ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്

Photo: Getty Images
Photo: Getty Images

ന്യൂഡല്‍ഹി: 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സാരഥി.

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനായ ഫിഫയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോര്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയുമാണ് ബൈജൂസ്. 

' 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലൊന്നാണിത്. അതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചു എന്നതാണ് വലിയ നേട്ടം. ഈ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിരവധി കുരുന്നുകളിലേക്ക് ഞങ്ങളിലൂടെ അറിവ് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ'- ബൈജു രവീന്ദ്രന്‍ പറഞ്ഞു. 

2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനല്‍.

Content Highlights: Indian EdTech firm BYJU'S announced as official sponsor of FIFA World Cup Qatar 2022