സ്ത്രീ വിമോചനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടു - കുഞ്ഞാമൻ | അഭിമുഖം Part3

നിക്ഷേപകരുടെയും സംരംഭകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാർട്ടി കാട്ടുന്ന ഉത്സാഹം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഉണ്ടാവണം എന്ന് സാമൂഹിക ശാസ്ത്രജ്ഞൻ കുഞ്ഞാമൻ. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കെ.എ.ജോണി നടത്തിയ അഭിമുഖത്തിലാണ് കുഞ്ഞാമൻ ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. സി.പി.എം പാർട്ടി കോൺഗ്രസ്സ് ഏപ്രിൽ ആറ് മുതൽ 10 വരെ നടക്കുകയാണ്. ഈ അവസരത്തിൽ പാർട്ടിയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത പാർട്ടിയുടെ പുതിയ സമീപനത്തെക്കുറിച്ചും സംസാരിക്കുകയാണ് കുഞ്ഞാമൻ. അഭിമുഖത്തിന്റെ മൂന്നാം ഭാഗം.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ പ്രാതിനിധ്യമുണ്ട്. പക്ഷേ, ഈ പങ്കാളിത്തം തൊഴില്‍ മേഖലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല. ഈയൊരു പ്രശ്നം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?
ഇതൊരു ഗുരുതരമായ പ്രശ്നമാണ്. ഇതേക്കുറിച്ച് പക്ഷേ, ഗൗരവതരമായ പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയില്ല. സംഘടിത തൊഴില്‍ മേഖലയില്‍ കേരളത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുപോയെന്നത് ഒരു വസ്തുതയാണ്. ഇന്നിപ്പോള്‍ എല്ലാ മേഖലകളിലും മൊബിലിറ്റി വര്‍ദ്ധിച്ചിട്ടുണ്ട്. പണ്ടൊക്കെ ആസ്പിരേഷനല്‍ മൊബിലിറ്റി മദ്ധ്യ വര്‍ഗ്ഗ സമൂഹത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സംഗതിയാണിത്. പക്ഷേ, ഇന്ന് പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളിലും ആളുകള്‍ക്ക് ആഗ്രഹങ്ങളുണ്ട്. അത് നേടിയെടുക്കാനുള്ള ശ്രമവുമുണ്ട്. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ സംഘടിത തൊഴില്‍ മേഖലയിലേക്ക് വരേണ്ടതാണ്. എന്തുകൊണ്ട് അതുണ്ടാവുന്നില്ല എന്നതിനെക്കുറിച്ച് വിശദമായ പഠനം വേണം.
പാട്രിയാര്‍ക്കിയുടെ ഇടപെടലാണോ ഇതിന്റെ മുഖ്യകാരണം?
അതിന്റെ ഒരു സ്വാധീനം തീര്‍ച്ചയായുമുണ്ട്. പെണ്‍കുട്ടികള്‍ ജോലിക്ക് പോകേണ്ട എന്നൊരു നിലപാട് പൊതുവെ പേട്രിയാര്‍ക്കല്‍ സമൂഹങ്ങളിലുണ്ട്. കുടുംബത്തില്‍ നടക്കേണ്ട അഴിച്ചുപണി നടക്കേണ്ട സമയത്ത് നടന്നില്ല എന്നതും കേരളത്തില്‍ സ്ത്രീകളുടെ പിന്നാക്ക അവസ്ഥയ്ക്ക് കാരണമാണ്. കുടുംബം എന്ന സ്ഥാപനത്തിന് ആവശ്യമില്ലാത്ത പവിത്രത കൊടുക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളില്‍ ജനാധിപത്യത്തിന്റെ അഭാവമുണ്ട്. കുടംബബപരമായ ഉത്തരവാദിത്വങ്ങള്‍ പുരുഷന്‍ പങ്കിടുന്നില്ലെന്നത് ഒരു പ്രശ്നമാണ്. ഉദാഹരണത്തിന് കുട്ടികളെ വളര്‍ത്തല്‍. കുടുംബത്തില്‍ സമത്വം എന്നത് പ്രസംഗിച്ചതുകൊണ്ട് വരുന്നതല്ല. തൊഴില്‍ സംരംഭകരാവാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. സാമ്പത്തികമായ പിന്‍ബലം ഇല്ലാത്തതാണ് കാരണം.
