മീശ പിരിച്ച് മേജർ മഹാദേവൻ; മമ്മൂട്ടി-അഖിൽ അക്കിനേനി ചിത്രം 'ഏജന്റ്' വെള്ളിയാഴ്ച മുതൽ

ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം ഏജന്റ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 28-ന് മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ ലോകവ്യാപകമായി റിലീസിനെത്തും. ഇപ്പോഴിതാ ഏജന്റിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. 

"ഡെവിൾ" എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജർ മഹാദേവനെയാണ് കാണാനാകുന്നത്. 

ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. "സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം ഏജന്റിൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ ഏജന്റ് ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പിച്ചു. മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല, അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയുന്നു", നാഗാർജുന പറഞ്ഞു. ചിത്രത്തിന്റെ തെലു​ഗുവിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. അദ്ദേഹം ഡബ്ബ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.             

നേരത്തെ റിലീസ് ചെയ്ത ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ, തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണ് ഏജന്റെന്ന് ഉറപ്പ് നൽകുന്നുണ്ട്. മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബജറ്റിലാണ് പൂർത്തിയായത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.  ചിത്രത്തിലെ "ദി ഗോഡ്" എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ഹിപ്ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലോർ ആണ്. ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ് എഡിറ്റിങ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി.ആർ.ഒ : പ്രതീഷ് ശേഖർ.

Content Highlights: mammootty akhil akkineni movie agent new poster released