പാതിരാ കുർബാനയ്ക്ക് പറ്റിയ അമളി; ക്രിസ്മസ് വിശേഷങ്ങൾ പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ്

അഞ്ജു ജോസഫ് | Photos: instagram.com/anjujosephofficial/
അഞ്ജു ജോസഫ് | Photos: instagram.com/anjujosephofficial/

സന്തോഷവും സമാധാനവും നിറച്ച് മറ്റൊരു ക്രിസ്മസ് കാലം കൂടി വന്നെത്തുമ്പോൾ പുത്തൻ പ്രതീക്ഷകൾക്കു കൂടിയാണ് ചിറകു മുളക്കുന്നത്. പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും ഒക്കെൊരുക്കി സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയുംക്രിസ്മസിനെ വരവേൽക്കാൻ  നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് സന്തോഷവും ഓർമകളും പുത്തൻ പ്രതീക്ഷകളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് ​ഗായികയും അവതാരകയുമായ അഞ്ജു ജോസഫ്.

കുട്ടിക്കാലത്തെ ക്രിസ്മസ് 

ക്രിസ്മസ്  ഓർമകൾ ഏറ്റവും കൂടുതലുള്ളത് കുട്ടിക്കാലത്താണ്. ഏറ്റവും കൂടുതൽ ആഘോഷിച്ചതും സന്തോഷിച്ചതും അപ്പോൾ തന്നെയാണ്. യൂണിറ്റ് തിരിച്ചുള്ള പള്ളിയിലെ പുൽക്കൂട്, കരോൾ മത്സരങ്ങൾ.. തറവാട് വീട്ടിൽ ബന്ധുക്കൾക്കും കസിൻസിനൊപ്പം ആഘോഷിച്ച ദിവസങ്ങൾ... ഒരുമിച്ചു കൂടുമ്പോൾ കാണിച്ചിട്ടുള്ള കുസൃതികൾ..- അഞ്ജു പറയുന്നു.

തൊട്ടടുത്ത വീടുകളിലെ ആളുകൾ ഒരു വീട്ടിൽ ഒന്നിച്ചു കൂടും. വലിയ പുൽക്കൂട് ഒരുക്കും. മാതാവായും ഔസേപ്പ് പിതാവായും രാജാക്കന്മാരായും മാലാഖമാരായൊക്കെ ആളുകൾ വേഷമിടും. പള്ളിയിൽ നിന്നും എല്ലാ യൂണിറ്റിലേക്കും നിരീക്ഷകരെത്തി മാർക്കിട്ട് മികച്ച പുൽകൂടിന് സമ്മാനങ്ങൾ നൽകും. കരോൾ ​ഗാന മത്സരങ്ങളുണ്ടാവും. പ്രയഭേദമന്യേ ആളുകൾ കരോൾ ​ഗാനം പാടാൻ പോകും. പാതിരാ കുർബാനയും നോയമ്പു തുറക്കുന്നതും ഗൃഹാതുരമായ ഓർമകളായി അഞ്ജുവിന്റെ മുന്നിലുണ്ട്.

രുചിപ്പെരുമയുടെ ക്രിസ്മസ്

ക്രിസ്മസിന് അമ്മ പ്രത്യേകം ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടിക്കാലത്തൊക്കെ നോയമ്പെടുത്ത് ഇരുപത്തിയഞ്ചാം തീയതി അമ്മയുടെ സ്പെഷ്യൽ ചിക്കൻ സ്റ്റൂ കഴിക്കാൻ കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. ചിക്കൻ സ്റ്റൂ, ബീഫ് സ്റ്റൂ, വട്ടയപ്പം, ഫിഷ് മോളിയൊക്കെയാണ് ഇഷ്ടവിഭവങ്ങൾ.... അമ്മയും അമ്മാമയും ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചി നാവിൻതുമ്പിലെത്തും പോലെയാണ് അഞ്ജു ക്രിസ്മസ് രുചി ഓർമ്മിച്ചെടുക്കുന്നത്. മധുരമാണേറെയിഷ്ടം. പ്ലം കേക്കിനോട് വലിയ താത്പര്യമില്ല, മറ്റു കേക്കുകളോടാണ് കൂടുതൽ താത്പര്യം. 

പാതിരാ കുർബാനയ്ക്ക് പറ്റിയ അമളി

കുട്ടിക്കാലത്ത് പാതിരാ കുർബാനയ്ക്ക്  മുടങ്ങാതെ പോകുമായിരുന്നു. രസകരമായ ഓർമകളും ഉണ്ടായിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പാതിരാ കുർബാനയ്ക്ക് പോയി ഉറങ്ങി വീണ കഥ വളരെ രസകരമായി അഞ്ജു ഓർമിച്ചെടുക്കുന്നു. പാതിരാ കുർബാനക്കിടയിൽ ഉറങ്ങി വീണു. അറിയാതെ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. ഒടുവിൽ പപ്പ  അവിടെനിന്നും എടുത്തു കൊണ്ടുപോകുകയായിരുന്നു. ഓരോ ക്രിസ്മസ് കാലത്തും പിന്നീട് ഈ കഥകൾ പപ്പയും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കുവെച്ചിരുന്നു. ഇന്നും ഈ കഥകൾ ഓരോരുത്തർ പറയുമ്പോൾ ഒരു ചിരി വിടരുമെന്ന് അഞ്ജു പറയുന്നു.

