അവധിക്കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളുടെയും അറിവിന്റെയും കാലം

വേനലവധികഴിഞ്ഞ് സ്‌കൂളുകൾ തുറക്കുകയായി. ഇനി കളിക്കളംവിട്ട് സ്‌കൂളുകളിലേക്ക്. നിർമിതബുദ്ധിയുടെ പ്രകടനങ്ങളടക്കം, മാറുന്ന ഡിജിറ്റൽലോകത്ത് അറിവുനേടാനും അവ പ്രയോഗിക്കാനും വഴികളേറെയുണ്ട്. ഈ സൗഭാഗ്യങ്ങൾക്കൊപ്പംതന്നെ വഴിതെറ്റിക്കുന്ന ചതിക്കുഴികളും ഏറെയാണ്. ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളുടെകാലത്ത് സ്വയം വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രതയാണ് ആവശ്യം. വഴിതെറ്റാതിരിക്കാനും കൂട്ടുകാരെ നേർവഴിയിലേക്ക് നയിക്കാനുമുള്ള ജാഗ്രത. എല്ലാ അർഥത്തിലും നല്ല കുട്ടികളായി വളരാൻ അല്പം കരുതലാവാം.
വേണം, നല്ല കൂട്ടുകാർ
എല്ലാം തുറന്നുപറയാനും വിശ്വസിക്കാനും കഴിയുന്ന നല്ല കൂട്ടുകാരെ കണ്ടെത്തണം. മറ്റുള്ളവരുടെ നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ആയി മാറുകയും വേണം.
വായനയുടെ വൈബ് വേറെയാ
ഇഷ്ടപ്പെടാൻ ഇത്തിരി പണിയും ഇഷ്ടപ്പെട്ടാൽ ഒത്തിരി സന്തോഷവും തരുന്നതാണ് വായന. ഇഷ്ടപ്പെട്ടത് വായിക്കുക. വായന ശീലമാക്കുക. വായനയാണ് പല ദുശ്ശീലങ്ങൾക്കും മറുമരുന്ന്. സ്‌കൂൾതുറന്ന് ആദ്യയാഴ്ചതന്നെ ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനും വായിക്കാനും മറക്കേണ്ട.
പത്രം വായിക്കണം
ടിവിയിലോ ഫോണിലോ വാർത്ത കേട്ടാൽ പോരാ, പത്രവായന ശീലമാക്കണം. വാർത്ത വായിച്ചുതള്ളാതെ അതിനെപ്പറ്റി ചെറിയ കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കാം. മത്സരപ്പരീക്ഷകൾക്കും മറ്റും ഇത് പ്രയോജനപ്പെടും.
ലോക്കുവേണ്ട
സ്വന്തമായി പഠനമുറിയും മൊബൈൽ ഫോണും ഉള്ളവരായിരിക്കും പല കുട്ടികളും. എന്നാൽ, വാതിലടച്ചും മൊബൈൽ ലോക്ക് രഹസ്യമാക്കിയുമുള്ള പഠനശീലം വേണ്ട. അച്ഛനമ്മമാർക്കുമുന്നിൽ തുറന്നുകിടക്കട്ടെ ഇവ.
നിരീക്ഷണം തന്നെ പഠനം
ചുറ്റുപാടും നിരീക്ഷിക്കുകയെന്നത് പ്രധാനമാണ്. കുഞ്ഞുചെടികളെയും ജീവജാലങ്ങളെയും നിരീക്ഷിച്ച് അക്കാര്യം ഡയറിയിൽ കുറിച്ചുവയ്ക്കാം. അതിലൂടെ നമുക്ക് ലോകത്തെ അറിയാം.
തോൽക്കാനും പഠിക്കാം
ജയംപോലെതന്നെയാണ് തോൽവിയും. ജയിക്കണമെന്ന് ആഗ്രഹിക്കാം, വാശിവേണ്ട. തോറ്റുകഴിഞ്ഞാൽ ജീവിതം ഇല്ലാതായെന്ന് വിചാരിക്കരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് തോൽവി. പല മഹാൻമാരും തോൽവിയുടെ രുചിയറിഞ്ഞാണ് ജയത്തിന്റെ മധുരം നുണഞ്ഞത്.
മിണ്ടിപ്പറയണം
ആരോടും മിണ്ടാതെ ഫോണുമായിമാത്രം കൂട്ടുകൂടുന്നവരാണ് പല കുട്ടികളും. അതുവേണ്ട, പകരം കൂട്ടുകാരോടും അധ്യാപകരോടും വീട്ടുകാരോടുമെല്ലാം മിണ്ടാം. ഇതിലൂടെ ആശയവിനിമയശേഷി കൂട്ടാം. പരസ്പരം തിരിച്ചറിയാനുള്ള അവസരംകൂടിയാണിത്.
മനഃപാഠമാക്കാം
പഠനം പാൽപ്പായസം മാത്രമല്ല. കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും പഠിക്കണം. വർഷങ്ങൾ, സംഭവങ്ങൾ, ഉദ്ധരണികൾ, വരികൾ, സൂത്രവാക്യങ്ങൾ തുടങ്ങിയവ എന്നും മനസ്സിൽ സൂക്ഷിക്കാൻ മനഃപാഠമാക്കണം. പഠിച്ച കാര്യങ്ങൾ അവസരം കിട്ടുമ്പോൾ എഴുത്തിലും പ്രസംഗത്തിലും സംഭാഷണത്തിലുമൊക്കെ പ്രയോഗിക്കാനും മറക്കരുത്.
ശുചിത്വം പ്രധാനം
മഴക്കാലരോഗങ്ങളെ കരുതിയിരിക്കുക. മലിനമായ ജലം, ഭക്ഷണം എന്നിവ ഒഴിവാക്കുക. ആരോഗ്യകരമാവട്ടെ ആഹാരശീലങ്ങൾ. പരസ്യങ്ങളിലെ തന്ത്രങ്ങളിൽ വീഴാതെ യുക്തിപൂർവം ചിന്തിച്ച് ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുക.
തെറ്റും ശരിയും
ജീവിതത്തിൽ തെറ്റുകളും വീഴ്ചകളും സ്വാഭാവികമാണ്. തെറ്റുചെയ്തുപോയാൽ തിരുത്തുക എന്നതാണ് ശരിയായ കാര്യം. വീട്ടുകാരും അധ്യാപകരും കൂട്ടുകാരും കൂടെയുണ്ടാവും. തെറ്റിന്റെവഴിയേ വീണ്ടുംപോകാൻ ഒരിക്കലും ഇടവരുത്തരുത്.
പാഴാക്കരുത് അവസരങ്ങൾ
ചോദ്യം ചോദിക്കാൻ, ഉത്തരം പറയാൻ, ചിത്രം വരയ്ക്കാൻ, പാട്ടുപാടാൻ, അഭിനയിക്കാൻ തുടങ്ങി ക്ലാസ് മുറികളിൽ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കരുത്.
Content Highlights: Transitioning students from summer break to academic routine