അദ്ധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമല്ല കർഷക തൊഴിലാളിക്കാണ് ഭൂമി കിട്ടേണ്ടിയിരുന്നത്- കുഞ്ഞാമന്‍

സി.പി.എം പാർട്ടി കോൺഗ്രസ്സ് ഏപ്രിൽ ആറ് മുതൽ 10 വരെ നടക്കുകയാണ്. ഈ അവസരത്തിൽ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയെ മുൻനിർത്തി സാമൂഹിക ശാസ്ത്രജ്ഞൻ കുഞ്ഞാമനുമായി കെ. എ ജോണി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
25 വര്‍ഷത്തിനപ്പുറമുള്ള കേരളമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. അതായത് 25 വര്‍ഷമെങ്കിലും കേരളത്തില്‍ തുടര്‍ഭരണം കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്?
അതിന് സാദ്ധ്യതയുണ്ട്. ജനാധിപത്യം ഭാസുരമാവുന്നത് പ്രതിപക്ഷമുള്ളപ്പോഴാണ്. പ്രതിപക്ഷം നിര്‍വ്വീര്യമായാല്‍ സുസ്ഥിരതയും തുടര്‍ഭരണവുമുണ്ടാവും. ദേശീയ തലത്തില്‍ ബിജെപിക്ക് ഇപ്പോള്‍ ഒരു ബദലുണ്ടോ? ഇതേ നിലയിലേക്കാണ് കേരളവും പോകുന്നത്. പാര്‍ലമെന്ററി ഡെമോക്രസി എന്ന പരികല്‍പന ഇപ്പോള്‍ നമുക്ക് ചില വിയോജിപ്പുകളോടെ മാത്രമേ പ്രയോഗിക്കാനാവൂ. അതിന്റേതായ അര്‍ത്ഥത്തില്‍ പാര്‍ലമെന്ററി ഡെമോക്രസി ഇപ്പോള്‍ ഇവിടെയുണ്ടെന്ന് പറയാനാവില്ല.
ഇന്ത്യന്‍ ജനാധിപത്യം നിര്‍ണ്ണായകമായ വഴിത്തിരിവിലാണെന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്?
അതെ. പ്രതീക്ഷകള്‍ അസ്തമിക്കുന്നുവെന്ന് കൂടി പറയേണ്ടി വരും. യുപി സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം അതാണ് പറയുന്നത്.
യുപിയില്‍ മായാവതിയുടെയും ബിഎസ്പിയുടെയും തകര്‍ച്ചയാണ് ബിജെപിയെ ആത്യന്തികമായി സഹായിച്ചതെന്ന് നിരീക്ഷണമുണ്ട്. ബിജെപിക്കും മായാവതിക്കുമിടയില്‍ എവിടെയോ ചില അന്തര്‍ധാരകള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് ആരോപണം?
ഈ ആരോപണം വെറുതെയാണെന്ന് തോന്നുന്നില്ല. അത് വാസ്തവമാവാനിടയുണ്ട്. എന്തും സാദ്ധ്യമാക്കാവുന്ന ഒരു ശക്തിയായി ബിജെപി വളര്‍ന്നിരിക്കുന്നു. എന്തു ചെയ്താലും അതുമായി രക്ഷപ്പെടാന്‍ ആ പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിയും.
നമ്മള്‍ തുടങ്ങിയത് സിപിഎമ്മിന്റെ നയങ്ങളിലുള്ള വ്യതിചലനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നാണ്. കേരളത്തിന്റെ വികസനത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. വികസനത്തിന്റെ കേരള മാതൃകയ്ക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നല്‍കിയ സംഭാവനകള്‍ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കൃത്യമായൊരു ദിശാബോധം നല്‍കാന്‍ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലേ?
