ഞങ്ങള്‍ തിരിച്ചുവരും; ഫൈനല്‍ തോല്‍വിക്ക് ശേഷം എംബാപ്പെയുടെ കുറിപ്പ്

ദോഹ: അതില്‍ കൂടുതലൊന്നും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് ചെയ്യാനുണ്ടായിരുന്നില്ല. സാധ്യമായതെല്ലാം അയാള്‍ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനായി ചെയ്തു. 80-ാം മിനിറ്റ് വരെ 2-0ന് പിന്നാലായിരുന്ന ടീമിനെ രണ്ട് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ഒപ്പമെത്തിക്കുക. അധിക സമയത്ത് മെസ്സിയുടെ ഗോളില്‍ വീണ്ടും ലീഡെടുത്ത അര്‍ജന്റീനയ്‌ക്കെതിരേ വീണ്ടും സ്‌കോര്‍ ചെയ്ത് മത്സരം ഷൂട്ടൗട്ടിലെത്തിക്കുക. ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് വലയിലെത്തിച്ച് ടീമിന് ആത്മവിശ്വാസം നല്‍കുക. അങ്ങനെയെല്ലാം എംബാപ്പെ ചെയ്തു, എന്നാല്‍ ഈ പോരാട്ടവീര്യത്തെ മറികടന്ന മെസ്സിയും സംഘവും കരീടവുമായി മടങ്ങുകയായിരുന്നു.
ഫൈനലിലെ പരാജയത്തിനു പിന്നാലെ എംബാപ്പെയുടെ ട്വീറ്റ് വൈറലായി. എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായ എംബാപ്പെ, താന്‍ ആ പുരസ്‌കാരവുമായി ലോകകപ്പ് ട്രോഫിക്ക് സമീപത്തുകൂടി മടങ്ങുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്, 'ഞങ്ങള്‍ തിരിച്ചുവരും.'
ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു. 1966 ലോകകപ്പില്‍ വെംബ്ലിയില്‍ പശ്ചിമ ജര്‍മനിക്കിതിരെയായിരുന്നു ഹേഴ്സ്റ്റിന്റെ ഹാട്രിക്ക് നേട്ടം.
Content Highlights: FIFA World Cup 2022 Kylian Mbappe s Post After World Cup Final