ ആദ്യം ഉൾപ്പെടുക.
ഹോട്ടലുകളിൽ പരിശോധന നടത്തി അക്രഡിറ്റേഷൻ നൽകുന്നതിന്റെ ചെലവ് നിലവിൽ സംസ്ഥാനം തന്നെയാണ് വഹിച്ചിട്ടുള്ളത്. ഏതെങ്കിലും ഹോട്ടലുകൾക്ക് ഈ സരർട്ടിഫിക്കേഷൻ ആവശ്യമെങ്കിൽ ഫീസടച്ച് പരിശോധനയ്ക്ക് വിധേയമായി സർട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്യാം.
തെരുവോരങ്ങളിലെല്ലാം കൂണുപോലെ ഭക്ഷണശാലകൾ പൊങ്ങിവരുന്നതിനിടെ ഇത്തരം ഗുണമേന്മാ പരിശോധനയ്ക്ക് പ്രാധാന്യമേറുകയാണ്.
ചരിത്രം: 2018-ലാണ് ലോകാരോഗ്യസംഘടന ഭക്ഷ്യസുരക്ഷാ അവബോധം ജനങ്ങളിൽ കൂടുതലായി എത്തിക്കുന്നതിന് ഒരു ദിനാചരണം തീരുമാനിച്ചത്. എല്ലാവർഷവും ജൂൺ ഏഴ് ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ള്യു.എച്ച്.ഒ.) പുറമേ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയും (എഫ്.എ.ഒ.) ഈ തീരുമാനത്തിനുപിന്നിലുണ്ട്.
കേന്ദ്രം നടത്തിയ മത്സരത്തിൽ കേരളഹോട്ടലുകൾ മുന്നിൽ
കോഴിക്കോട്: മികവുറ്റരീതിയിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം നടത്തിയ ഈറ്റ് റൈറ്റ് മത്സരത്തിൽ കേരളത്തിന് നേട്ടം. വൻനഗരങ്ങളോട് മത്സരിക്കാൻ കേരളത്തിൽനിന്ന് കാസർകോട്, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് മത്സരിച്ചത്.
കാസർകോട് ബേക്കലിൽ ഉൾപ്പെടെ രണ്ടിടത്ത് ഭക്ഷ്യത്തെരുവ് രൂപപ്പെട്ടതാണ് നേട്ടത്തിന്റെ ഒരുകാരണം. കേന്ദ്രതലത്തിൽ ജേതാക്കളെ ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി കേരളത്തിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനൊന്ന് പ്രധാന പരാന്നഭോജികൾ (പാരസൈറ്റുകൾ) കാരണം ഒരുവർഷം 4.84 കോടി ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.
കേടായ ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ (പരാന്നഭോജി), രാസപദാർഥങ്ങൾ എന്നിവ കാരണം 200-ലേറെ രോഗങ്ങൾ പിടിപെടുന്നുണ്ട്.
കേടുവന്ന ഭക്ഷണം കാരണം വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങൾ വന്ന് അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ മരിക്കുന്നുണ്ട്. വയറിളക്കം കാരണമുള്ള ശിശുമരണങ്ങളിൽ ആറിൽ ഒന്നിന്റെ കാരണം ഭക്ഷ്യവിഷബാധയാണ്.
ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
നല്ലവണ്ണം കഴുകുക
പാകം ചെയ്യുന്നതിന് മുമ്പായി ഭക്ഷ്യവസ്തുക്കൾ നല്ലവണ്ണം കഴുകണം. പുറമേയുള്ള കീടനാശിനിയും ബാക്ടീരിയയും ഉൾപ്പെടെയുള്ള കേടുകൾ ഇങ്ങനെ നീക്കാൻ സാധിക്കണം. മത്സ്യം, മാംസം, മുട്ട എന്നിവയുടെ കാര്യത്തിലും ശുചീകരണം ഏറെ ആവശ്യമാണ്.
