നാവിൽ മാത്രമല്ല, മനസ്സിലും അലിയും കുട്ടനാടൻ താറാവുകറി

തിളങ്ങുന്ന വെളിച്ചെണ്ണയ്ക്കിടയിൽ മസാലക്കൂട്ടുകളും താറാവും പാകത്തിനു വെന്ത്, കടും തവിട്ടുനിറത്തിൽ കുറുകിയിരിക്കുന്ന ചാറു കണ്ടാൽത്തന്നെ നാവിൽ വെള്ളമൂറും. കറിക്കു മുകളിൽ ഒഴിച്ച പച്ചവെളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും തിളക്കം ആ വിഭവത്തിന് ഒരു രാജകീയ പരിവേഷമാണ് നൽകാറ്. സംശയിക്കേണ്ടാ, അത് കുട്ടനാട്ടുകാരുടെ താറാവുകറി തന്നെ.
ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളുടെ സ്റ്റാർ വിഭവമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ആവശ്യമായ സാധനങ്ങൾ
• താറാവ്: ഒരു കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
• സവാള: നാലെണ്ണം (നീളത്തിൽ അരിഞ്ഞത്)
• ഉരുളക്കിഴങ്ങ്: രണ്ടെണ്ണം (കഷണങ്ങളാക്കിയത്. പുഴുങ്ങിവെച്ചതോ വറുത്തെടുത്തതോ ആവാം)
• ഇഞ്ചി, വെളുത്തുള്ളി: രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വീതം (ചതച്ചത്)
• പച്ചമുളക്: ആറെണ്ണം
• തേങ്ങാപ്പാൽ: ഒന്നാം പാലും രണ്ടാം പാലും വേർതിരിച്ചെടുത്തത്
• മസാല: മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി
• കശുവണ്ടി: ഏഴെണ്ണം പൊടിച്ചത്
• കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
താറാവിറച്ചിയും രണ്ടു പച്ചമുളക്, ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിനും ചേർത്ത് കുക്കറിൽവെച്ച് വേവിച്ചു മാറ്റിവെക്കുക. മറ്റൊരു ചട്ടി ചൂടാക്കി, വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് നാലു സവാള നീളത്തിൽ അരിഞ്ഞത്, മൂന്നു പച്ചമുളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, കശുവണ്ടി അരച്ചത്, തക്കാളി എന്നിവ ചേർത്ത് ഇളക്കുക.
തക്കാളി അധികം വാടുന്നതിനു മുൻപ് മാറ്റിവെച്ചിരിക്കുന്ന ഇറച്ചി വേവിച്ചതിന്റെ വെള്ളം ചേർത്ത് ഇളക്കുക. അതിലേക്ക് രണ്ടാംപാലും വേവിച്ച ഇറച്ചിക്കഷണങ്ങളും കിഴങ്ങ് (പുഴുങ്ങിയതോ/വറുത്തതോ) ചേർത്ത് ഇളക്കി അടച്ചുവെയ്ക്കാം. ചേരുവ കഷണത്തിലേക്ക് നന്നായി ചേർന്നാൽ ഒന്നാംപാൽ ചേർത്ത് ചെറുതീയിൽ ചൂടാക്കാം. തിളപ്പിക്കരുത്. ശേഷം കടുകു വറുത്തോ മല്ലിയിലയോ കറിവേപ്പിലയോ വെളിച്ചെണ്ണയിൽ താളിച്ചോ എടുക്കാം.
(വിവരങ്ങൾക്ക് കടപ്പാട്; ഫിലോ തോമസ് കുന്നപ്പള്ളി മുഹമ്മ)
Content Highlights: Master the art of Kuttanadan Duck Curry! A rich, flavorful, and royal dish perfect for celebrations.