ഫ്രാന്‍സ് ജയിച്ചാല്‍ ആഫ്രിക്ക, മൊറോക്കോയെങ്കില്‍ യൂറോപ്പ്

യുദ്ധത്തിലും ഫുട്‌ബോളിലും ഗറില്ലകളാണ് മൊറോക്കന്‍ ജനത. കേരളത്തിന്റെ ജനസംഖ്യയുള്ള ഈ രാജ്യം നൂറുകണക്കിനു ഫുട്‌ബോള്‍ അക്കാദമികളുടെ കേന്ദ്രമാണ്. അവിടെ നിന്ന് അവര്‍ യൂറോപ്പിലേക്ക് പോയി കഴിവുകള്‍ തേച്ചു മിനുക്കിയെടുക്കും. പിന്നെ മൊറോക്കന്‍ ടീമിനോടൊപ്പം ചേരും.
മൊറോക്കോ, ഈ ലോകകപ്പില്‍ ജയിച്ചപ്പോഴെല്ലാം, തലസ്ഥാന നഗരിയായ റബാത്തിലും, വന്‍ നഗരമായ കാസാബ്ലാങ്കയിലും നടന്ന ആഘോഷങ്ങളേക്കാള്‍ വലുതായിരുന്നു പാരിസിലും ബ്രസല്‍സിലും സെവിയ്യയിലും നടന്ന ആഹ്ലാദപ്രകടനങ്ങള്‍. മൊറോക്കോയുടെ രാഷ്ട്രീയ ചരിത്രം പോലും യൂറോപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഈ രാജ്യത്തിന്റെ നല്ലൊരു ഭാഗം കീഴടക്കിയത് പോര്‍ച്ചുഗീസുകാരായിരുന്നു. പിന്നീട് ഓട്ടോമെന്‍ തുര്‍ക്കികള്‍ വന്നു. അവസാനം ഫ്രാന്‍സും സ്‌പെയിനും അവരുടെ രാജ്യത്തെ പങ്കിട്ടെടുത്തു. കേരള സംസ്ഥാന രൂപം കൊണ്ട അതേ വര്‍ഷം തന്നെയാണ് അറ്റ്‌ലസ് സിംഹങ്ങള്‍ അവരുടെ നാടിനെ വീണ്ടെടുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അത്ഭുതമെന്നു പറയണം, പലകാലങ്ങളില്‍ മൊറോക്കൊയെ കീഴടക്കിയ രാജ്യങ്ങളെയാണ് അവര്‍ ഈ ലോകകപ്പില്‍ വീഴ്ത്തിയത്. പക്ഷേ അതല്ല ക്ലൈമാക്‌സ്. അതേ രാജ്യങ്ങളില്‍ നിന്നു നിന്ന് ദേശീയ ടീമിലേക്ക് വന്നവരാണ് ആ രാജ്യങ്ങളെ തോല്‍പ്പിച്ചത്! കാനഡയെ 2-1 നു തോല്‍പ്പിക്കുമ്പോള്‍, മൊറോക്കോയ്ക്ക് കാവല്‍ നിന്ന യാസിര്‍ ബോനോ ജനിച്ചതുതന്നെ മോണ്‍ട്രിയയിലാണ്. ബോനോയുടെ മാതാപിതാക്കള്‍ ജീവിക്കുന്നതും കാനഡയിലെ, ഈ നഗരത്തില്‍ തന്നെ. 2013-ല്‍ ബോനോ തന്റെ ഫുട്‌ബോള്‍ കരിയറിനായി മാതാപിതാക്കളുടെ മാതൃരാജ്യത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ മൊറോക്കക്കാര്‍ താമസിക്കന്ന ബെല്‍ജിയത്തെ രണ്ടു ഗോളിനാണ് അവര്‍ തകര്‍ത്തത്. അതിനു നേതൃത്വം നല്‍കിയ അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡര്‍ സെലിം അമല്ല ജനിച്ചത് ബെല്‍ജിയത്തിലെ ഹുത്‌റാഷ് നഗരത്തിലാണ്. മൊറോക്കന്‍ ടീമിലുള്ള ബിലാല്‍ എല്‍ ഖാനുസ്സ് ബെല്‍ജിയത്തിലെ സ്റ്റോം ബീക്ക് നഗരത്തിലാണ് ജീവിക്കുന്നത്. ബെല്‍ജിയം അണ്ടര്‍ 18 ടീമിലും അയാള്‍ കളിച്ചു. ഇവര്‍ കളിക്കുന്നത് ബെല്‍ജിയം ക്ലബ്ബുകളിലാണ്. ദേശീയ ടീമില്‍ തന്നെയുള്ള അറസ് സാറൂറി ബെല്‍ജിയം അണ്ടര്‍ 21 കളിച്ചതിനു ശേഷമാണ് മൊറോക്കന്‍ ദേശിയ ടീമിലെത്തുന്നത്. ബെല്‍ജിയന്‍ നഗരത്തിലെ മെക്കലനിലാണ് അയാള്‍ ജനിച്ചത്.
