മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കോഴിക്കോട്: കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുൽ ഫിത്തർ ആഘോഷം.

ശവ്വാൽ മാസപ്പിറ കാണുന്നതോടെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികളുയരും. പെരുന്നാൾ നമസ്‌കാരത്തിന് മുമ്പ് ഫിത്തർ സക്കാത്ത് വിതരണവും പൂർത്തിയാക്കും. പുത്തനുടുപ്പുകൾ അണിഞ്ഞ് വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനായി ഒത്തുകൂടും.

കുടുംബ,സുഹൃദ് ബന്ധങ്ങൾ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാൾ ആഘോഷം. എല്ലാ വായനക്കാർക്കും മാതൃഭൂമി ഡോട്ട് കോമിന്റെ ചെറിയ പെരുന്നാൾ ആശംസകൾ.

ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ്

വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ആത്മീയവും ശാരീരികവുമായ ശുദ്ധി വരുത്താനുള്ളതായിരുന്നു ഓരോ വിശ്വാസിക്കും നോമ്പ് കാലം. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുന്നതിനൊപ്പം സഹജീവികളെ സഹായിക്കാനുള്ള കാലം കൂടിയായിരുന്നു അത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നതായും വി.ഡി. സതീശൻ പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: Eid-ul-Fitr confirmed for Friday in Kerala., Announcement made by Khazis following Shawwal moon sighting.,Traditions include Fitr Zakat distribution and Eid prayers.