‘ജനം തെരുവിലിറങ്ങുക മാത്രം പോംവഴി; ഒരുഘട്ടം കഴിഞ്ഞാൽ ഏത് ഏകാധിപതിയുടെയും കൈയിൽനിന്നും നിയന്ത്രണം പിടിവിടും’

പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും തിരഞ്ഞെടുപ്പുകമ്മിഷനെ പാവയെപ്പോലെ നിയന്ത്രിക്കുകയും ചെയ്യുന്ന വർത്തമാനകാലഘട്ടത്തിൽ നീതിക്കായി ജനം തെരുവിലിറങ്ങുക മാത്രമാണ് മാർഗമെന്ന് രാഷ്ട്രീയപണ്ഡിതനും ജനാധിപത്യപ്പോരാളിയുമായ യോഗേന്ദ്ര യാദവ് പറയുന്നു. മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖം...
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതതന്നെ നഷ്ടപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. എങ്ങനെ കാണുന്നു, പുതിയ സംഭവവികാസങ്ങളെ
= തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു വർഷംമുൻപ് എസ്.ഐ.ആർ. നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ എന്നെപ്പോലുള്ളവർ ഇതിന്റെ നിയമസാധുത ചോദ്യംചെയ്ത് സംസാരിച്ചിരുന്നു. പക്ഷേ, അന്ന് പലരും ഇത് ഗൗരവമായെടുത്തില്ല. ബംഗാൾ തിരഞ്ഞെടുപ്പിലാണ് രാജ്യം ഈ തട്ടിപ്പ് ശ്രദ്ധിക്കുന്നത്. പണക്കാരെയും ഉന്നതരെയും ബാധിക്കുമ്പോൾമാത്രമാണ് ഈ രാജ്യത്ത് ഏതു വിഷയവും ശ്രദ്ധിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് വാർത്തകൾ തുറന്നുകാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ തീർത്തും ഭരണഘടനാവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന വിവരം കമ്മിഷനെതിരായ സമരം തീർത്തും നിർണായകഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
കമ്മിഷനിലെ മൂന്നുപേർ പരസ്പരം കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിന് നിയമസാധുതയുണ്ടോ?
= കമ്മിഷനിലെ മൂന്ന് അംഗങ്ങൾ കൂടിയാലോചിക്കുന്നില്ല എന്നു മാത്രമല്ല, അവർതമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അവർ യോഗം ചേർന്ന് നിയമാനുസൃതമായല്ല തീരുമാനങ്ങൾ എടുത്തത്. ഇപ്പോൾ കമ്മിഷൻ ഇറക്കിയ വിശദീകരണക്കുറിപ്പിൽ ഇതെല്ലാം സമ്മതിക്കുന്നു. ഭാവിയിൽ അജൻഡപ്രകാരം യോഗം ചേരുമെന്ന് സമ്മതിക്കുന്നു. അപ്പോൾ ഇതുവരെ ഒരു ഭരണഘടനാസ്ഥാപനത്തെ നയിച്ചത് യോഗം ചേരാതെ മിനിറ്റ്സും അജൻഡയും ഇല്ലാതെയാണ് എന്നു വ്യക്തമായി.
വാർത്തവന്ന് വിവാദമായപ്പോൾ കമ്മിഷനിലെ മറ്റുരണ്ട് അംഗങ്ങൾ ചർച്ചചെയ്തുവെന്ന് മാറ്റിപ്പറയുകയാണ്. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ വിളിച്ച് ഭയപ്പെടുത്തിയതുകൊണ്ടാവാം, ഇപ്പോൾ അവർ പറയുന്നു മുൻപെടുത്ത എല്ലാ തീരുമാനങ്ങളും സമവായത്തോടെയാണ് കൈക്കൊണ്ടതെന്ന്. സമവായത്തിന് ഇപ്പോൾ മുൻകാലപ്രാബല്യം നൽകാനാവുമോ.
സമവായത്തോടെയാണ് തീരുമാനമെങ്കിൽ അതിന് തെളിവുവേണ്ടേ?
= തീർച്ചയായും. ബിഹാർ എസ്.ഐ.ആർ. തീരുമാനം കൈക്കൊണ്ടത് സമവായത്തോടെയാണെങ്കിൽ അതിന്റെ രേഖ രാജ്യത്തിനുമുൻപാകെവെക്കണം. അന്ന് കമ്മിഷൻ യോഗം ചേർന്ന് എടുത്ത തീരുമാനമായിരുന്നോ. എങ്കിൽ തീരുമാനം അംഗീകരിച്ച് രണ്ടു കമ്മിഷണർമാരും ഒപ്പിട്ടിരുന്നോ. ഇതിനുതെളിവായി രേഖകളുണ്ടോ. രേഖകളില്ലെങ്കിൽ അതിനർഥം എസ്.ഐ.ആർ. തീരുമാനം മുഴുവൻ നിയമവിരുദ്ധമാണ്.