അകൽച്ച, അത്യാവശ്യം
മത്സ്യം, മാംസം, മുട്ട എന്നിവ എത്ര വൃത്തിയാക്കിയവാണെങ്കിലും ഇവ ഫ്രിഡ്ജിലും മറ്റുമായി സൂക്ഷിക്കുമ്പോൾ അതിന് പ്രത്യേകമായി പാത്രങ്ങളും ഇടങ്ങളും നിശ്ചയിക്കണം. മറ്റ് ഭക്ഷ്യവസ്തുക്കളുമായി ഇവ കൂടിച്ചേരുന്നത് ഒഴിവാക്കണം. സൂക്ഷിക്കുമ്പോൾ കൂടുതൽ തണുപ്പ് വേണ്ടവ ഫ്രീസറിൽത്തന്നെയും കുറഞ്ഞ തണുപ്പ് വേണ്ട പച്ചക്കറിപോലുള്ളവ താഴെഭാഗത്തും വെക്കുക. ഇവ മുറിക്കുന്നതിന് പ്രത്യേകം ചോപ്പിങ് ബോർഡുകൾ വേണം.
കൃത്യമായ പാചകം
വെള്ളം, പാൽ, മുട്ട, മത്സ്യം, മാംസം എന്നിവ കൃത്യമായ ഊഷ്മാവിൽ തന്നെ പാകംചെയ്തെന്ന് ഉറപ്പുവരുത്തിയശേഷമേ ഭക്ഷ്യയോഗ്യമാക്കാവൂ. വളരെ തണുത്ത അവസ്ഥയിൽ നിന്ന്നേരെ പാചകത്തിന് എടുക്കുമ്പോൾ പലപ്പോഴും ഇതിൽ വീഴ്ച സംഭവിക്കും.
അടച്ചുവെക്കൽ ഫ്രിഡ്ജിലും വേണം
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം അടച്ചുവെച്ചുതന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അത് ഫ്രിഡ്ജിലായാൽ പ്രത്യേകിച്ചും. കാറ്റുകടക്കാത്ത പാത്രങ്ങൾ കൂടുതൽ അനുയോജ്യം. പച്ചക്കറികൾ പലതാണെങ്കിലും ഓരോന്നും പ്രത്യേകം കവറിലാക്കേണ്ടതുണ്ട്.
നേരിട്ടല്ലാതെയുള്ള ചൂടാക്കൽ
ഫ്രിഡ്ജിൽ വെച്ച തണുപ്പിച്ച കറികളും മറ്റും നേരിട്ട് അടുപ്പിൽ വെച്ച് ചൂടാക്കുന്നത് പലപ്പോഴും ഭക്ഷണത്തെ കേടുവരുത്തും. ചൂടേറിയ വെള്ളത്തിൽ തണുത്ത ഭക്ഷണത്തിന്റെ പാത്രം ഇറക്കിവെച്ച് ചൂടാക്കുന്നതാണ് അനുയോജ്യം.
ഹോം ഡെലിവറി
- പാകം ചെയ്യുന്ന ഇടത്തിന്റെ ശുചിത്വം
- മറ്റൊരിടത്ത് പാകം ചെയ്തവയായതുകൊണ്ട് നിശ്ചിത നേരത്തിനുള്ളിൽ കഴിക്കണം
- ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം.
- ചൂടേറിയ ഭക്ഷണത്തിനൊപ്പം മയണൈസ് പോലുള്ളവ കൊണ്ടുവരുമ്പോൾ കേടാകാനുള്ള സാധ്യത
- കൊണ്ടുവന്ന ഭക്ഷണം നമ്മുടെ വീട്ടിലിരുന്ന് കേടുവരുന്ന അവസ്ഥ ഒഴിവാക്കണം.
വിവരങ്ങൾക്ക് കടപ്പാട്
പി. മഞ്ജുദേവി, ചീഫ് ഗവ. അനലിസ്റ്റ്,
കേരള ഭക്ഷ്യസുരക്ഷാ വകുപ്പ്.
കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രാലയം, ഡബ്ള്യു.എച്ച്.ഒ., എഫ്.ഡി.എ.
Content Highlights: world food safety day, food safety measures, food safety department