സ്ത്രീകള്‍ക്ക് സ്വന്തമായി സ്വത്തില്ലാതെ പോവുന്നു. വീടോ , ഭൂമിയോ അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ഇതെല്ലാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതല്ലേ?
മരുമക്കത്തായം പിന്തുടര്‍ന്ന ചെറിയൊരു വിഭാഗം നായര്‍ സമുദായത്തിലൊഴികെ കേരളത്തില്‍ സ്ത്രീകളുടെ പേരില്‍ ഭൂസ്വത്തോ വീടോ ഉണ്ടായിരുന്നില്ല. അതിലാണെങ്കില്‍ അമ്മാവന്മാരുടെ വല്ലാത്തൊരു അപ്രമാദിത്വമുണ്ടായിരുന്നു. പല നായര്‍ ചെറുപ്പക്കാര്‍ക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതില്‍ ഈ അമ്മാവന്മാരുടെ പങ്ക് വലുതാണ്. അമ്മാവന്മാരും കുടുംബാംഗങ്ങളും തമ്മില്‍ നടന്ന നിയമ യുദ്ധങ്ങളാണ് വാസ്തവത്തില്‍ മരുമക്കത്തായത്തെ തകര്‍ത്ത ഒരു പ്രധാന ഘടകം.
മരുമക്കത്തായത്തിലും സ്ത്രീകള്‍ അടുക്കളയില്‍ തന്നെയായിരുന്നില്ലേ?
അതേ! വീടിനും അടുക്കളയ്ക്കുമപ്പുറത്ത് അവരില്‍ മിക്കവര്‍ക്കും ഒരു ജീവിതമുണ്ടായിരുന്നില്ല. അതേസമയം ദളിതരിലും ആദിവാസികളിലും കുടുംബങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വലിയൊരു പരിധി വരെ തുല്ല്യതയുണ്ടായിരുന്നു. രണ്ടുകൂട്ടരും ഒരു പോലെ പണിയെടുക്കുകയും കുടുംബങ്ങള്‍ പോറ്റുകയും ചെയ്യുന്ന അവസ്ഥ. 1930 കളിലും 40 കളിലും കേരള സമൂഹത്തില്‍ ചില പുനഃസംഘടനകളുണ്ടായി. സാമൂഹ്യമേഖലയുടെ നിയന്ത്രണം നായന്മാരില്‍ നിന്ന് ഈഴവരിലേക്ക് മാറി. നായര്‍ കുടുംബങ്ങളിലെ പുരുഷന്മാര്‍ മദ്യപാനികളായി മാറുന്നതും ഇതേ കാലയളവിലാണ്. കേരളത്തില്‍ മദ്യ കച്ചവടക്കാര്‍ ഏറെയും ഈഴവരും ക്രിസ്ത്യാനികളുമാണ്. മദ്യ മുതലാളിമാര്‍ പൊതുവെ കുടിക്കുന്നവരല്ല. അവര്‍ കുടിപ്പിക്കുകയാണ് ചെയ്യുന്നത്.
പക്ഷേ, അവിടെയും ഈ പരിണാമം പുരുഷന്മാരിലാണ് നടക്കുന്നത്. ഈഴവ സ്ത്രീകള്‍ ഈ മാറ്റത്തിന്റെ ഗുണഭോക്താക്കളാവുന്നുണ്ടോ?
സ്വത്തവകാശം ഇല്ലാതിരുന്നു എന്നതാണ് സ്ത്രീ ശാക്തീകരണത്തിന് വിഘാതമായി നിന്നത്. സ്വത്തെല്ലാം ആണുങ്ങളുടെ പേരിലാവുമ്പോള്‍ അവര്‍ക്കാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കില്‍ നിന്ന് വായ്പ കിട്ടുക. കേരളത്തില്‍ സ്ത്രീ വ്യവസായ സംരംഭകര്‍ കുറയുന്നത് ഈ പരിസരത്തിലാണ്.