ദിശാബോധം നല്‍കാന്‍ ശ്രമിച്ചു എന്നാണ് പറയേണ്ടത്. കാരണം അതിനുള്ള സമയമേ അവര്‍ക്ക് കിട്ടിയുള്ളു. 1957 ല്‍ ഭരണത്തില്‍ വന്ന ഇഎംഎസ് മന്ത്രിസഭ രണ്ടു കൊല്ലത്തിനപ്പുറം പിരിച്ചുവിടപ്പെട്ടു എന്നത് നമ്മള്‍ മറന്നുപോവരുത്. മൂന്നു കാര്യങ്ങളില്‍ അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.വികേന്ദ്രീകൃത വികസനം, സാക്ഷരത, ഭൂപരിഷ്‌കരണം എന്നിവയില്‍. പിന്നീടത് എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്കായി എന്ന കാര്യം ചര്‍ച്ചചെയ്യപ്പെടേണ്ടതായിട്ടുണ്ട്.
വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ മെച്ചപ്പെട്ടു, കൂടുതല്‍ പേര്‍ക്ക് പഠിക്കാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, തൊഴില്‍ മേഖല അതിനനുസരിച്ച് വികസിപ്പിക്കാന്‍ കേരളത്തിനായില്ല. കേരളത്തിലെ ജനാധിപത്യ അന്തരീക്ഷത്തില്‍ ജനിച്ചു വളരുകയും വിദ്യ അഭ്യസിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഇതിന്റെ ഫലമായി ജനാധിപത്യരഹിത രാഷ്ട്രങ്ങളില്‍ - ഗള്‍ഫില്‍ - ജീവിതത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കാന്‍ നിര്‍ബ്ബന്ധിതമാവുന്ന വൈരുദ്ധ്യമാണ് ഇതിലൂടെ ഉടലെടുത്തത്?
ശരിയാണ്. അതൊരു വൈരുദ്ധ്യം തന്നെയാണ്. കേരളത്തില്‍ വിദ്യാഭ്യാസത്തിന് ആനുപാതികമായി തൊഴില്‍ വിപണി വളര്‍ന്നില്ല എന്നത് വസ്തുതയാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ധ്യാപകര്‍ തൊഴില്‍ ദാതാക്കള്‍ അല്ല എന്നതാണ്. അദ്ധ്യാപകര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നവരാണ്. അത് ചെയ്യേണ്ടത് സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നവരാണ്. 70 കളുടെ മദ്ധ്യത്തോടെ ഏകദേശം കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കി. പക്ഷേ, കൃഷിഭൂമി വയലില്‍ പണിയെടുക്കുന്നവര്‍ക്കല്ല കിട്ടിയത്. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യം. അതുണ്ടായില്ല. പകരം പാട്ടക്കാര്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടിയത്. കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടി. പക്ഷേ, അന്നുയര്‍ത്തിയ മുദ്രാവാക്യം കുടികിടപ്പുകാര്‍ക്ക് ഭൂമി എന്നായിരുന്നില്ല. പാടത്ത് പണിയെടുക്കുന്നവര്‍ അപ്പോഴും ഭൂരഹിതരായി തുടര്‍ന്നു. ഇതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉത്തരം പറയണം. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇങ്ങനെയൊരു മുദ്രാവാക്യം ഉയര്‍ത്തിയിട്ടില്ല.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു മുദ്രാവാക്യം നിറവേറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയാതെ പോയത്?
വര്‍ഗ്ഗ താത്പര്യമാണ് ഇതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചതെന്ന് പറയേണ്ടി വരും. മുതലാളികളും തൊഴിലാളികളും ( ബൂര്‍ഷ്വാസിയും പ്രോലിറ്റേറിയറ്റും) എന്നീ രണ്ട് വര്‍ഗ്ഗങ്ങളെക്കുറിച്ചാണ് മാര്‍ക്സ് പറഞ്ഞത്. 1955 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂപരിഷ്‌കരണത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സുവ്യക്തമായി മുന്നോട്ടുവെച്ചത്. ഈ പരിപ്രേഷ്യത്തിന്റെ പ്രതിഫലനം എ. കെ ഗോപാലന്‍ പാര്‍ലമെന്റിലും പുറത്തും നടത്തിയ പ്രസംഗങ്ങളിലുണ്ടായിരുന്നു. ഈ പ്രസംഗങ്ങള്‍ സമാഹരിച്ചിട്ടുള്ള രണ്ട് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മണ്ണിന് വേണ്ടി, കൊടുങ്കാറ്റിന്റെ മാറ്റൊലി. ഈ രണ്ട് പുസ്തകങ്ങളിലും 1955 ലെ രാഷ്ട്രീയ പ്രമേയം എടുത്തു പറയുന്നുണ്ട്. ഭൂപരിഷ്കരണത്തെക്കുറിച്ച് കോണ്‍ഗ്രസും പറഞ്ഞിട്ടുണ്ട്. പക്ഷേ, കൃഷി ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് നല്‍കണം എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഈ കാഴ്ചപ്പാട് നിറവേറ്റാന്‍ അവര്‍ക്കാവാതെ പോയത് അവര്‍ തൊഴിലാളി വര്‍ഗ്ഗ താത്പര്യത്തിന് പകരം മുതലാളി വര്‍ഗ്ഗ താത്പര്യം സംരക്ഷിച്ചതുകൊണ്ടാണ്.