ഒരു പനേങ്ക പെനാല്‍ട്ടി കിക്കു കൊണ്ടാണ് അഷ്‌റഫ് ഹക്കീമി എന്ന പി.എസ്.ജി.യുടെ റൈറ്റ് ബാക്ക്, സ്‌പെയിനിനെ പുറത്താക്കിയത്. ഹക്കീമി ജനിച്ചതും വളര്‍ന്നതും സ്‌പെയിനിലെ മാഡ്രിഡിലാണ്. ഹക്കീമിയുടെ ടീം ഫ്രാന്‍സിനെ നേരിടുമ്പോള്‍ എതിരേ വരുന്നത് പി.എസ്.ജിയിലെ കൂട്ടുകാരാണ്. സ്‌പെയിനിലെ സെവിയ്യയിലാണ് പോര്‍ച്ചുഗലിനെ വീഴ്ത്തിയ എന്‍ നെസിരിയും ഗോളി ബോനോയും കളിക്കുന്നത്. മൊറോക്കോയുടെ തലസ്ഥാന നഗരിയില്‍ നിന്ന് സെവിയ്യയിലേക്ക് കടക്കാന്‍ 13 കിലോ മീറ്റര്‍ ദൂരം ജിബ്രാള്‍ട്ടര്‍ കടലിടുക്കു വഴി യാത്ര ചെയ്താല്‍ മതി. ഏറ്റവും കൂടുതല്‍ മൊറോക്കക്കാര്‍ ജീവിക്കുന്ന സ്‌പെയിനിലെ നഗരമാണിത്.
മൊറോക്കോയുടെ കുന്തമുനയായി സോഫിയാന്‍ അംറാബട്ട് നെതര്‍ലന്‍ഡ്സിലെ ഹുയ്‌ച്ചെനിലാണ് ജനിച്ചത്. നെതര്‍ലന്‍ഡ്‌സ് അണ്ടര്‍ 15 ടീമില്‍ അംറാംബട്ട് കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഫിയറീന്റീനയുടെ താരമാണ്. ഈ പോരാളി. ബയേണ്‍ മ്യൂണിക്കിന്റെ റൈറ്റ് വിങ്ങര്‍ നൗബര് മസ്‌റൂയിയും, സ്‌പെയിനില്‍ കളിക്കുന്ന മറ്റൊരു റൈറ്റ് വിങ്ങറായ സക്കറിയ അബൂഖലാല നെതര്‍ലന്‍ഡ്സിനു വേണ്ടി അണ്ടര്‍ 20 കളിച്ചിട്ടുണ്ട്. ഹക്കീം സിയെച്ച് നെതര്‍ലന്‍ഡ്സിലെ ഡ്രോംഡീനില്‍ ജനിച്ച് അവിടെ ദേശീയ ടീമിനുവേണ്ടി അണ്ടര്‍ 21 കളിച്ചു. പിന്നീടാണ് പിതൃഭൂമിയായ മൊറോക്കോയ തിരഞ്ഞെടുത്തത്.
ഫ്രാന്‍സുമായി കളിക്കുമ്പോള്‍ പരിക്കേറ്റ സോഫിയാന്‍ ബുഫാല്‍ കളിക്കുമോ എന്നത് സംശയമാണ്. പക്ഷേ ബുഫാല്‍ ജനിച്ചതും വളര്‍ന്നതും പാരിസിലാണ്. ഫ്രഞ്ച് ലീഗിലെ ഏംഗേഴ്‌സ് താരമാണ് ഈ ലെഫ്റ്റ് വിങ്ങര്‍ റൈറ്റ് മിഡ് ഫീല്‍ഡര്‍ അസ്സെഡിന്‍ ഒനാഹിയും ഈ ക്ലബ്ബിന്റെ താരമാണ്. പിതാവിന്റെ ജന്മഭൂമിയോടാണ് റൊമാന്‍ സയ്‌സിന് പ്രിയം. ബെസിക്റ്റാസിന്റെ ഈ താരം ജനിച്ചതും കളിച്ചതും ഫ്രാന്‍സിലെ ബ്രൂഗ് സി വീഗിലാണ്. 26 അംഗ മൊറോക്കന്‍ ടീമില്‍, 14 പേരും പുറം നാടുകളില്‍ ജനിച്ചവരാണ്. അവര്‍ കളിച്ചുവളര്‍ന്നതും യൂറോപ്പിന്റെ പുല്‍മൈതാനങ്ങളിലാണ്.