വി ടി യെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ നവോത്ഥാന നായകര്‍ സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയില്ല എന്ന് പറയാനാവുമോ?
സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് വിടി നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ക്കായി ഇടപെടുന്നത്. അത്രയധികം അടിച്ചമര്‍ത്തലാണ് അന്തര്‍ജനങ്ങള്‍ നേരിട്ടിരുന്നത്. സാമൂഹ്യമായ ഒരു മുന്നേറ്റമായിരുന്നു അത്. അയ്യങ്കാളിയെ പോലൊരാള്‍ക്ക് അത് എടുത്തുപറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം ദളിത് സമൂഹത്തില്‍ തുല്ല്യതയുണ്ടായിരുന്നു. പുരുഷനും സ്ത്രീയും ഒരു പോലെ കായികാദ്ധ്വാനത്തില്‍ മുഴുകിയിരുന്നു.
കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളില്‍ - നായര്‍ , ഈഴവ - പക്ഷേ, ഒരു വിടി സ്പര്‍ശമുണ്ടായില്ല?
അതേ. ഈ രണ്ട് സമുദായങ്ങളിലും സ്ത്രീയെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരാന്‍ സംഘടിത ശ്രമമുണ്ടായില്ല.അന്തര്‍ജനങ്ങള്‍ക്കുണ്ടായിരുന്ന തരത്തിലുള്ള സ്വാതന്ത്ര്യ നിഷേധം ഈ സമുദായങ്ങളിലുണ്ടായിരുന്നില്ല എന്നതും നമ്മളോര്‍ക്കേണ്ടതുണ്ട്.
എസ്എന്‍ഡിപിയുടെയോ എന്‍എസ്എസ്സിന്റെയോ തലപ്പത്ത് ഒരു സ്ത്രീയും വന്നിട്ടില്ല എന്നതും വസ്തുതയല്ലേ?
ഇതുവരെ വന്നിട്ടില്ല, ഇനിയും വരാനിടയില്ല. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ ഇതുണ്ട്. മുസ്ലിം ലീഗില്‍ ഇത്തവണയാണ് ആദ്യമായി ഒരു സ്ത്രീക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയത്. അറക്കല്‍ ബീവിയെപ്പോലുള്ള ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് സമുദായത്തെ മൊത്തം നിര്‍ണ്ണയിക്കുന്നില്ല. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതും പ്രധാനമന്ത്രിയായതും കൊണ്ട് കോണ്‍ഗ്രസിലെ മറ്റ് സ്ത്രീകളുടെ അവസ്ഥ മാറുന്നില്ല. സിപിഎമ്മിലും സിപിഐയിലും ഇതു തന്നെയാണ് അവസ്ഥ. കുടുംബത്തില്‍ അഴിച്ചുപണിയില്ലാതെ ഈ മാറ്റമുണ്ടാവില്ല. സ്വത്തവകാശം രണ്ടുകൂട്ടര്‍ക്കും ഒരു പേലെയുണ്ടായാലേ ഇത് നടക്കുകയുള്ളു. ക്രിസ്ത്യന്‍ സമുദായത്തില്‍ സഭയും പുരോഹിതന്മാരും പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടപലുകള്‍ നടത്തിയിരുന്നു. പണം മിച്ചം വെയ്ക്കണമെന്നും ആ പണം കൂടുതല്‍ പണമുണ്ടാക്കാന്‍ ഉപയോഗിക്കണമെന്നുമുള്ള നിലപാടായിരുന്നു അത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും ശ്രമമുണ്ടായി. അതേസമയം കുടുംബത്തില്‍ അഴിച്ചുപണി നടക്കാതിരുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമൂഹത്തിലും ആണ്‍മേല്‍ക്കോയ്മ ( പേട്രിയാര്‍ക്കി) തുടര്‍ന്നു. പൗരോഹിത്യ തലത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതെ വന്നതും ഇതിന് കൂടുതല്‍ ശക്തി പകര്‍ന്നു. ചിലപ്പോള്‍ ഇപ്പോഴത്തെ പോപ്പ്, ക്രിസ്ത്യാനിറ്റി കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും പുരോഗമനകാരിയായ പോപ്പായിരിക്കും.
പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകള്‍ പലതും ഗംഭീരമാണെന്ന് പറയുമ്പോള്‍ തന്നെ അംബദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു സംഗതി ഇവിടെ ഓര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ദളിത് വിമോചനത്തിന് ബ്രാഹ്‌മണര്‍ വരുമെന്ന് കരുതനാവില്ലെന്നും അത് പോപ്പ് വിപ്ലവകാരിയാവുമെന്ന് കരുതുന്നത് പോലെയാണെന്നും അംബദ്കര്‍ ' ജാതിയുടെ ഉന്മൂലനം' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.ഒരു വിപ്ലവകാരിക്ക് പോപ്പോ , പോപ്പിന് വിപ്ലവകാരിയോ ആകാനാവില്ലെന്നാണ് അംബദ്കര്‍ ചൂണ്ടിക്കാട്ടുന്നത്?
Yeah.. that's right. ഇതിനൊക്കെ മൗലികമായ കാരണങ്ങളുണ്ട്. മതനവീകരണത്തിന്റെ കാലത്ത് ഉയര്‍ന്നു വന്ന ചോദ്യങ്ങളുണ്ട്. പ്രൊട്ടസ്റ്റന്റുകള്‍ രംഗപ്രവേശം ചെയ്യുന്നത് ക്രിസ്ത്യാനിറ്റിയിലെ ചില അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്. കത്തോലിക്കസഭയിലെ അധികാര ശ്രേണിക്കും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസമത്വത്തിനും എതിരെയുള്ള ചെറുത്ത് നില്‍പായിരുന്നു അത്. പക്ഷേ, അത്തരമൊരു കലാപം കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലുണ്ടായില്ല.
കുടുംബ ബന്ധങ്ങളില്‍ അഴിച്ചുപണിയുണ്ടായില്ല എന്നത് നമ്മളെ പിന്നാക്കം വലിച്ചിട്ടുണ്ട് എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?
അതെ. അനാവശ്യമായ ഒരു തരം പവിത്രത കുടുംബ ബന്ധങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ടു. ജനാധിപത്യ പ്രക്രിയയുടെ അഭാവമാണത്. വിവാഹം ഒരു ഉടമ്പടിയാണ്. വിവാഹമോചനത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിഷമതകള്‍ ഇല്ലാക്കണം. ബന്ധം അലമ്പായാല്‍ ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം. സത്യസന്ധമല്ലാത്ത ബന്ധങ്ങള്‍ തുടരുന്നതില്‍ ഒരര്‍ത്ഥവുമില്ല. പക്ഷേ, കുടുംബം പവിത്രവും പരിശുദ്ധവുമാണെന്ന സങ്കല്‍പത്തിന് പുറത്ത് ഈ ബന്ധങ്ങള്‍ തുടരാന്‍ സ്ത്രീയും പുരുഷനും നിര്‍ബ്ബന്ധിതരാവുകയാണ്.
കുടുംബ ബന്ധങ്ങളും ക്രമേണ മാറുന്നില്ലേ?
എല്ലാ പ്രക്രിയകളിലും ക്രമേണ മാറ്റമുണ്ടാവും. പക്ഷേ, മനുഷ്യര്‍ക്കതിന് വേഗം കൂട്ടാന്‍ കഴിയും. അതിനാണ് ഇടപെടല്‍ വേണ്ടത്.
അത്തരം ഇടപെടലുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ?
ഇല്ല. അതാണ് പ്രശ്നം. കൃത്യമായ ഇടപെടലുകളിലൂടെ മാത്രമേ ഗതിവേഗമാര്‍ജ്ജിക്കാനാവുകയുള്ളു.
സത്രീ വിമോചനത്തിന്റെ കാര്യത്തില്‍ നാരായണ ഗുരു പിന്നാക്കം പോയി എന്ന വിമര്‍ശം എങ്ങിനെയാണ് കാണുന്നത്?
