അന്ന് സ്വീഡിഷ് ക്ലബ്ബിന്റെ ജഴ്സി കടംവാങ്ങി അര്‍ജന്റീന; ഖത്തറില്‍ ഫൈനല്‍ കളിക്കുക ഹോം ജഴ്സിയില്‍

#സ്‌പോര്‍ട്‌സ് ലേഖിക
1990 ലോകകപ്പില്‍ മാറഡോണയുടേയും 2014 ലോകകപ്പില്‍ ലയണല്‍ മെസ്സിയുടേയും നിരാശ/ 2022 ലോകകപ്പില്‍ ഗോള്‍ ആഘോഷിക്കുന്ന മെസ്സി | Photo: AFP/AP
1990 ലോകകപ്പില്‍ മാറഡോണയുടേയും 2014 ലോകകപ്പില്‍ ലയണല്‍ മെസ്സിയുടേയും നിരാശ/ 2022 ലോകകപ്പില്‍ ഗോള്‍ ആഘോഷിക്കുന്ന മെസ്സി | Photo: AFP/AP

1990 ലോകകപ്പിലും 2014 ലോകകപ്പിലും ഫൈനലില്‍ ജര്‍മനിയോട് തോറ്റ് തല കുനിച്ചുനില്‍ക്കുന്ന സൂപ്പര്‍ താരങ്ങളായ മാറഡോണയേയും ലയണല്‍ മെസ്സിയേയും നമ്മള്‍ പല തവണ ടിവി സ്‌ക്രീനില്‍ കണ്ടിട്ടുണ്ടാകും. ലോകകിരീടം നിലനിര്‍ത്താന്‍ ഇറ്റലിയിലെത്തിയ മാറഡോണയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന കലാശക്കളിയില്‍ പശ്ചിമ ജര്‍മനിയോട് ഓരൊറ്റ പെനാല്‍റ്റി ഗോളില്‍ തോറ്റു. 2014 ലോകകപ്പ് ഫൈനലും ഇതിന്റെ ആവര്‍ത്തനമായിരുന്നു. എക്‌സ്ട്രാ ടൈമില്‍ മരിയോ ഗോഡ്‌സെ നേടിയ ഒരൊറ്റ ഗോളില്‍ മെസ്സിയും സംഘവും വീണു.

ആ രണ്ട് ഫൈനലുകളിലും അര്‍ജന്റീനന്‍ ടീം അണിഞ്ഞത് അവരുടെ എവേ ജഴ്‌സിയായിരുന്നു. അതിന് മുമ്പ് കിരീടം നേടിയ 1978-ലും 1986-ലും ടീം ധരിച്ചത് ഹോം ജഴ്‌സിയും. അതായത് ഹോം ജഴ്‌സി അണിഞ്ഞുള്ള ഫൈനലിലെല്ലാം അര്‍ജന്റീന കപ്പുമായി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട് എന്നര്‍ഥം. ഇതിന് ഒരു അപവാദമായിട്ടുള്ളത് 1930-ലെ ആദ്യ ലോകകപ്പ് ഫൈനലാണ്. അന്ന് ഹോം ജഴ്‌സി അണിഞ്ഞാണ് യുറഗ്വായ്‌ക്കെതിരേ കളത്തിലിറങ്ങിയത്. എന്നാല്‍ പരാജയമായിരുന്നു ഫലം. പക്ഷേ അന്ന് എവേ ജഴ്‌സിയെന്ന ആശയം ഫുട്‌ബോളിലുണ്ടായിരുന്നില്ല. 1958 ലോകകപ്പ് മുതലാണ് അര്‍ജന്റീന എവേ ജഴ്‌സിയില്‍ കളിക്കാന്‍ തുടങ്ങിയത്. 