നിയമസാധുതയുള്ള തീരുമാനമില്ലാതെ നിങ്ങൾ 13 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയിരിക്കുകയാണ്. ഈ ഭരണഘടനാവിരുദ്ധമായ നടപടിക്ക് പരിഹാരം ചീഫ് ഇലക്ഷൻ കമ്മിഷണറും രണ്ടു കമ്മിഷണർമാരും ചുമതലയൊഴിയുകയെന്നതാണ്.
എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിന്ന രണ്ടു കമ്മിഷണർമാരും കുറ്റക്കാരാണ്. അവർക്ക് വേണമെങ്കിൽ എതിർക്കാമായിരുന്നു. കാര്യങ്ങൾ ധരിപ്പിച്ച് രാഷ്ട്രപതിക്ക് കത്തയക്കാമായിരുന്നു. ഇവർ എല്ലാം കണ്ടും അറിഞ്ഞും ക്രമക്കേടിന് കൂട്ടുനിന്നു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം. മറ്റുരണ്ടുപേരെ പുറത്താക്കണം. ഇത് ആര് ചെയ്യും എന്നതാണ് ചോദ്യം.
ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിട്ട് മാസങ്ങളായിട്ടും പാർലമെന്റിൽ ചർച്ചനടക്കുന്നില്ലല്ലോ?
= ഇംപീച്ച്‌മെന്റിന് മാർച്ചിൽ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുവരെ ചർച്ചയ്‌ക്കെടുത്തിട്ടില്ല. കാരണം വിഷയം ചർച്ചയ്‌ക്കെടുത്താൽ കൂടുതൽ വിവരങ്ങൾ പാർലമെന്റിൽ വരും. പാർലമെന്റിൽ സംസാരിക്കുന്നതിന് പരിരക്ഷയുള്ളതിനാൽ, പുറത്തുപറയാൻ കഴിയാത്ത പലതും സഭയിൽ അംഗങ്ങൾ പറയും. അതുകൊണ്ടാണ് ഈ വിഷയം ചർച്ചയ്‌ക്കെടുക്കാത്തത്.
തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി.യും ജുഗൽബന്ധി ആടുകയാണ്. ഇവർ രണ്ടുപേരും പരസ്പരം ചേർന്ന് ഒന്നായിമാറുകയാണ്.
പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നോട്ടീസ്പോലും ചർച്ചയ്‌ക്കെടുക്കാത്തഘട്ടത്തിൽ എന്താണ് പോംവഴി?
= ജനാധിപത്യം സംരക്ഷിക്കേണ്ട ബാധ്യത പൗരന്മാർക്കുണ്ട്. ഈ സന്ദിഗ്ധഘട്ടത്തിൽ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പൊതുജനം രംഗത്തിറങ്ങണം. അതിലാണ് ഇപ്പോൾ ഞങ്ങളെല്ലാം അണിനിരക്കുന്നത്. പാർലമെന്റ് ഇവരെ ഇംപീച്ച് ചെയ്യുന്നില്ലെങ്കിൽ പൗരന്മാർക്ക് ഇവരെ തെരുവിൽ 'ഇംപീച്ച്' ചെയ്യാമെന്ന് കാണിച്ചുകൊടുക്കണം. അതുമാത്രമാണ് ഏകമാർഗം.
പാർലമെന്റ് വെറും നോക്കുകുത്തിയായിമാറുകയാണോ. അവിടെ നടക്കുന്ന ചർച്ചകളുടെ നിലവാരം ഗണ്യമായി താഴോട്ടുപോയതായി തോന്നുന്നുണ്ടോ?
= പാർലമെന്റ് ഒരു പരിഹാസമായിമാറിയെന്നത് സത്യമാണ്. ലോക്സഭയിലെ പ്രതിപക്ഷനേതാവ് പറയുന്നത് കേൾക്കാതിരിക്കാൻ പലപ്പോഴും മൈക്ക് ഓഫാക്കുകയാണ്.