ശരിയാണ്. അവിടെ ഗുരു പിന്നാക്കം പോയി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇവിടെ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരില്ലേ?
തീര്‍ച്ചയായും. കുടുംബതലത്തിലും പാര്‍ട്ടി തലത്തിലും സ്ത്രീകളോട് നീതി പുലര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ക്കായിട്ടില്ല. സിപിഎമ്മില്‍ പൊളിറ്റ് ബ്യൂറൊയില്‍ ഒരു വനിത മാത്രമാണുള്ളത്. ഒരിടത്തും സിപിഎമ്മിന് സംസ്ഥാന സെക്രട്ടറിയായി വനിതയില്ല. കേരളത്തില്‍ ഒരു ജില്ലാ ഘടകത്തിലും വനിത സെക്രട്ടറിയില്ല. പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച് ജയിക്കുന്നവര്‍ ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? കാരണം ഇവര്‍ ജയിക്കുന്നത് ഇവരുടെ മതപരമായ ബന്ധങ്ങളും വിശ്വാസവും കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടല്ല അവരുടെ പ്രതിബദ്ധത.
ലിംഗനീതി നിറവേറപ്പെടാതെ പോവുമ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നുണ്ട്. അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകള്‍ വികസനത്തിന്റെ ഗുണഭോക്താക്കളാവുന്നില്ല എന്നതാണ് ആദ്യത്തെ പ്രത്യാഘാതം. രണ്ട് , സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. ഇതൊരു ഗൗരവതരമായ പ്രശ്നമാണ്. നി്ങ്ങള്‍ക്ക് യോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യമില്ല. ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പറഞ്ഞത് റോസലക്സംബര്‍ഗാണ്. ലെിനിനെതിരെ വിമര്‍ശമുന്നയിക്കുകയും ലെനിനോട് വിയോജിക്കുകയും ചെയ്തവരാണ് റോസലക്സംബര്‍ഗെന്ന് മറക്കരുത്.
ഈ വിഷമസന്ധിയില്‍ നിന്ന് നമ്മള്‍ എങ്ങിനെയാണ് പുറത്ത് കടക്കുക?
സ്വത്തവകാശത്തിലും കുടുംബ ബന്ധങ്ങളിലും മാറ്റമുണ്ടാവുകയാണ് മുഖ്യം. പെറുവില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് അഭിജിത് ബാനര്‍ജി പറയുന്നുണ്ട്. സ്വത്തില്‍ തുല്ല്യ അവകാശത്തിന് നിയമ പരിരക്ഷ വന്നതോടെ സ്ത്രീകള്‍ക്ക് പെറുവിലുണ്ടായ ശാക്തീകരണം ചില്ലറയല്ല. നമ്മുടെ സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ വിജയശ്രീലാളിതരായി നില്‍ക്കുന്നവരെ ഒന്ന് നോക്കിയാല്‍ അറിയാം അവരെല്ലാവരും തന്നെ സ്വത്തവകാശം ഉള്ളവരായിരുന്നു. സ്വത്തില്ലാത്തവര്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെടുകയാണ് ചെയ്തത്. അക്കാദമിക് രംഗത്തായാലും കലയിലും രാഷ്ട്രീയത്തിലും ബിസിനസ്സിലുമെല്ലാം തന്നെ സ്വത്തുള്ളവരാണ് മുന്നേറിയിട്ടുള്ളത്. ഇവിടെ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുകയും കൈയ്യാളുകയും ചെയ്യുന്നത് ആരാണ്? ദാരിദ്ര്യം നമ്മളെ തകര്‍ത്തുകളയും. വിശപ്പടങ്ങിയവര്‍ ഒരു പേജ് വായിച്ച് മനസ്സിലാക്കാനെടുക്കുന്നതിനേക്കാളും എത്രയോ അധികം സമയം വേണം വിശന്നുവലഞ്ഞിരിക്കുന്നവര്‍ക്കെന്ന് എനിക് നേരിട്ടറിയാം. സ്വത്തവകാശം ലഭിക്കുന്നതോടെ മനുഷ്യരുടെ ജീവിതം മാറിമറിയും. അതുപോലെ തന്നെ വികസനത്തിന്റെ കാര്യത്തില്‍ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികളും അവകാശങ്ങളും എടുത്തുകളയണം.
