മെസ്സിയുടെ മാത്രമല്ല, മാറഡോണയുടേയും സ്വന്തം മാക് അലിസ്റ്റര്‍

#കെ.സുരേഷ്‌
മാക് അലിസ്റ്ററും ലയണല്‍ മെസ്സിയും/  മാറഡോണയ്‌ക്കൊപ്പം മാക് അലിസ്റ്ററുടെ പിതാവ് കാര്‍ലോസ്‌ | Photo: instagram/ mac allister
മാക് അലിസ്റ്ററും ലയണല്‍ മെസ്സിയും/ മാറഡോണയ്‌ക്കൊപ്പം മാക് അലിസ്റ്ററുടെ പിതാവ് കാര്‍ലോസ്‌ | Photo: instagram/ mac allister

മൂന്നു പതിറ്റാണ്ടുമുമ്പ് കാര്‍ലോസ് മാക് അലിസ്റ്ററുടെ ഏറ്റവും വലിയ സ്വപ്നം ഡീഗോ മാറഡോണയ്‌ക്കൊപ്പം രാജ്യത്തിനുവേണ്ടി ഫുട്‌ബോള്‍ കളിക്കണം എന്നതായിരുന്നു. അതിനുവേണ്ടി കഷ്ടപ്പെട്ടു. ഒടുവില്‍, കാര്‍ലോസ് ആ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്തു.

കാര്‍ലോസിന് മൂന്ന് ആണ്‍മക്കള്‍. മൂവരേയും ഫുട്ബോളര്‍മാരായി വളര്‍ത്തി. അവര്‍ പ്രൊഫഷണല്‍ കളിക്കാരായി. അതിലെ ഇളയവന്‍ അലക്സിസ് മാക് അലിസ്റ്ററുടെ ആഗ്രഹം ലയണല്‍ മെസ്സിക്കൊപ്പം കളിക്കണമെന്നായിരുന്നു. ഖത്തര്‍ ലോകകപ്പ് ആ ആഗ്രഹത്തിന്റെയും സാഫല്യമായി.

അര്‍ജന്റീനയുടെ ഈ വിജയയാത്രയില്‍ വിസ്മരിച്ചുകൂടാത്ത പേരാണ് അലക്സിസ് മാക് അലിസ്റ്റര്‍. ജയം അനിവാര്യമായിരുന്ന ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടിനെതിരേ മാക് അലിസ്റ്ററുടെ ഗോളാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. അത് പ്രീക്വാര്‍ട്ടറിലേക്ക് വഴിതുറന്നു.

ദോഹയിലെ 974 സ്റ്റേഡിയത്തില്‍ ആ മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ മൂന്ന് അലിസ്റ്റര്‍മാരും അത് കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. അലക്സിസിന്റെ അച്ഛന്‍, സഹോദരങ്ങളായ കെവിന്‍, ഫ്രാന്‍സിസ് എന്നിവര്‍. കാര്‍ലോസ് മാക് അലിസ്റ്റര്‍ മാറഡോണയുടെ കൂട്ടുകാരനാണ്. 1993-ല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മൂന്നു മത്സരം കളിച്ചു. ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ ടീമില്‍ ഇടംകിട്ടിയില്ലെങ്കിലും മാറഡോണയുമായി അടുത്തബന്ധം തുടര്‍ന്നു.

അച്ഛനും മകനും തമ്മില്‍ ഒരു കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. കാര്‍ലോസിന്റെ അഭിപ്രായത്തില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ ഡീഗോ മാറഡോണയാണ്. അലക്സിസിന്റെ അഭിപ്രായത്തില്‍ ലയണല്‍ മെസ്സിയും. പല അര്‍ഥത്തില്‍ കാര്‍ലോസ് മകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ''മെസ്സി എക്കാലത്തെയും മികച്ചതാരം തന്നെയാണ്. മാറഡോണ 32-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചു. മെസ്സി 35-ാം വയസ്സിലും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ കളിക്കുന്നത് അദ്ഭുതമാണ്. ഞങ്ങള്‍ 2005-ല്‍ ഒരു യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയുടെ കളി കാണാന്‍പോയി. അന്ന് മകന് ഏഴു വയസ്സ്. അന്നേ പറഞ്ഞതാണ്, മാറഡോണയേക്കാള്‍ മികച്ച ഒരാള്‍ വരുന്നുണ്ടെന്ന്. 17 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും അദ്ദേഹം അതേ ഫോമില്‍ കളിക്കുന്നു. മകന്‍ അതേ ഫോമില്‍ കളിക്കുന്നു. മകന്‍ അദ്ദേഹത്തിനൊപ്പം കളിക്കുന്നു. ഇത് മെസ്സിയുടെ അവസാന ലോകകപ്പാണെന്ന് പറയുന്നു. അതും ഉറപ്പിക്കാനാകില്ല'' -കാര്‍ലോസ് പറഞ്ഞു.


 

Content Highlights: Alexis Mac Allisters Father and Argentine Legend Maradonas Teammate Carlos Mac Allister