ബൂര്‍ഷ്വാസിയുടെ താത്പര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലനില്‍ക്കാന്‍ കാരണമായത് അവരുടെ നേതൃനിരയില്‍ യഥാര്‍ത്ഥ തൊഴിലാളികള്‍ കടന്നുവരാതിരുന്നതു കൊണ്ടാണോ?
അതൊരു സുപ്രധാന കാരണമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്ത് ഭൂഉടമകളും ജന്മി കുടുംബങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു. ഇപ്പോഴും അതേറെക്കുറെ അങ്ങിനെതന്നെയാണ്. സമൂഹത്തിലെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം മാത്രമേയുള്ളു. അതുകൊണ്ടാണ് കേരളത്തില്‍ കാര്‍ഷിക , ഉത്പാദന മേഖലകളില്‍ അഴിച്ചുപണി നടക്കാതെ പോയത്. ഇവിടെ നമ്മള്‍ എടുത്തുപറയേണ്ട ഒരു കാര്യം മോഡ് ഒഫ് പ്രൊഡക്ഷന്‍ ( ഉത്പാദന രീതി) എന്ന മാര്‍ക്സിയന്‍ സംജ്ഞയാണ്. ഉത്പാദന ശക്തികളും ഉത്പാദന ബന്ധങ്ങളുമാണ് ഉത്പാദന രീതി നിര്‍ണ്ണയിക്കുന്നത്. ഉത്പാദന ബന്ധങ്ങള്‍ പ്രധാനമായും ഉടമസ്ഥാവകാശ ഘടനയുമായി ബന്ധപ്പെട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഊന്നല്‍ കൊടുത്തത് ഉത്പാദന ശക്തികള്‍ മാറണം എന്നതിലാണ്. ഉത്പാദന ശക്തികള്‍ എന്നും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. കാരണം അതിന് വേണ്ടത് വിജ്ഞാനമാണ്. മനുഷ്യന്റെ വിജ്ഞാനം എന്നും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഓരോ സമൂഹത്തിനും അവരുടേതായ വിഭവങ്ങളുണ്ട്. ഇവയുടെ ഉത്പാദനക്ഷമത എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. കാരണം മനുഷ്യന്റെ വിജ്ഞാനം നാള്‍തോറും കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മനുഷ്യന് പുരോഗിമിക്കാനേ കഴിയുകയുള്ളുവെന്നും പിന്നാക്കം പോകാന്‍ കഴിയില്ലെന്നും മാര്‍ക്സ് പറഞ്ഞത്. കഴിഞ്ഞ കൊല്ലം നമുക്കുണ്ടായിരുന്ന അറിവല്ല ഇപ്പോള്‍ നമുക്കുള്ളത്.