നേരെ മറിച്ചാണ് ഫ്രഞ്ച് ടീമിന്റെ ഘടന ഭൂരിഭാഗം കളിക്കാരും ആഫ്രിക്കന്‍ വംശജരാണ്! അവരുടെ മിക്ക കളിക്കാരും ആഫ്രിക്കന്‍ കോളനികളില്‍ നിന്ന് ഭാഗ്യം തേടി ഫ്രാന്‍സില്‍ വന്നവരാണ്. 1998-ല്‍ ഫ്രാന്‍സ് ലോക കിരീടം നേടിയപ്പോള്‍ ആദ്യ ആദ്യ ഇലവനിലെ ഭൂരിഭാഗം കളിക്കാരും ആഫ്രോ-ലാറ്റിനോ വംശജരായിരുന്നു. ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ പോലും അള്‍ജീരിയന്‍ കബൈല്‍ ബെര്‍ബര്‍ ഗോത്രവംശജനായിരുന്നു. അവരെ മഴവില്‍ ടീം എന്നാണ് ലോകം വിളിച്ചത്. കരിം ബെന്‍സേമയും വന്നതും അള്‍ജീരിയന്‍ പരമ്പര്യത്തോടെയാണ്. ഇപ്പോഴത്തെ ടീമില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജര്‍ തന്നെ. ഒസ്മാന്‍ ഡെംബലെ (മാലി), കിലിയന്‍ എംബാപ്പെ (കാമറൂണ്‍ - അള്‍ജീരിയ), സ്റ്റീവ് മന്‍ഡാന്‍ഡ (ബെയ്‌റെ), ബെഞ്ചമിന്‍ മെന്‍ഡി (സെനഗല്‍), കിപെംബെ (സെനഗല്‍) എഡ്വേര്‍ഡോ കാമവിംഗ (അംഗോള), യൂള്‍സ് കുന്‍ഡെ (ബെനിന്‍), വില്യം സലീബ, ഒറെലിയന്‍ ചൗമെനി (കാമറൂണ്‍) ബെന്‍ യെഡര്‍ (ടൂണീഷ്യ) എന്‍കുന്‍കു (കോംഗോ) എന്നിവരൊക്കെ ആഫ്രിക്കന്‍ രക്തം സിരകളിലുള്ളവരാണ്. കൂട്ടുത്തില്‍ ഒരു മൊറോക്കനുമുണ്ട്, മാറ്റിയോ ഗുണ്ടേസി!
ഫ്രാന്‍സ് ജയിച്ചാല്‍ യഥാര്‍ഥത്തില്‍ ജയിക്കുന്നത് ആഫ്രിക്കയാണ്. മൊറോക്കോ, ഫ്രാന്‍സിനെ മറിക്കടക്കുമെങ്കില്‍ അതു യൂറോപ്പിന്റെ വിജയമാകും.
വാല്‍കഷ്ണം: മൂന്നരമാസം മുമ്പ് മാത്രം മൊറോക്കോയെ പരിശീലിപ്പിക്കാന്‍ എത്തിയ പരിശീലകന്‍ ഖാലിദ് റെഗ്രാഗി ജനിച്ചതും കളിച്ചതും ഫ്രാന്‍സിലാണ്! ഫ്രാന്‍സിലെ യേര്‍ബീല്‍ എസ്സോണെയില്‍ ജനിച്ച റെഗ്രാഗി ഫ്രഞ്ച് ക്ലബ്ബ് ടൂളോസിന്റെ റൈറ്റ് ബാക്കായിരുന്നു. പക്ഷേ ദേശീയ ടീമില്‍ കളിച്ചത് മൊറോക്കയ്ക്ക് മാത്രം.
Content Highlights: fifa world cup 2022 Morocco football team with other country roots