'നീ ആദ്യം കളിക്ക്' എന്ന തന്ത്രം; വൈകാരികതക്കെതിരേ ഫ്രഞ്ച് മിനിമലിസം

റഷ്യയിലെ കസാനില്‍ നാലു വര്‍ഷം മുമ്പ് ഫ്രാന്‍സും അര്‍ജന്റീനയും പ്രീക്വാര്‍ട്ടറില്‍ ഒരു ത്രില്ലറില്‍ ഏര്‍പ്പെടുകയുണ്ടായി. പിന്നീട് ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇതില്‍ 4-3ന് ജയിച്ചു. ഇതേ ടീമുകള്‍ ഫൈനല്‍ കളിക്കുമ്പോള്‍ അന്നത്തെ ചില കഥാപാത്രങ്ങള്‍ ഇരു ടീമുകളിലുമുണ്ട്. നാലു കൊല്ലത്തെ ഇടവേളയായതു കൊണ്ട് അതില്‍ യാദൃച്ഛികതയില്ല. അര്‍ജന്റീനയുടെ ഭാഗത്ത് മെസ്സിയും ഡിമരിയയും ടാഗ്‌ളിഫിക്കോയും ഒട്ടമെന്‍ഡിയും ഫ്രാന്‍സിന്റെ ഭാഗത്ത് എംബാപ്പെയും ഗ്രീസ്മനനും ജിറൂഡും വറാനും ലോറീസും അതേ വേഷങ്ങളില്‍ വരുന്നു. അന്ന് തെക്കെ അമേരിക്കക്കാരെ സംവിധാനം ചെയ്തത് ജോര്‍ഗ് സാംപോളിയാണെങ്കില്‍ ഫ്രാന്‍സിന്റെ ചുമതലക്കാരന് മാറ്റമില്ല, ദിദിയര്‍ ദെഷോം. കളിക്കാരനും പരിശീലകനുമെന്ന നിലയില്‍ ലോകകപ്പ് നേടിയിട്ടുള്ള മൂന്നു പേരില്‍ ഒരാളാണ് ദെഷോം. ഫ്രാന്‍സ് ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ടു തവണ ജയിക്കുന്ന പരിശീലകന്‍ എന്ന ബഹുമതിയും അദ്ദേഹത്തിന്റേതാവും. വളരെ മുമ്പ് 1930 ലും 34 ലും ഇറ്റലിയുടെ വിറ്റോറിയോ പോസോവിന് മാത്രമേ ഇതിന് മുമ്പ് ഇത് സാധിച്ചിട്ടൂള്ളൂ.
എംഗളോ കാന്റേ മെസ്സിയെ സദാ പിന്തടര്‍ന്നതിനാല്‍ മൊത്തം ഏഴു ഗോള്‍ കണ്ട ഈ മല്‍സരത്തില്‍ മെസ്സിക്ക് ഗോളടിക്കാനായില്ല. പക്ഷേ രണ്ടു ഗോള്‍ സഹായങ്ങളുണ്ട് എന്നത് അത്ഭുതകരമാണ്. താണും പൊങ്ങിയും നീങ്ങിയ കളിയില്‍ ഒരു ഘട്ടത്തില്‍ ഫ്രാന്‍സ് വ്യക്തമായും മുന്നേറി. എംബാപ്പെയെ മാര്‍ക്കസ് റോഹോ ഫൗള്‍ ചെയ്തതോടെ ഗ്രീസ്മന്‍ ആദ്യ ഗോള്‍ നേടുന്നു. ഡിമരിയ സമനില വരുത്തിയ ശേഷം ഗബ്രിയേല്‍ മര്‍ക്കാഡോവിലൂടെ അര്‍ജന്റീന ലീഡു നേടുകയായി. ഇപ്പോള്‍ ഫ്രാന്‍സിന്റെ ബെഞ്ചിലിരിക്കുന്ന ബെഞ്ചമിന്‍ പവാഡ് സമനില വരുത്തുന്നു (2-2). തുടര്‍ന്ന് രണ്ടു ഗോള്‍ എംബാപ്പെയുടെ വക (4-2). മെസ്സിയുടെ പാസ്സില്‍ അഗ്യൂറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഒരു ഗോളിന്റെ വിടവ് അങ്ങനെത്തന്നെ കിടന്നു.