മുൻകാലങ്ങളിൽ പ്രതിപക്ഷബഹളം കാരണമാണ് പാർലമെന്റ് സ്തംഭിച്ചതെങ്കിൽ ഇപ്പോൾ ഭരണപക്ഷമാണ് സ്തംഭിപ്പിക്കുന്നത്. ഇംപീച്ച്മെന്റ് നോട്ടീസ് ചർച്ചയ്ക്കുവെച്ചാൽ മികച്ചരീതിയിൽ പ്രതിപക്ഷം വിഷയം അവതരിപ്പിക്കും എന്ന് ഉറപ്പാണ്.
രാഷ്ട്രീയപ്പാർട്ടികളിലുണ്ടായ വിശ്വാസത്തകർച്ചയാണോ കോക്രോച്ച് ജനതാ പാർട്ടിപോലുള്ളവരുടെ രംഗപ്രവേശനത്തിന് കാരണം?
= അങ്ങനെ നിരീക്ഷിക്കുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ അരനൂറ്റാണ്ടിൽ രാജ്യത്തുനടന്ന സുപ്രധാന മൂവ്‌മെന്റുകൾ നയിച്ചത് രാഷ്ട്രീയപ്പാർട്ടികളായിരുന്നില്ല. 1974-ൽ ബിഹാറിൽനിന്ന് തുടങ്ങിയ ജയപ്രകാശ് നാരായൺ മൂവ്‌മെന്റ് ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും നേതൃത്വത്തിലായിരുന്നില്ല. 1983-ലെ അസം മുന്നേറ്റം വിദ്യാർഥിപ്രക്ഷോഭമായിരുന്നു. 1988-'90 ലെ വി.പി. സിങ്ങിന്റെ രംഗപ്രവേശനം ജനമോർച്ച എന്ന മൂവ്‌മെന്റിലൂടെയാണ് തുടക്കം. പിന്നീടാണ് അത് ജനതാദൾ ഒക്കെയായിമാറിയത്. അണ്ണ ഹസാരെ മൂവ്‌മെന്റ്, കർഷകസമരം, ഇപ്പോൾ വിദ്യാർഥിപ്രക്ഷോഭം... എല്ലാം ഓരോ മുന്നേറ്റങ്ങളാണ്. അതാണ് ജനാധിപത്യത്തിന്റെ യുക്തി.
പ്രധാനമൂവ്‌മെന്റുകൾ എല്ലാം പിറവിയെടുത്തത് പ്രഖ്യാപിത രാഷ്ട്രീയപ്പാർട്ടികൾക്കുപുറത്താണ്. അതുകൊണ്ടുതന്നെ ഇത് നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികളുടെ ന്യൂനതയായി കാണേണ്ടതില്ല. ജനാധിപത്യത്തിൽ രാഷ്ട്രീയപ്പാർട്ടികളും മൂവ്‌മെന്റുകളും എല്ലാം അനിവാര്യമാണ്. അടിത്തട്ടിൽനിന്ന് വിഷയം കണ്ടെത്തി ഉന്നയിക്കുന്നതിന് മൂവ്‌മെന്റുകൾക്ക് സാധിക്കുന്നുണ്ട്. ഒരുഘട്ടത്തിൽ എല്ലാവരും അടിസ്ഥാന ആവശ്യത്തിനായി ഒന്നിക്കും.
കഴിഞ്ഞദിവസം ബി.ജെ.പി. മുൻ അധ്യക്ഷൻ മുരളി മനോഹർ ജോഷി ഒരു അഭിമുഖത്തിൽ തന്റെ നീരസം വ്യക്തമാക്കിയിരുന്നു. സ്വന്തം പാളയത്തിൽനിന്നുതന്നെ ബി.ജെ.പി.ക്ക് എതിർപ്പ് നേരിടേണ്ടിവരുകയാണോ?
= കോൺഗ്രസ് മുൻപ് നടത്തിയ അഴിമതിയെക്കാൾ അസഹ്യമാണ് ഇപ്പോഴത്തെ ബി.ജെ.പി. ഭരണം എന്ന് ബി.ജെ.പി.-ആർ.എസ്.എസ്. അടുപ്പമുള്ള ആളുകൾതന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മോദിഭരണത്തോടുള്ള എതിർപ്പ് നാൾക്കുനാൾ കൂടിവരുകയാണ്. ഇപ്പോൾ രോഷം തിളച്ചുമറിയുന്ന ഘട്ടത്തിലെത്തി എന്നതിന് തെളിവാണ് യുവജനപ്രക്ഷോഭം സൂചിപ്പിക്കുന്നത്.
