വാഗാ അതിർത്തിയിലെ സ്റ്റേഡിയത്തിൽ മാലിന്യമിട്ടു; വീഡിയോ പങ്കുവെച്ച് റഷ്യൻ യുവതി, സാമൂഹികമാധ്യമങ്ങളിൽ ചർച്ച

റഷ്യൻ വിനോദസഞ്ചാരിയായ അമീന ഫൈൻഡ്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. ഇന്ത്യയിലെ പൗരബോധത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കാണ് വീഡിയോ തിരികൊളുത്തിയിരിക്കുന്നത്.
അട്ടാരി-വാഗ അതിർത്തിയിൽ ഒരാൾ പരസ്യമായി മാലിന്യം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ, ചിലർ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചോദിച്ചുകൊണ്ട് അവർ വീഡിയോ പങ്കുവെച്ചു. വളരെ വേഗത്തിൽ തന്നെ പോസ്റ്റ് ശ്രദ്ധനേടുകയും വലിയൊരു പൊതുചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു.
പ്രായമായ ഒരാൾ ഐസ്ക്രീം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ, അതിൻ്റെ കടലാസ് മാലിന്യപ്പെട്ടിയിൽ ഇടുന്നതിന് പകരം അദ്ദേഹം മുന്നിലേക്ക് വലിച്ചെറിയുകയും പിന്നീട് അത് മുന്നിലുള്ള സീറ്റിനടിയിലേക്ക് തള്ളിനീക്കുകയുമായിരുന്നു. ഈ പ്രവൃത്തി അദ്ദേഹം പലതവണ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.
വെള്ളിയാഴ്ച പങ്കുവെച്ച വീഡിയോ ഇതിനോടകം ഇരുപത് ലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. നൂറിലധികം കമന്റുകളുമുണ്ട്. പൊതുജനങ്ങളുടെ പൗരബോധമില്ലായ്മ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഇന്ത്യക്കാർ കമന്റ് ബോക്സിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. ഇത് കൃത്യമായ ബോധവത്ക്കരണത്തിന്റെ പ്രശ്നമാണെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു.
Content Highlights: Russian Tourist Captures Public Littering at Attari-Wagah Border, Sparks Civic Sense Debate