പ്രധാനപ്പെട്ട താരങ്ങള്‍ പലരും ഞായറാഴ്ചത്തെ ഫൈനലിലും കളിക്കുന്നതിനാല്‍ അതിന്റെ വിധിയിലേക്ക് കസാനിലെ കളി എന്തെങ്കിലും സംഭാവന നല്‍കുന്നുണ്ടോ? ഇത് മറ്റൊരിടവും മറ്റൊരു കാലത്തെ കളിയുമാണ്. അന്നത്തെ കളിയേക്കാള്‍ ഈ ടൂര്‍ണമെന്റിലെ കളി തന്നെയാണ് പ്രസക്തം. മെസ്സിയുടെ ഏറ്റവും നല്ല ലോകകപ്പാണിത്. മറ്റൊരു കാലത്ത് കളിച്ച മെസ്സിയുടെ കളി ചില ഘട്ടങ്ങളില്‍ അനാവരണം ചെയ്യപ്പെട്ടു. പുതുതായി ടീമിലേക്കു വന്ന എന്‍സോ ഫെര്‍ണാണ്ടസിലും ജൂലിയന്‍ അല്‍വാരസിലും മെസ്സി കൂട്ടാളികളെ കണ്ടെത്തിക്കഴിഞ്ഞു. പ്രതിരോധത്തില്‍ ഒട്ടമെന്‍ഡി ശക്തനായി നില കൊള്ളുന്നു. സൗദി അറേബ്യയോട് തോറ്റുവെങ്കിലും അര്‍ജന്റീന പിന്നീടുള്ള പരീക്ഷണങ്ങള്‍ അതിജിവിക്കുക മാത്രമല്ല അതില്‍ നിന്ന് ശക്തിയാര്‍ജിക്കുകയും ചെയ്തിട്ടുണ്ട്. സെമിയില്‍ കളിക്കാന്‍ കഴിയാതെ പോയ അക്യൂന തിരിച്ചുവരുന്നത് അവരുടെ പ്രതിരോധത്തിന് ശക്തി പകരും. ടാഗ്‌ളിഫിക്കോയേക്കാള്‍ കൂടുതല്‍ ആക്രമണ സന്നദ്ധതയും അക്യൂനയുടെ ഭാഗത്തു നിന്നാണുണ്ടാവുക.
ബി.കെ ഹരിനാരായണന്‍ രചിച്ച് ബിനീത രഞ്ജിത് പാടിയ 'മെസ്സിക്കെസ്സ് ' എന്ന വശീകരണ ശക്തിയുള്ള പാട്ട് ഫുട്ബോളിന്റെ റൊമാന്റിക് ഭാവങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. അങ്ങകലെ കിടക്കുന്ന റൊസാരിയോയിലെ കുട്ടി എന്നതിനേക്കാള്‍ പുഴയും തെങ്ങും നെല്ലുമുള്ള കേരളത്തിലെ ഗ്രാമീണ ബാലനാണ് മെസ്സി. അര്‍ജന്റീനക്കാര്‍ക്ക് സ്വന്തമായി ഒരു ചെക്കനുണ്ട്. 'പീബെ' എന്നു പറയുന്ന കന്നാലിച്ചെക്കന്‍ അഥവാ കൗബോയ്..ഡീഗോ മാറഡോണ 'പീബെ'യുടെ രൂപമാണെന്ന് പറയുന്നു. ഹരിനാരായണന്റെ മെസ്സി പുല്‍മേടുകളില്‍ കാലിമേച്ച് നടക്കുന്ന കുട്ടിയല്ല. നെല്‍പ്പാടങ്ങളിലും തോട്ടിലും കളിച്ചുനടക്കുന്ന കേരളീയ ബാലനാണ്.