ഇത്തവണ ഖത്തറില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ അര്‍ജന്റീന ഹോം ജഴ്‌സിയിലാണ് കളത്തിലിറങ്ങുക. ചരിത്രം നോക്കുകയാണെങ്കില്‍ ഇത്തവണയും കപ്പ് അര്‍ജന്റീന നേടേണ്ടതാണ്. വെള്ളയും നീലയും വരയുള്ള കുപ്പായം അര്‍ജന്റീനക്കാരുടെ ഹൃദയവികാരമാണ്. അവരുടെ ദേശീയ പതാകയുടെ നിറത്തിലുള്ള ജഴ്‌സി. ആ കുപ്പായം ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 

ഫൈനലില്‍ ഇരുടീമിന്റേയും ഒഫീഷ്യലുകളുടേയും ജേഴ്‌സികള്‍

1902-ല്‍ സെന്റ് മാര്‍ഗരറ്റ് കമ്പനിയാണ് അര്‍ജന്റീനയുടെ ജഴ്‌സി ആദ്യമായി ഡിസൈന്‍ ചെയ്യുന്നത്. വെളുത്ത നിറത്തിലുള്ളതായിരുന്നു ഇത്. 1908-ല്‍ അവര്‍ നീലയും വെള്ളയും വരയുള്ള കുപ്പായം പുറത്തിറക്കി. ബ്യൂണസ് ഐറിസിലുള്ള ഗാത് ആന്റ് ചാവ്‌സ് കമ്പനി 1930 ലോകകപ്പിലെ ജഴ്‌സി പുറത്തിറക്കി. മുമ്പത്തേതില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1937-ലെ കോപ്പ അമേരിക്ക മുതല്‍ ജഴ്‌സി ഇന്‍-ഹൗസിലേക്ക് മാറി. 

1958 ലോകപ്പില്‍ അര്‍ജന്റീന സ്വീഡനിലെത്തിയത് എവേ ജഴ്‌സി ഇല്ലാതെയാണ്. ഇതോടെ പശ്ചിമ ജര്‍മനിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ സ്വീഡിഷ് ക്ലബ്ബ് ഐഎഫ്‌കെ മാല്‍മോയുടെ ജഴ്‌സി കടം വാങ്ങി അവര്‍ക്ക് കളിക്കേണ്ടി വന്നു. 1962-ല്‍ ആദ്യമായി നീല നിറത്തിലുള്ള എവേ ജഴ്‌സിയില്‍ അര്‍ജന്റീന കളിച്ചു.

അര്‍ജന്റീന കടം വാങ്ങി കളിച്ച ഐഎഫ്കെ മാല്‍മോയുടെ മഞ്ഞ നിറത്തിലുള്ള ജഴ്‌സി

1966-ല്‍ സ്‌പോര്‍ട്‌ലാന്‍ഡിയ ഒരുക്കിയ ജഴ്‌സിയിലാണ് ടീം ഇറങ്ങിയത്. 1974 മുതല്‍ അഡിഡാസാണ് അര്‍ജന്റീനയുടെ ജഴ്‌സിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ ഹോം ജഴ്‌സിയും ഗോള്‍കീപ്പറുടെ ജഴ്‌സിയും സ്‌പെഷ്യല്‍ ജഴ്‌സിയുമെല്ലാം ഇതിനിടയില്‍ വന്നു. ഡിസൈനിങ്ങില്‍ പല നിറത്തിലുള്ള മാറ്റങ്ങളും വ്യത്യസ്ത പരീക്ഷണങ്ങളും നടത്തി. ഇടയ്ക്ക് ലെ കോക് സ്‌പോര്‍ട്ടിഫും റീബോക്കും അര്‍ജന്റീനയുടെ ജഴ്‌സി ഡിസൈന്‍ ചെയ്തു. ഇപ്പോള്‍ ഖത്തറില്‍ അഡിഡാസിന്റെ ജഴ്‌സി അണിഞ്ഞാണ് മെസ്സിയും സംഘവും കളിക്കുന്നത്.

Content Highlights: argentina football team jersey history qatar world cup final with home jersey