തറവാട്ടിലെ ക്രിസ്മസ് ആഘോഷം

തറവാട്ട് വീട്ടിലെ ക്രിസ്മസ് ആഘോഷം അഞ്ജുവിന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമയാണ്. ഓരോ ക്രിസ്മസ് അവധി കാലത്തും ബന്ധുക്കളൊക്കെയും തറവാട്ട് വീട്ടിൽ ഒരുമിച്ചു കൂടാറുണ്ട്. അപ്പാപ്പനും അമ്മാമ്മയും ഉണ്ടായിരുന്ന കാലം ക്രിസ്മസിന്റെ ഏറ്റവും നല്ല ഓർമ്മകളുടെ കാലം കൂടിയായിരുന്നു. കുട്ടികൾക്കായി സമയമെടുത്ത് കൂടും കിളികളും ഒക്കെയുള്ള കൊഴുക്കട്ട അമ്മാമ്മ ഉണ്ടാക്കുമായിരുന്നു. കുട്ടികളെയും ഒപ്പം ഇരുത്തി നാലഞ്ചു മണിക്കൂർ നീളുന്ന കൊഴുക്കട്ട ഉണ്ടാക്കൽ, കുടുംബത്തിലെ എല്ലാ കുട്ടികളും മുതിർന്നവരും ഒരുമിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതും കുരുത്തക്കേടുകൾ കാണിച്ച് വഴക്കു മേടിക്കുന്നതും ഒക്കെ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവരതിനെ അത്ഭുതത്തോടെ വീക്ഷിക്കുന്നത് തനിക്ക് അത്ഭുതമായി തോന്നാറുണ്ടെന്ന് അഞ്ജു പറയുന്നു. 

ബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം

എല്ലാരും ഒപ്പമുള്ളതാണ് സന്തോഷം. നമ്മൾക്ക് സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. കസിൻസിനിടയിൽ ഇപ്പോഴും പഴയ ബന്ധം സൂക്ഷിക്കാറുണ്ട്. എല്ലാ  ക്രിസ്മസ് കാലത്തും സീക്രഡ് സാന്റ ഇടാറുണ്ട്. എത്ര അകലെയാണെങ്കിലും ആകസ്മിക സമ്മാനങ്ങൾ എല്ലാവരിലും എത്തും. പ്രത്യേകം പ്രയത്നിച്ച് എല്ലവരും ഒന്നിച്ചുകൂടാനും ശ്രമിക്കും. ബന്ധങ്ങളെ മനോഹരമായി കൊണ്ടുനടക്കുന്നതിൽ ഒരു സന്തോഷമുണ്ട്. ദൂരെയെങ്കിലും മനസ്സുകൊണ്ട് അടുപ്പം സൂക്ഷിക്കുന്നതിലെ ആത്മസംതൃപ്തി വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് അഞ്ജു പറയുന്നു.

ഇഷ്ട ​ഗാനങ്ങൾ

ക്രിസ്മസ് രാവണഞ്ഞ നേരം എന്ന ​ഗാനമാണ് പിയപ്പെട്ട ക്രിസ്മസ് ​ഗാനം.  കാലിത്തൊഴുത്തിൽ പിറന്നവനെ, യഹൂദിയായിലെ തുടങ്ങിയ ​ഗാനങ്ങളാണ് ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ ആലപിച്ചിട്ടുള്ളത്. ആ പാട്ടുകളോട് ഒരു പ്രത്യേക അടുപ്പമുണ്ട്. ഇപ്പോഴും ക്രിസ്മസ് പാട്ടുകളെ കുറിച്ച് പറയുമ്പോൾ ആദ്യം നാവിൽ ഈ പാട്ടുകളെത്തും

പുതുവർഷത്തിലെ സ്വപ്നങ്ങൾ

'അഞ്ജു ജോസഫ് ലൈവ് ബാന്റിന്റെ' ഷോകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാന്റിന്റെ വളർച്ചയാണ് ആഗ്രഹിക്കുന്നത്. വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിൽ അതിയായ സന്തോഷമുണ്ട്. ക്രിസ്മസിൻറെയും പുതുവർഷത്തെയും ഏറ്റവും വലിയ സന്തോഷവും അതാണെന്ന് അഞ്ജു പറയുന്നു. ബാന്റിന്റെ 4 കവർ പാട്ടുകൾ ജനുവരി  പകുതിയോടെ പുറത്തിറങ്ങും. ജനുവരി ആദ്യം പുറത്തിറക്കാൻ ആ​ഗ്രഹിച്ചിരുന്നെങ്കിലും ചില ആരോ​ഗ്യപ്രശ്നങ്ങൾ തടസമായി. രണ്ട് ഒർജിനൽസ് ഈ വർഷം പുറത്തിറക്കുമെന്നും  അഞ്ജു ജോസഫ് പറഞ്ഞു. 

Content Highlights: chat with anju joseph on christmas