ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്- ബച്ചന്‍

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. താനെന്ന വ്യക്തി ഇന്നും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് കാരണക്കാരന്‍ ബാല്‍ താക്കറെയാണെന്ന് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു ബച്ചന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താക്കറെയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് അദ്ദേഹം താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് വികാരഭരിതനായി സംസാരിച്ചത്.
ബാല്‍ താക്കറെയും ശിവസേനയുടെ ആംബുലന്‍സും ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
1983 ല്‍ കൂലി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തനിക്ക് ഗുരുതരമായൊരു അപകടം സംഭവിച്ചു. നടുവിന് ഗുരുതരമായ പരിക്കു പറ്റിയ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഷൂട്ടിംഗ് സെറ്റിന്റെ പരിസരത്ത് ആംബുലന്‍സുകളൊന്നും ലഭിക്കാതെ യൂണിറ്റ് മൊത്തം നിസ്സഹായരായ അവസ്ഥ. ആ സമയത്ത് ബാല്‍ താക്കറെയാണ് രക്ഷക്കെത്തിയതെന്നും ശിവസേനയുടെ ആംബുലന്‍സ് വിട്ടുതന്ന് സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും ബച്ചന്‍ പറഞ്ഞു.
'എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയൊരു ആവശ്യം വന്നപ്പോള്‍ ബാലസാഹബ് ആണ് എന്നെ രക്ഷിച്ചത്. ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു'. അമിതാഭ് പറഞ്ഞു.
Content Highlights: amitabh bachchan about the friendship with bal thackeray