ഇക്കാര്യം ഒന്നുകൂടി വിശദമാക്കാമോ? ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ വേണ്ടെന്ന് വെയ്ക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?
ദളിതര്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക പദ്ധതികളാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇവര്‍ക്കാവശ്യം പ്രത്യേക അവകാശങ്ങളല്ല, തുല്യ അവകാശങ്ങളാണ്. മുഖ്യധാരയിലുള്ള വികസന പ്രക്രിയയില്‍ ഇടപെടാന്‍ അവസരം ലഭ്യമാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പൊതുവെ ഒരു പ്രവണതയുണ്ട്. എല്ലാ പരിപാടികളും മൃഗ സംരക്ഷണ വകുപ്പിലെ പരിപാടികള്‍ പോലെയാക്കുക എന്നതാണത്. മൃഗസംരക്ഷണ വകുപ്പിലെ പ്രത്യേകതയെന്താണ്? നല്ലവരായ മനുഷ്യര്‍ മൃഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളാണത്. ഈ പദ്ധതികള്‍ തയ്യാറാക്കുന്നതിലോ തിരഞ്ഞെടുക്കുന്നതിലോ മൃഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് മുഖ്യധാരാ വികസനത്തില്‍ പങ്കാളിത്തം നല്‍കണം. അല്ലാതെ അവര്‍ക്ക് മാത്രമായി ചില പദ്ധതികള്‍ ആവിഷ്‌കരിക്കുകയല്ല വേണ്ടത്. വികസനം ബുര്‍ഖ മോഡലിലാവരുത്. ബുര്‍ഖ ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കാണാം എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇവരെ കാണാനാവില്ല. സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന മാതൃകകള്‍ ബുര്‍ഖ മാതൃകയായി മാറുന്നുണ്ട്. സര്‍ക്കാരിന് ജനങ്ങളെ കാണാം എന്നാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ കാണാനാവില്ല.
ഇപ്പോള്‍ പല പദ്ധതികളും നടപ്പാക്കുമ്പോള്‍ ആദ്യം എത്തുന്നത് പോലീസാണ്. ജനങ്ങളും പോലീസും തമ്മിലുള്ള സംഘര്‍ഷമാണ് പിന്നെ നമ്മള്‍ കാണുന്നത്. ഒരു പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ അതിലുള്‍പ്പെട്ടിട്ടുള്ളവരുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടക്കാത്തതുകൊണ്ടാണ് ഇതുണ്ടാവുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെ നിരാകരിക്കുന്ന സമീപനമാണിത്. പദ്ധതി നല്ലതോ ചീത്തയോ എന്നതല്ല സംഗതി ജനാധിപത്യപരമായാണോ നടക്കുന്നതെന്നാണ് പ്രശ്നം. വികേന്ദ്രീകരണം നടപ്പാക്കിയപ്പോള്‍ അന്നുയര്‍ത്തിയ മുദ്രാവാക്യം അധികാരം ജനപ്രതിനിധികള്‍ക്ക് എന്നായിരുന്നില്ല അധികാരം ജനങ്ങള്‍ക്ക് എന്നായിരുന്നു. വികേന്ദ്രീകരണത്തിന് മുമ്പ് അധികാരം ജനപ്രതിനിധികള്‍ക്കായിരുന്നു. അതു പോരെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കിട്ടണമെന്നുമുള്ള ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് വികേന്ദ്രീകരണത്തിനായുള്ള ഭേദഗതികള്‍ കൊണ്ടുവന്നത്. പക്ഷേ, അത്തരത്തിലുള്ള ഒന്നും ഇപ്പോള്‍ സംഭവിക്കുന്നില്ല. ജനപ്രതിനിധികള്‍ക്ക് അധികാരമുണ്ട്. 1971 ല്‍ ജോണ്‍ റൊള്‍സ് ' A Theory of Justice ' എന്ന പേരില്‍ എഴുതിയ പുസ്തകമുണ്ട്. വികസനം നമ്മള്‍ അളക്കേണ്ടത് സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായവര്‍ക്ക് ലഭിക്കുന്ന പ്രയോജനം വെച്ചിട്ടായിരിക്കണമെന്ന് അതില്‍ റൊള്‍സ് പറയുന്നുണ്ട്.
