പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താം; പദ്ധതികളുമായി അനെർട്ട്

..
..

സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ അക്ഷയ ഊർജ്ജ മേഖലയുടെ സമുന്നതമായ വികസത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനെർട്ട്. പാരമ്പര്യേതരവും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ഊർജ സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ് അനെർട്ട് പ്രധാനമായും നടപ്പിലാക്കുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സോളാർ സിറ്റി പദ്ധതി ഇതിന്റെ ഭാഗമാണ്. കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.ആദ്യഘട്ടത്തിൽ സ്മാർട്ട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 500-ൽ പരം പൊതു കെട്ടിടങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായി, സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ  സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനും അനുമതിയായി. തിരുവനന്തപുരം നഗരസഭയിലെ 25000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40 % വരെ സബ്‌സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5 % പലിശയിളവും ലഭിക്കും. നിലവിൽ  ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ  ടോപ് അപ്പ് ആയി ലോൺ ലഭിക്കുന്നതാണ്.

2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് ഈ പദ്ധതിയിൽ സബ്‌സിഡി ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഫ്‌ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കാനുള്ള അനുമതിയുണ്ട്.

പിഎം കുസും പദ്ധതി

കാർഷിക മേഖലയിൽ നിലവിലുള്ള വൈദ്യുത പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതോടൊപ്പം വരും വർഷങ്ങളിൽ കർഷകർക്ക് ഒരു അധിക വരുമാനം കൂടെ ലഭിമാക്കുവാൻ ഉതകുന്ന തരത്തിൽ സ്ഥാപിച്ചു നൽകുന്ന പിഎം കുസും പദ്ധതിയും അനെർട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ഹരിത വരുമാന പദ്ധതി

അക്ഷയ ഊർജ്ജ മേഖലയുടെ ഗുണഫലങ്ങൾ എല്ലാത്തരം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത വരുമാന പദ്ധതിയും ഉൾപ്പടെയുള്ള മറ്റ് അനേകം പ്രവർത്തനങ്ങളും അനെർട്ട് കേരളത്തിലുടനീളം നടപ്പിലാക്കുന്നു. ലൈഫ് മിഷൻ പദ്ധതി വഴി നിർമിച്ച വീടുകളിലും പട്ടിക ജാതി വകുപ്പ് നിർമിച്ചു നൽകിയ വീടുകളിലും പുനർഗേഹം പദ്ധതി വഴി നിർമിച്ചു നൽകിയ വീടുകളിലും സൗജന്യമായി   സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദുതിയും അധിക വരുമാനവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.

സൗരതേജസ്സ്

കേന്ദ്ര നവ-നവീന ഊർജ്ജ മന്ത്രാലയം കെ.എസ്.ഇ.ബി. മുഖേന നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ സബ്‌സിഡി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട്  മുഖേന സ്ഥാപിക്കുന്നത്തിനുള്ള പദ്ധതി.

മറ്റുപദ്ധതികൾ

ഗ്രിഡ് വൈദ്യുതി ലഭ്യമല്ലാത്ത വിദൂര ആദിവാസി കോളനികളിൽ സോളർ പവർ പ്ലാന്റുകളോടൊപ്പം ചെറിയ കാറ്റാടി യന്ത്രങ്ങൾ കൂടി സ്ഥാപിച്ചുള്ള ഹൈബ്രിഡ് പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതി, സംസ്ഥാനത്തെ വിവിധ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, പച്ചക്കറി, പഴം, പൂവ് മുതലായ വിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി സൗരോർജത്തിൽ ശീതസംഭരണി, ഗാർഹിക പുരപ്പുറ സൗരോർജ സബ്സിഡി പദ്ധതി ഉൾപ്പടെയുള്ള മറ്റ് അനേകം പ്രവർത്തനങ്ങളും അനെർട്ട് കേരളത്തിലുടനീളം നടപ്പിലാക്കി വരുന്നു.

Content Highlights: anert introduces so many projects