അതേ സമയം ഉത്പാദന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുവെ നിശ്ശബ്ദത പാലിച്ചു. Exasperating Essays എന്ന പുസ്തകത്തില്‍ ഡി.ഡി കൊസാംബി ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ഭൂപരിഷ്‌കരണത്തിനായി ഭൂമി തേടിയപ്പോള്‍ മൊത്തം കൃഷി ഭൂമിയുടെ ഒരു ശതമാനം മാത്രമാണ് കിട്ടിയത്. അതില്‍ തന്നെ മുഴുവനും പുനര്‍വിതരണം ചെയ്യാനായില്ല. അതുകൊണ്ടാണ് ഇന്ത്യയിലെ ഭൂ ഉടമകള്‍ ഭൂ ഉടമകളായും കര്‍ഷകത്തൊഴിലാളികള്‍ കര്‍ഷകത്തൊഴിലാളികളായും തുടര്‍ന്നത്. ഇതു തന്നെയാണ് കേരളത്തിലും സംഭവിച്ചത്. സമ്പന്നന് ബുദ്ധിശക്തിയും സാമര്‍ത്ഥ്യവും കൂടും. വരാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടിക്കാണാനാവും. കേരളത്തിലെ ഭൂ ഉടമകളും ജന്മി കുടുംബങ്ങളും പുതിയ മേഖലകളിലേക്ക് കടന്നത് അങ്ങിനെയാണ്.
കേരളത്തിലെ വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ ഈ വിഭാഗങ്ങളുടെ അധീശത്വം തുടര്‍ന്നു എന്നര്‍ത്ഥം?
അതെ! സമ്പന്നരും ഭൂ ഉടമകളും പുതിയ വാണിജ്യ ഏര്‍പ്പാടുകള്‍ തടങ്ങി. അവര്‍ അവരുടെ മക്കളെ വിദേശത്തയച്ച് പഠിപ്പിക്കുകയും അവര്‍ തിരിച്ച് വന്ന് വാണിജ്യ, വ്യവസായ മേഖലകളില്‍ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, കാര്‍ഷിക മേഖല മുരടിച്ചു. ഒരു തരത്തിലുള്ള ഉത്പാദന വികസനവും അവിടെയുണ്ടായില്ല. ഈ കാലഘട്ടത്തിലാണ് ഗള്‍ഫില്‍ കൂടുതലായി തൊഴിലവസരങ്ങളുണ്ടാവുന്നത്. 1970 കളില്‍ ധാരാളം മലയാളികള്‍ ഗള്‍ഫിലേക്ക് കുടിയേറാന്‍ തുടങ്ങി. 1975 മുതല്‍ 83 വരെ ഇവിടെ ഒരു ഗള്‍ഫ് ബൂമായിരുന്നു. ധാരാളം പണം കേരളത്തിലേക്കൊഴുകി.
1975- 77 ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക കാലമാണ്. അടിയന്തരാവസ്ഥയുടെ വര്‍ഷങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം തീക്ഷ്ണമായി പരീക്ഷിക്കപ്പെട്ട ദിനങ്ങളായിരുന്നു അത്. ഇതേ കാലഘട്ടത്തിലാണ് കേരളത്തില്‍ നക്സല്‍ പ്രസ്ഥാനം ശക്തമായത്. ഭരണകൂടത്തിന്റെ ചൂഷണത്തിനെതിരെ ഒരു സംഘം ചെറുപ്പക്കാര്‍ നടത്തിയ ചെറുത്തു നില്‍പായിരുന്നു നക്സല്‍ പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയത്. എന്നാല്‍ പോലിസിനെക്കൊണ്ട് അടിച്ചമര്‍ത്തിയാണ് നക്‌സല്‍ പ്രസ്ഥാനം ഇല്ലാതാക്കിയതന്നെ് കോണ്‍ഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്‍ അവകാശപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെട്ടതും കേരളത്തിലെ ചെറുപ്പക്കാര്‍ അങ്ങോട്ടു പോയതുമല്ലേ നക്സല്‍ പ്രസ്ഥാനം ദുര്‍ബ്ബലമാക്കിയത്?
ഇതൊരു അഭിപ്രായമാണ്. ഇതിനൊരു വിശദമായ പഠനത്തിന്റെ പിന്‍ബലമില്ല. അതുകൊണ്ടുതന്നെ നമുക്കിത് ഒരു നിഗമനമായി മുന്നോട്ടുവെയ്ക്കാനാവില്ല.
പക്ഷേ, അനീതിക്കെതിരെ പ്രതികരിക്കേണ്ട ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം നാടു വിട്ടുപോവുന്നത് നാട്ടിലെ ചെറുത്തു നില്‍പ് ദുര്‍ബ്ബലമാക്കില്ലേ?