ഫ്രാന്‍സ് ടീമംഗങ്ങള്‍ ഈ പാട്ട് കേട്ടു എന്നു വരികില്‍ അവരും വശീകരിക്കപ്പെടും എന്നുറപ്പാണ്. പക്ഷേ കളിയെ അത് ബാധിക്കാനിടയില്ല. അവരുടെ സംവിധായകന്‍ ദീദിയെ ദെഷോം 'മിനിമലിസ്റ്റാ''ണ്. ആവശ്യത്തിനു മാത്രം ഉപകരണങ്ങള്‍, അതിനു മാത്രം കഥാപാത്രങ്ങള്‍, ചെലവ് ചുരുക്കം. റഷ്യയില്‍ ജയിച്ച ഫ്രാന്‍സ് ടീം കളിയെ അളക്കുന്ന എല്ലാ കണക്കുകളിലും, പന്തുപിടിത്തം, പെനാല്‍റ്റി ബോക്സ് പ്രേവേശനം, അവസാന മൂന്നിലേക്കുനള്ള കാല്‍വെപ്പ് എന്നിവ പോലുള്ള അളവുകളില്‍ പിന്നിലായിരുന്നു. അതായത് നന്നെ മുന്നിലല്ല. പട്ടികയില്‍ താഴെയുമല്ല. ഏതാണ്ട് എല്ലാ കണക്കുകളിലും നടുനില അവംലബിക്കുന്നു.
അര്‍ജന്റീന എല്ലാ കളികളിലും പരീക്ഷണങ്ങള്‍ നേരിട്ടതു പോലെ ഫ്രാന്‍സ് ടീമും നേരിട്ടിരുന്നു. ഇംഗ്ലണ്ടും മൊറോക്കോയും ചെലുത്തിയ സമ്മര്‍ദത്തില്‍ അവര്‍ ആടിയുലഞ്ഞു. തോല്‍ക്കാന്‍ വളരെ സാധ്യതയുണ്ടായിരുന്നു. അതു പോലെ ജയിക്കാനും. ഇവിടെ രണ്ടാമത് പറഞ്ഞതാണ് സംഭവിച്ചത്. ഗോള്‍ വഴങ്ങിയിരുന്നുവെങ്കിലും അവര്‍ തിരിച്ചടിക്കുമായിരുന്നു എന്നു തോന്നുന്നു. മുന്നില്‍ നില്‍ക്കുമ്പോഴുള്ള കളിയല്ല ടീം പിന്നിലാവുമ്പോള്‍. കുറഞ്ഞ സമയം കൊണ്ട് എംബാപ്പേയ്ക്ക് കളി മാറ്റി വരക്കാനാവും. ജിറൂഡ് പെനാല്‍റ്റി ബോക്സിനെ വാടകക്കെടുത്തിട്ടുണ്ട്. മൊറോക്കോക്കെതിരെ അവരുടെ സൂഫിയാന്‍ അമ്രബാതിനെ നിരന്തരം ശല്യം ചെയ്തു കൊണ്ട് അയാളുടെ ശ്രദ്ധയെ ചുരുക്കാന്‍ ജിറൂഡിന്റെ കളിക്ക് സാധിച്ചിരുന്നു എന്ന നിരീക്ഷണമുണ്ട്. ഇങ്ങനെയും ജിറൂവിനെക്കൊണ്ട് ഗുണമുണ്ട്. അന്റോയ്ന്‍ ഗ്രീസ്മന്‍ ഗ്രൗണ്ടില്‍ എല്ലായിടത്തുമുണ്ട്.
ഇതിനെ ചെറുക്കാനുള്ള കോപ്പുകള്‍ അര്‍ജന്റീനയുടെ പക്കലുണ്ട്. ഗ്രൗണ്ടില്‍ നടക്കുമ്പോഴും ഗോളിലേക്കുള്ള ചെറിയ വഴികള്‍ മെസ്സിയുടെ ശ്രദ്ധയില്‍പ്പെടുന്നു. ഗോളടിക്കാന്‍ മാത്രമല്ല, എതിര്‍ ടീമിനെ സദാ സമ്മര്‍ദ്ദത്തില്‍ നിര്‍ത്താന്‍ ജൂലിയന്‍ അല്‍വാരസിന് സാധിക്കും. ഡിമരിയയെയും ലൗട്ടറോ മാര്‍ട്ടിനെസിനെയും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും അര്‍ജന്റീനക്ക് അത് മറികടക്കാന്‍ സാധിച്ചിട്ടുണ്ട്.