കൃത്രിമമായി സൃഷ്ടിച്ച പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിൽ ഇത് വിള്ളലുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിന് ശബ്ദം തിരിച്ചുകിട്ടിയെന്നു മാത്രമല്ല യുവാക്കൾ സത്യം വിളിച്ചുപറയാനുള്ള ധൈര്യം വീണ്ടെടുത്തു. അതുകൊണ്ട് ഇനി ഈ പ്രക്ഷോഭത്തെ തടഞ്ഞുനിർത്താൻ ഭരണകൂടത്തിന് സാധിക്കില്ല. മുരളി മനോഹർ ജോഷി പറഞ്ഞതുപോലെ ഇനി പലരും പറഞ്ഞുതുടങ്ങും. ഒരുഘട്ടം കഴിഞ്ഞാൽ ഏത് ഏകാധിപതിയുടെയും കൈയിൽനിന്ന് നിയന്ത്രണം പിടിവിടും.
ഇത്രയും ഗുരുതരമായ പ്രതിസന്ധി രാജ്യം നേരിടുമ്പോഴും സോഷ്യലിസ്റ്റ്, ജനാധിപത്യവാദികൾ എന്ന് അവകാശപ്പെടുന്ന നിതീഷ്‌കുമാർ, ചന്ദ്രബാബു നായിഡു തുടങ്ങിയവർ ഇപ്പോഴും ബി.ജെ.പി. പാളയത്തിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ടാണ്?
= നിതീഷ്‌കുമാറിനെപ്പോലുള്ളവരെ സോഷ്യലിസ്റ്റ് നേതാവ് എന്ന് ഞാൻ വിശേഷിപ്പിക്കില്ല. ഏതോ ഒരു ഭൂതകാലത്ത് അവർ സോഷ്യലിസ്റ്റുകളായിരുന്നു. നിതീഷ്‌കുമാറും കമ്പനിയും എക്സ് സോഷ്യലിസ്റ്റുകളാണ്. സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പൂർണമായും അടിയറവുപറഞ്ഞാണ് അവർ ബി.ജെ.പി.യോടൊപ്പം കൂടിയത്. തല്ലിയും തലോടിയും അവരെ കൊണ്ടുനടക്കാൻ ബി.ജെ.പി.ക്കറിയാം.
മമതാ ബാനർജി ഇന്ത്യസഖ്യത്തിൽ വന്നത് പ്രതീക്ഷാവഹമാണ്. 2029-ൽ സമാനചിന്താഗതിക്കാരെയെല്ലാം കൂട്ടുപിടിച്ചാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽവരുമോ?
= സഖ്യമോ മുന്നണിയോ ഒന്നുമല്ല 2029-ലെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി ഞാൻ കാണുന്നത്. ഏറ്റവും വലിയ ചോദ്യം നമുക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് 2029-ൽ ഉണ്ടാവുമോ എന്നതാണ്. ബംഗാളിൽ അടുത്തിടെ നടന്നപോലുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിൽ നീതിയുക്തമായ തിരഞ്ഞെടുപ്പുതന്നെ പ്രതീക്ഷിക്കാനാവില്ല.
ഭരണകക്ഷി പരാജയപ്പെടുന്ന തിരഞ്ഞെടുപ്പ് നടക്കുമോ. ഭരണകക്ഷിക്ക് പരാജയമുണ്ടാവുന്ന സാഹചര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കില്ലേ. ഇതൊക്കെയാണ് പ്രസക്തമായ ചോദ്യം. തിരഞ്ഞെടുപ്പ് കമ്മിഷനെ പുറത്താക്കണം, എസ്.ഐ.ആർ പുനഃപരിശോധിക്കണം തുടങ്ങിയ മുദ്രാവാക്യം ജനം ഏറ്റെടുക്കണം. ഈ പ്രക്ഷോഭം സൃഷ്ടിക്കുന്ന ചലനത്തെ ആശ്രയിച്ചിരിക്കും 2029-ലെ തിരഞ്ഞെടുപ്പിന്റെ ഫലം.
എസ്.ഐ.ആർ. ഉൾപ്പെടെയുള്ള വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കാമോ?
= അടിയന്തരാവസ്ഥയുടെ കാലംമുതൽ പരിശോധിച്ചാൽ സുപ്രീംകോടതി ഒന്നും ചെയ്തിട്ടില്ല. അധികാരത്തിനുമുന്നിൽ അടിയറവുപറയുന്ന കാഴ്ചയാണുകണ്ടത്. ഇതുതന്നെയാണ് എസ്.ഐ.ആർ. വിധിയിലും സുപ്രീംകോടതി ചെയ്തത്. കോടതി വലിയ വിധിന്യായമൊന്നും പ്രസ്താവിക്കേണ്ട. തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ട തെറ്റായ നടപടികളുടെ രേഖകൾ ഹാജരാക്കാനെങ്കിലും പറയാം.
