ഷൂട്ടൗട്ടില്‍ തോല്‍ക്കാത്തവന്‍, കിരീടം നേടിയപ്പോഴെല്ലാം മികച്ച ഗോളി; എമിലിയാനോ എന്ന ഒറ്റയാൻ

#ആദര്‍ശ് പി ഐ
എമിലിയാനോ മാര്‍ട്ടിനസ്, Photo: x.com/CentreGoals.
എമിലിയാനോ മാര്‍ട്ടിനസ്, Photo: x.com/CentreGoals.

ഗാലറി അപ്പോള്‍ നിശബ്ദമായിരിക്കും. അതുവരെ തൊണ്ടപൊട്ടുമാറുറക്കെ അലറിവിളിച്ചവരെല്ലാം വിസില്‍ മുഴക്കത്തിനായി കാതുകൂര്‍പ്പിച്ചിരിക്കും. എല്ലാ കണ്ണുകളും ഗോള്‍ പോസ്റ്റിലേക്ക്. അവിടെ വലകുലുക്കാനായി ഒരാളെത്തും. അത് തടയാനായി മറ്റൊരാളും. പിന്നെയെല്ലാം പ്രവചനാതീതം. ക്രോസ്ബാറിന് കീഴില്‍ ഏകാന്തനായി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയെ കാണാം. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട ഭാവത്തോടെയാണ് ഗോളി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്നതെന്ന് പറയാറുണ്ട്. ഇടത്തോട്ടാണോ വലത്തോട്ടാണോ എന്ന് നിശ്ചയമില്ലെങ്കിലും ജീവിതത്തിനും മരണത്തിനുമിടയിലെ കുമ്മായവരയ്ക്കരികെയാണ് ആ നില്‍പ്പ്. അവിടെ അദ്ഭുതം കാണിക്കുന്ന ചിലരുണ്ട്. ഈ തത്വങ്ങളെ അപ്പാടെ അപ്രസക്തമാക്കുന്ന ചിലര്‍. നമ്മെ ചിന്തിപ്പിക്കുന്നവര്‍. ഗോള്‍ബാറിന് കീഴിലെ ഈ അതികായന്‍മാരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ 23-ാം നമ്പറുകാരനും ഇടംപിടിച്ചുകഴിഞ്ഞു. മെസ്സിപ്പടയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസ്. എമിയാണ് ഗോള്‍ബാറിന് കീഴിലുള്ളതെങ്കില്‍ കിക്കെടുക്കാനെത്തുന്നയാളാണ് ഒറ്റുകൊടുക്കപ്പെട്ടവനാകുന്നത്. എമിയെ മറികടക്കുകയെന്നത് അര്‍ജന്റീനയ്‌ക്കെതിരേ പെനാല്‍റ്റി കിക്കെടുക്കാനെത്തുന്ന ഓരോ താരവും നേരിടുന്ന വെല്ലുവിളിയാണ്. ലോകകപ്പിലും കോപ്പയിലുമെല്ലാം അര്‍ജന്റീന നടത്തിയ കുതിപ്പിന് പിന്നിലും ഈ കാവല്‍ക്കാരന്റെ കരസ്പര്‍ശമാണ്. അര്‍ജന്റീന അടുത്തിടെ കിരീടം നേടിയ ടൂര്‍ണമെന്റുകളിലെല്ലാം മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തതും മറ്റാരേയുമല്ല. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ യാഷിന്‍ ട്രോഫിയും ആ കരിയറിന് പൊൻതിളക്കമേകുന്നു. 

ഒരുവട്ടമല്ല. പലതവണ പല മൈതാനങ്ങളില്‍ എമിലിയാനോ രക്ഷകനായി അവതരിച്ചിട്ടുണ്ട്. എമി കാവല്‍ നിന്ന ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിലും അര്‍ജന്റീന തോറ്റിട്ടില്ല. ലോകകപ്പിന്റെ കലാശപ്പോരിലേതടക്കം നാല് ഷൂട്ടൗട്ടുകളിലാണ് താരം അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. തോല്‍ക്കാന്‍ മനസില്ലാത്ത പോരാളിയെപ്പോലെ ഇരുകൈകളുമുയര്‍ത്തി നില്‍ക്കുന്ന ആ 23-ാം നമ്പറുകാരന്‍ ആരാധകരുടെ പ്രതീക്ഷയും വിശ്വാസവുമായി മാറിയ വര്‍ഷങ്ങള്‍. ആരെ കീഴടക്കിയാലും എമിലിയാനോയെ മറികടക്കാതെ ഒരു മുന്നോട്ടുപോക്ക് സാധ്യമല്ലെന്ന് എതിരാളികള്‍ തിരിച്ചറിഞ്ഞ പോരാട്ടങ്ങള്‍. അർജന്റീന തങ്ങളുടെ 16-ാം കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടുന്നതിന് പിന്നിലും എമിയുടെ പങ്ക് വളരെ വലുതാണ്. ഫൈനലിലും സെമിയിലുമെല്ലാം നിർണായക സേവുകളുമായി ആ 23-ാം നമ്പറുകാരൻ കളം നിറഞ്ഞു. 

Content Highlights: emiliano martinez performance in penalty shootouts for argentina

Continue reading