അതൊരു ഗാന്ധിയന്‍ സമീപനമാണല്ലോ?
അതെ! ദരിദ്ര നാരായണന്മാര്‍ക്ക് ഒരു തീരുമാനം പ്രയോജനം ചെയ്യുന്നുണ്ടോ എന്നാണ് ഗാന്ധിജി നോക്കിയിരുന്നത്. അന്ത്യോദയ എന്ന ഗാന്ധിയന്‍ സമീപനം അതായിരുന്നു. വികസനത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഓരോ വ്യക്തിയും അയാള്‍ക്ക് കഴിയുന്നതുപോലെ കൊടുക്കുക , അയാളുടെ ആവശ്യത്തിന് അനുസരിച്ച് എടുക്കുക എന്ന നയമായിരുന്നു മാര്‍ക്സിന്റേത്. '' Production according to ability, distribution according to need.'' ഡിമാന്റിനെക്കുറിച്ചല്ല നീഡിനെക്കുറിച്ചാണ് മാര്‍ക്സ് പറഞ്ഞത്. ഡിമാന്റ് ഒരു മാര്‍ക്കറ്റ് കണ്‍സപ്റ്റ് ആണ്. നീഡ് എന്ന് പറയുന്നത് ഒരു മനുഷ്യന്റെ സ്വാഭാവികമായ ആവശ്യമാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ ആളുകള്‍ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം ഒരു തീരുമാനമെടുക്കേണ്ടത്. ഇവിടെയാണ് ഇപ്പോള്‍ സിപിഎം മുന്നോട്ടു വെയ്ക്കുന്ന നയ രേഖയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടുള്ളത്.
കേരളത്തില്‍ തോട്ടം മേഖലയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ സിപിഎം സര്‍ക്കാര്‍ നടപടി എടുക്കട്ടെ. ഭൂരഹിതരായ തൊഴിലാളികള്‍ ഉത്പാദകരാവുന്നതിന് ഇത് വഴിയൊരുക്കും. 17 , 18 നൂറ്റാണ്ടുകളില്‍ മുതലാളിത്തം വികസിച്ചത് ഭരണകൂടത്തിന്റെ സഹായം കൊണ്ടാണെങ്കിലും ഭരണകൂടങ്ങള്‍ മുതലാളിമാരെ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നില്ല. ഇതിപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതടക്കമുള്ള ഭരണകൂടങ്ങള്‍ അവരെ ക്ഷണിച്ചുകൊണ്ടുവരികയാണ്. നിക്ഷേപകരുടെയും സംരംഭകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാട്ടുന്ന ഉത്സാഹം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഉണ്ടാവണം. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ തോട്ടം ഉടമകളെ പ്രീണിപ്പിക്കുകയും മണ്ണില്‍ പണിയെടുക്കുന്നവരെ അവഗണിക്കുകയുമായിരുന്നു. ആ നയം ഇവര്‍ പൊളിച്ചെഴുതട്ടെ! ഇങ്ങനെയൊരു സാമ്പത്തിക സുരക്ഷ നടപടി പാര്‍ശ്വവത്കരിക്കപ്പെട്ട ജനതകള്‍ക്കായി ഉറപ്പു നല്‍കാന്‍ സിപിഎമ്മിനാവണം. എന്നിട്ടാണ് സ്വകാര്യ നിക്ഷേപത്തിന് പായ വിരിക്കുന്നതെങ്കില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നതില്‍ അര്‍ത്ഥവും പ്രസക്തിയുമുണ്ടാവും.
(അവസാനിച്ചു)
Content Highlights: Kunjaman interview,social , mathrubhumi latest