അങ്ങിനെ പറയാനാവില്ല. കാരണം അനീതിക്കെതിരെ പൊരുതുന്നവര്‍ എന്നും ഒരു ന്യൂനപക്ഷമാണ്. ഭൂരിപക്ഷം ചെറുപ്പക്കാരും ഇവിടെയുണ്ടെന്നതുകൊണ്ട് അവരെല്ലാവരും വ്യവസ്ഥിതിക്കെതിരെ നീങ്ങണമെന്നില്ല. 99 പേരെ ചൊല്‍പടിക്ക് നിര്‍ത്താന്‍ ഒരാളു മതി.
കേരളത്തില്‍ നിന്നും പുറം നാടുകളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റം കേരളത്തിന്റെ വികസനത്തെ ബാധിച്ചിട്ടില്ലേ? മിടുക്കരായ ചെറുപ്പക്കാര്‍ നാടു വിട്ടുപോവുന്നത് പുതിയ തൊഴില്‍ സംരംഭകര്‍ കേരളത്തില്‍ കൂടുതലായി ഉദയം ചെയ്യാതിരിക്കുന്നതിന് കാരണമായിട്ടില്ലേ?
ഗള്‍ഫിലേക്ക് പോയവരില്‍ ഭൂരിപക്ഷം പേരും ഉന്നത വിദ്യാഭ്യാസം കിട്ടിയവരോ തൊഴില്‍ സംരംഭകത്വ ശേഷി ഉണ്ടായിരുന്നവരോ അല്ല.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോയവര്‍ അങ്ങിനെയുള്ളവരായിരുന്നില്ലേ?
അത് ഈ ബൂമിന്റെ ഭാഗമായിട്ടല്ല. കേരളത്തില്‍ നിന്നുള്ള ഡയസ്പോറ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ബൗദ്ധികമായ ദാരിദ്ര്യം കേരളത്തിലുണ്ടായിട്ടില്ല. നമ്മള്‍ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും നഴ്സുമാരെയുമൊക്കെ ഉത്പാദിപ്പിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ടിക്കൂടിയാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മള്‍ ജിവിക്കുന്നത് ആഗോളവത്കൃത ലോകത്തിലാണ്. അതില്‍ നമുക്കൊരു ചോയ്സ് ഇല്ല.
ചെറുപ്പക്കാരുടെ കുടിയേറ്റം ബൗദ്ധികതലത്തില്‍ ഇവിടെ ഒരു ദാരിദ്ര്യം ഉണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് വികസനമുരടിപ്പിന് വഴിയൊരുക്കിയിട്ടില്ലെന്നുമാണ് താങ്കള്‍ പറയുന്നത്. അപ്പോള്‍പിന്നെ തൊഴില്‍ മേഖലയില്‍ കേരളം പിന്നാക്കം പോകാനുള്ള കാരണമെന്താണ്?
സാമ്പത്തിക മേഖലയില്‍ നടക്കേണ്ട അഴിച്ചുപണി നടക്കാതെ പോയതാണ് മുഖ്യ കാരണം. ഭൂമി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ അത് ആവശ്യമുള്ളവര്‍ക്ക് കിട്ടിയില്ല. ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കിട്ടിയവരില്‍ ഭൂരിപക്ഷം പേരും ഭൂമിയെ ഉത്പാദക വസ്തുവായി കൈകാര്യം ചെയ്യാന്‍ അറിയാത്തവരോ അതിന്റെ ആവശ്യമില്ലാത്തവരോ ആയിരുന്നു. ഇരുപത് ഏക്കര്‍ അല്ലെങ്കില്‍ 25 ഏക്കര്‍ എന്ന പരിധി ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ കൊണ്ടുവന്നത് ശരിയായ നീക്കമായിരുന്നില്ല. കാര്‍ഷികേതര മേഖലകളുടെ വളര്‍ച്ച കാര്യമായി ഇല്ലാതിരുന്ന 1940 കളിലൊക്കെയാണ് ഇതുകൊണ്ടുവന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ 70 കളില്‍ ഈ മേഖലകളില്‍ കേരളത്തില്‍ കാര്യമായ മുന്നേറ്റം നടക്കുന്നുണ്ടായിരുന്നു. കാര്‍ഷികേതര മേഖലകള്‍ വളരുകയും ധാരാളം ആളുകള്‍ ആ മേഖലകളിലേക്ക് മാറുകയും ചെയ്ത ഒരു കാലത്ത് അവലംബിക്കേണ്ട ഭൂമിയുടെ പരിധിയായിരുന്നില്ല അത്. തൊഴിലും വരുമാന മാര്‍ഗ്ഗങ്ങളുമായിരുന്നു മാനദണ്ഡമാക്കേണ്ടിയിരുന്നത്. അതുണ്ടായില്ല.