പന്ത് എതിരാളിയുടെ കാലിലാണെങ്കിലും ഇരു ടീമുളും കാത്തിരിക്കാന്‍ തയ്യാറാണ്. താഴെത്തട്ടില്‍ ഇറങ്ങി വേലികെട്ടുന്നതിനു പകരം ഏതാണ്ട് നടുക്ക് വെച്ച് വേലി കെട്ടുന്ന 'മിഡില്‍ ബ്ലോക്ക് ' ആയിരിക്കും രണ്ടു പേരും പ്രയോഗിക്കുകയെന്ന് മുന്‍താരം യേര്‍ഗന്‍ ക്ലിന്‍സ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. നീ ആദ്യം കളിക്ക് എന്നു പറയുന്ന കളിയാണിത്. അതിലും താഴെയിറങ്ങി പ്രതിരോധിക്കുന്നവരുണ്ട്. മൊറോക്കോയുടെത് ചില ഘട്ടങ്ങളില്‍ 'ലോ ബ്ലോക്ക് ' ആയിരുന്നു. തുടക്കത്തില്‍ തന്നെ ഗോള്‍ വീണെങ്കില്‍ കളി അത്യന്തം രസകരമാവും. അതല്ലെങ്കില്‍ പതുക്കെ കത്തും എന്നാലും ചൂടുണ്ടാവും.
1978ല്‍ അര്‍ജന്റീനയില്‍ വെച്ച് ഒരു കളി തോറ്റ ശേഷം പിന്നീട് ലോകകപ്പുകളില്‍ ഫ്രാന്‍സ് ഒരു തെക്കെ അമേരിക്കന്‍ ടീമിനോടും തോറ്റിട്ടില്ല. അന്ന് ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനെ 2-1 തോല്‍പ്പിച്ചു. ഒമ്പതു കളികളുടെ ആ ചരിത്രം മാറി പുതിയ സംഭവം എപ്പോഴും ഉടലെടുക്കാം. ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് രണ്ടു ടീമുകളും ഫൈനലില്‍ എത്തിയിട്ടുള്ളത്. എങ്കിലും സമ്മര്‍ദ്ദം കൂടുതല്‍ അര്‍ജന്റീനക്കു മേലാണെന്നു കരുതണം. വൈകാരികത കളിയെ ഉത്തേജിപ്പിക്കുന്നതു പോലെ തന്നെ പിഴവുകളിലേക്ക് നയിക്കുകയും ചെയ്തേക്കാം. അത് ഗുണം ചെയ്യുക ഫ്രാന്‍സിനാണ്.
ഈണത്തിലുള്ള കവിത ചൊല്ലാനാഗ്രഹിക്കുന്ന നമ്മളെല്ലാം ഫുട്ബോള്‍ റൊമാന്റിക്കുകളുമാണ്. അര്‍ജന്റീന ജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുക സ്വാഭാവികം. അര്‍ജന്റീന ടീമിന്റെ കളി കാല്പനികമാണോ? അല്ലേയല്ല. ആ വിശേഷണം ബ്രസീലിനായിരിക്കും ചേരുക. എന്നാല്‍ വൈകാരികത അര്‍ജന്റീനയുടെ കളിയിലുണ്ട്്. ഫ്രാന്‍സിന്റെ ചെറിയ മട്ട് അഥവാ മിനിമലിസം ഇതിനെതിരെ നല്ല പ്രയോഗമാണ്. അതിനാല്‍ ഫ്രാന്‍സിന് മുന്‍തൂക്കമുണ്ട്.
Content Highlights: argentina vs france qatar world cup final possibilities