മുരളി ഹൃദയത്തോടടുത്ത് നിൽക്കുന്ന കഥാപാത്രം, ക്ലാസ്മേറ്റ്സിന് രണ്ടാം ഭാഗം വേണ്ട -നരേൻ

നരേൻ | ഫോട്ടോ: രാഹുൽ ജി ആർ \ മാതൃഭൂമി
നരേൻ | ഫോട്ടോ: രാഹുൽ ജി ആർ \ മാതൃഭൂമി

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിച്ചാൽ പാർട്ട് 2 വേണ്ടാ എന്നാണ് തന്റെ അഭിപ്രായമെന്ന് പറയുകയാണ് നടൻ നരേൻ. "എവിടെ പോയാലും ആരെങ്കിലുമൊക്കെ ക്ലാസ്മേറ്റ്സിന്റെ പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. പാർട്ട്‌ 2 വന്നാൽ ഞാൻ ഉണ്ടാവില്ലല്ലോ സിനിമയിൽ. അതുകൊണ്ട് വേണ്ട എന്നാണ് എന്റെ അഭിപ്രായം. "- സാക് ഹാരിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ദ്വിഭാഷ ചിത്രം അദൃശ്യത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയായിരുന്നു നരേൻ.

ഹൃദയത്തോടടുത്ത് നിൽക്കുന്ന 'മുരളി'

തൃശൂർ കേരളവർമ്മ കോളജിലാണ് പഠിച്ചത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രം ഹൃദയത്തോട് അടുത്ത് നിൽക്കുന്നതാണ്. സിനിമയിൽ കഥാപാത്രത്തിനുണ്ടാകുന്ന മരണം ഒഴിച്ച് കഴിഞ്ഞാൽ മുരളിയേ പോലെ ഒരാളായിരുന്നു ഞാനും. കോളജ് ലൈഫിൽ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്യുന്ന എസ്എഫ്ഐയോടും കെഎസ്‌യുവിനോടും അടുത്ത് നിൽക്കുന്ന ഒരാളായിരുന്നു. എന്റെ കോളേജ് ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുത്താൻ കഴിഞ്ഞ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഇപ്പോഴും എവിടെ ചെല്ലുമ്പോഴും ക്ലാസ്മേറ്റ്സിലെ പാട്ട് പറഞ്ഞു എന്നെ പരിചയപ്പെടുത്താറുണ്ട്

രണ്ട് ഭാഷകളിൽ ചിത്രീകരിച്ച അദൃശ്യം

അദൃശ്യം ഒരു ത്രില്ലർ ഴോണറിലുള്ള ചിത്രമാണ്. തമിഴിൽ യുകി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യമായിട്ടാണ് ഒരു ദ്വിഭാഷ ചിത്രം ചെയ്യുന്നത്.  ഇതിനുമുമ്പ് ഒരു ഗസ്റ്റ് റോളിൽ  മാത്രമാണ് ചെയ്തിട്ടുണ്ടായിരുന്നത്. പ്രൈവറ്റ് ഡിക്ടറ്റീവ് ആയ നന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. നവാഗത സംവിധായകനായ സാക് ഹാരിസ് രണ്ട് സിനിമകൾ ഒരേസമയം ചെയ്യുകയാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ തിരക്കഥയാണ്. പ്രേക്ഷകനെ അതിശയിപ്പിക്കുന്ന രീതിയിലാണ് ചിത്രം ചെയ്തിരിക്കുന്നത്. രണ്ട് സിനിമകളും ഒരേ സമയത്താണ് റിലീസ്.

കമൽസാർ നമ്മളോട് മലയാളത്തിലാണ് സംസാരിക്കുക

സ്വന്തം ഭാഷയിൽ സംസാരിക്കുന്നതിനും വർക്ക് ചെയ്യുന്നതിനുമാണ് ഏറ്റവും കൂടുതൽ സുഖം. സെറ്റിൽ നമ്മുടെ ആൾക്കാർ ഉണ്ടാകുമ്പോൾ അത് സ്പെഷ്യലാണ്. കൈതി ചെയ്യുമ്പോഴും വിക്രം ചെയ്യുമ്പോഴും വേറെ എവിടെയോ ആണെന്നുള്ള ഫീൽ ഇല്ലായിരുന്നു. അതിന്റെ കാരണം എന്താണെന്ന് നോക്കുമ്പോൾ വിക്രമിന്റെ നാലോ അഞ്ചോ അസിസ്റ്റന്റുകൾ മലയാളി, ക്യാമറാമാൻ മലയാളി, ക്യാമറാമാന്റെ അസിസ്റ്റന്റുകളും മലയാളി. കമൽസാറും നമ്മളോട് മലയാളത്തിലാണ് സംസാരിക്കുക. പിന്നെ ഫഹദ്, ചെമ്പൻ, കാളിദാസ് അങ്ങനെ കുറേപർ. അപ്പോൾ നമ്മുടെ വീട്ടിൽ എന്നത്പോലെയാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത് ഒരു തെലുങ്ക് സിനിമ ചെയ്തിരുന്നു. അതിൽ ഒരു മലയാളികൾ പോലും ഇല്ലായിരുന്നു. തമിഴിൽ നിന്നും ആരും ഉണ്ടായിരുന്നില്ല. അന്ന് മറ്റെവിടെയോ എത്തിപ്പെട്ട പോലെയായിരുന്നു ലൊക്കേഷനിൽ.

Content Highlights: Narain Interview, Actor Narain about Adrishyam movie, Classmates 2