സർക്കാർ-സ്വകാര്യ പങ്കാളിത്തം ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തും -മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. തലസ്ഥാനത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും വിദഗ്ധ വിശകലനങ്ങളും ഉൾപ്പെടുത്തി 'ഇവോൾവ് ഹെൽത്ത്: ദ ഹെൽത്ത് കെയർ സമ്മിറ്റ്' എന്നപേരിൽ മാതൃഭൂമി സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നപ്പോൾ സർക്കാർ രൂപംകൊടുത്ത ഉന്നതാധികാര സമിതിയിൽ സ്വകാര്യമേഖലയിലെ വിദഗ്ധ ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തിയിരുന്നു. സ്വകാര്യമേഖലയിൽ നിന്നുള്ള ഡോ. എസ്.എസ്. ലാൽ, ഡോ. മാർത്താണ്ഡപിള്ള എന്നിവർകൂടി അടങ്ങിയ ഉന്നതാധികാരസമിതി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വകാര്യമേഖലയ്ക്കൊപ്പം സർക്കാർ ആശുപത്രികളെ ഓടിയെത്തിക്കുകയെന്ന ലക്ഷ്യവും ഒന്നിച്ചുള്ള പ്രവർത്തനത്തിനു പിന്നിലുണ്ട്.
ഏറ്റവും കൂടുതൽ രോഗികളെത്തുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനാൽ അവ മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയത്. അതുവരെ ഇവിടെനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കുട്ടികൾ മെഡിക്കൽ പഠനത്തിനു പോകുന്ന സ്ഥിതിയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകൾ വന്നതോടെ അതിനു മാറ്റംവന്നു.
പകർച്ചവ്യാധി നിയന്ത്രണം ആരോഗ്യവകുപ്പ് മാത്രം വിചാരിച്ചാൽ നടക്കില്ല. തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, ജലസേചനം, ആരോഗ്യം എന്നീ വകുപ്പുകൾ ഒന്നിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ പകർച്ചവ്യാധിക്കെതിരേയുള്ള പോരാട്ടം ഫലപ്രാപ്തിയിലെത്തൂ.
പക്ഷേ, എന്തെങ്കിലും പാളിച്ച വന്നാൽ അതിന്റെ കുറ്റം ആരോഗ്യവകുപ്പിനു മാത്രമാവുന്നതാണ് കാണാറുള്ളതെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോൺക്ലേവ് നടത്തിയതിന് മാതൃഭൂമിയെ അഭിനന്ദിച്ച മന്ത്രി, ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുമെന്ന് അറിയിച്ചു.
മാതൃഭൂമി വൈസ് പ്രസിഡന്റ് മീഡിയാ സൊല്യൂഷൻസ് ടി.സുദീപ് കുമാർ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ ആർ. മുരളി എന്നിവർ പ്രസംഗിച്ചു.'പകർച്ചവ്യാധികൾക്കെതിരേ എങ്ങനെ ഒറ്റക്കെട്ടായി പോരാടാം', 'നൂതന സംവിധാനങ്ങളും പരിചരണങ്ങളും', 'ഗുണനിലവാരമുള്ള ചികിത്സ, മെച്ചപ്പെട്ട പരിചരണം വേഗത്തിലുള്ള രോഗമുക്തി', 'ഗുണമേന്മയുള്ള ആരോഗ്യപരിചരണം താങ്ങാവുന്ന ചെലവിൽ' തുടങ്ങിയ വിഷയങ്ങളാണ് കോൺക്ലേവിൽ ചർച്ച ചെയ്തത്. കോൺക്ലേവിന്റെ രണ്ടാം എഡിഷനാണ് നടന്നത്.
Content Highlights: Promotion of public-private collaboration to strengthen Kerala's health sector., Integration of private sector expertise into government high-level committees., Multi-departmental approach required for effective epidemic management., Focus on improving government hospital infrastructure and service quality., Affordable, high-quality medical care as a core objective.