കിരീടവുമായി മെസ്സി മടങ്ങി; പുള്ളാവൂരിലെ കട്ടൗട്ട് നീക്കി

കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയിലെ ലയണല്‍ മെസ്സിയുടെ കട്ടൗട്ട്
കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയിലെ ലയണല്‍ മെസ്സിയുടെ കട്ടൗട്ട്

മുക്കം: അന്താരാഷ്ട്ര മാധ്യമങ്ങളിലും ഫിഫയുടെ ഔദ്യോഗിക പേജിലും വരെ ഇടംപിടിച്ച കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയിലെ ലയണല്‍ മെസ്സിയുടെ കട്ടൗട്ട് നീക്കി. ലോകകപ്പ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പുള്ളാവൂരിലെ കട്ടൗട്ട് ശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീന ആരാധകര്‍ മെസ്സിയുടെ കട്ടൗട്ട് ഉയര്‍ത്തിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും നെയ്മറുടേയും കട്ടൗട്ടുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു.

ഇപ്പോള്‍ ലോകകപ്പ് അവസാനിച്ചതോടെ കൊടുവള്ളി നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുള്ളാവൂരില്‍ അവശേഷിച്ചിരുന്ന മെസ്സിയുടെ കട്ടൗട്ട്  ആരാധകര്‍ നീക്കം ചെയ്യുകയായിരുന്നു. ബ്രസീലും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ ആരാധകര്‍ നേരത്തെ തന്നെ നെയ്മറുടെയും റൊണാള്‍ഡോയുടേയും കട്ടൗട്ടുകള്‍ നീക്കം ചെയ്തിരുന്നു.

ഇതിനിടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചത് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങിയത്. എന്നാല്‍ ഇതിനു പിന്നാലെ പുഴയും ഇരുകരകളിലെ പുറമ്പോക്കും തങ്ങളുടെ ആസ്തിയാണെന്നും കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ നിലവില്‍ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി കൊടുവള്ളിനഗരസഭാ അധികൃതര്‍ രംഗത്തെത്തിയതോടെ ആരാധകര്‍ക്ക് ആശ്വാസമായിരുന്നു.

രണ്ടു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലാത്ത എന്‍.ഐ.ടി.യുടെ കുടിവെള്ളപദ്ധതിക്കായി വിട്ടുകിട്ടിയ ഭാഗത്തുസ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീമും വ്യക്തമാക്കി. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Lionel Messi cut out in pullavoor river removed after fifa world cup 2022