ബംഗാളിൽ 16 ലക്ഷം വോട്ടർമാരെ നീക്കാൻ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഈ അപ്പീൽ നൽകിയവരുടെ പേരും മേൽവിലാസവും പുറത്തുവിടാനെങ്കിലും കോടതിക്ക് പറയാമല്ലോ. ഗ്യാനേഷ് കുമാറിന്റെ മകളുടെ കേസ് സുപ്രീംകോടതിയിൽ വിചാരണനടക്കുമ്പോൾ, കോടതിയിലെ ഓഡിയോ സംവിധാനം നിശ്ചലമാക്കി. ഈ കേസ് പരിഗണിച്ചുകഴിഞ്ഞ ഉടനെ ഓഡിയോ സംവിധാനം പ്രവർത്തനക്ഷമമാക്കി. എന്താണിത് സൂചിപ്പിക്കുന്നത്.
ബൊഫോഴ്സ് വിവാദം കത്തിനിന്ന വേളയിൽ അന്ന് പ്രതിപക്ഷ എം.പി.മാർ കൂട്ടമായി രാജിവെച്ച സംഭവമുണ്ടായി. അതുപോലെ നിർണായക പോരാട്ടത്തിന് ഇപ്പോൾ സമയമായോ?
= അത്തരമൊരു പ്രക്ഷോഭത്തിന് സമയമായോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇംപീച്ച്മെന്റ് നോട്ടീസ് ചർച്ചയ്‌ക്കെടുപ്പിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കേണ്ടത്. അതിന് ഭരണപക്ഷം തയ്യാറാകാതെവരുമ്പോൾ മാത്രമാണ് അന്തിമസമരമായി രാജിയിലേക്കുപോവേണ്ടത്.
രാഹുൽഗാന്ധിയുടെ നേതൃത്വത്തെ എങ്ങനെ വിലയിരുത്തുന്നു?
= നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ നിലവിലുള്ള 10-15 നേതാക്കളിൽനിന്ന് ഒരാളെ നേതാവായി അംഗീകരിക്കാനേ സാധിക്കൂ. അങ്ങനെ നോക്കുമ്പോൾ രാഹുലിന്റെ നേതൃത്വത്തിന് പോരായ്മകൾ പറയാനാവില്ല. ഭരണഘടനയോട് കൂറുപുലർത്തി, മതനിരപേക്ഷതയിൽ വിശ്വസിച്ച്, സാമൂഹികനീതിയിൽ അധിഷ്ഠിതമായി, പാവങ്ങളോട് അനുകമ്പപുലർത്തി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽഗാന്ധി. അദ്ദേഹത്തിൽ അഴിമതിയുടെ കറ കാണുന്നില്ല. ബി.ജെ.പി.ക്കെതിരേ അദ്ദേഹം നടത്തുന്നത് ആദർശപരമായ പോരാട്ടമാണ്. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മികവെങ്കിൽ, അധികാരദാഹിയല്ല എന്നത് ഒരു ന്യൂനതയാണ്. രാഷ്ട്രീയത്തിൽ അധികാരത്തിനുവേണ്ടിയുള്ള ആഗ്രഹം ഒരു പരിധിവരെ വേണം.
ഉത്തരേന്ത്യയിലെ സാധാരണക്കാരോട് ഹിന്ദിയിൽ അനായാസമായി സംസാരിക്കാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നതും മുഴുവൻസമയം രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുന്നില്ല എന്നതുമാണ് മറ്റുരണ്ടു ന്യൂനതകൾ. രാഷ്ട്രീയത്തിൽ നമുക്ക് നേതാവിനെ പറിച്ചുകൊണ്ടുവരാൻ കഴിയില്ല. 50 അഴിമതിക്കേസുള്ള നേതാവ് നയിക്കുന്നതിനെക്കാൾ എത്രയോ ഭേദമാണ് മതേതരത്വത്തിൽ ഉറച്ചുവിശ്വസിക്കുന്ന രാഹുൽ നയിക്കുന്നത്.
Content Highlights: The Election Commission acted unconstitutionally without proper consultation or consensus for SIR decisions., Chief Election Commissioner and commissioners must resign, and Gyanesh Kumar should face impeachment., Public protests and street mobilization are the only solutions when Parliament fails to discuss impeachment notices., 2029 elections face uncertainty regarding fairness if the Election Commission's actions and SIR are not thoroughly reviewed.