ഇതൊന്ന് കൂടി വിശദമാക്കാമോ?
ഭൂമിയുടെ പുനര്‍വിതരണത്തിന് മാനദണ്ഡമാക്കേണ്ടിയിരുന്നത് തൊഴിലും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളുമായിരുന്നു. സെക്രട്ടറിയേറ്റില്‍ ജോലിയുള്ളവര്‍ക്ക് ഭൂമി കൊടുക്കേണ്ട കാര്യമില്ല. വലിയ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അദ്ധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊക്കെയല്ല ഭൂമി കിട്ടേണ്ടിയിരുന്നത്. കാരണം ഇവരൊന്നും തന്നെ ഭൂമിയെ ഉത്പാദക വസ്തു ആയി കാണുന്നവരല്ല. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കാണ് ഭൂമി കിട്ടേണ്ടിയിരുന്നത്. അത് നടന്നില്ല. കേരളത്തില്‍ എത്ര മുഴുവന്‍ സമയ കര്‍ഷകരുണ്ടെന്ന് നോക്കിയാല്‍ ഇത് മനസ്സിലാവും. റബ്ബര്‍ കര്‍ഷകരെ നമുക്ക് മാറ്റി നിര്‍ത്താം. എത്ര മുഴുവന്‍ സമയ നെല്‍ കര്‍ഷകരുണ്ട്? തെങ്ങ് ഒരു കൃഷിയല്ല. മുഴുവന്‍ സമയ കര്‍ഷകര്‍ കേരളത്തില്‍ വളരെക്കുറവാണ്. കൃഷി ഭൂമി ആവശ്യമുള്ളവരുടെ കൈയ്യിലേക്ക് വന്നില്ല. അങ്ങിനെ നടന്നിരുന്നുവെങ്കില്‍ കേരളത്തില്‍ ഉത്പാദനവും ഉത്പാദനക്ഷമതയും കൂടുമായിരുന്നു. നമ്മള്‍ നെല്ലും മറ്റ് കാര്‍ഷികോത്പന്നങ്ങളും കൂടുതലുണ്ടാക്കിയാല്‍ അതിന്റെ അനുരണനം സാമ്പത്തിക മേഖലയിലുണ്ടാവും. വ്യവസായവത്കരണത്തിനുള്ള പണം ഇവിടെത്തന്നെയുണ്ടാക്കാം.
അതുതന്നെയല്ലേ നമ്മുടെ കല്‍പണിക്കാര്‍ , മരപ്പണിക്കാര്‍ , കൊല്ലന്മാര്‍ , മണ്‍പാത്ര നിര്‍മ്മാതാക്കള്‍ എന്നിവരുടെ കൈയ്യിലേക്കും ഭൂമി എത്തിയിരുന്നെങ്കില്‍ സംഭവിക്കുമായിരുന്നത്?
വലിയ വളര്‍ച്ചയുണ്ടാവുമായിരുന്നു. നമ്മള്‍ അതിലേക്കാണ് വരുന്നത്. സംസ്ഥാന വരുമാനത്തിന്റെ ( പുറത്ത് നിന്നുളള പണവും കൂടിച്ചേര്‍ന്നത് ) 30 ശതമാനത്തോളം പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ്. ഇതുപയോഗിച്ച് സംരംഭങ്ങളുണ്ടാക്കുകന്നതിനോ അതിനുള്ള നയപരിപാടികള്‍ രൂപീകരിക്കുന്നതിനോ നടപടിയുണ്ടായില്ല. ഗള്‍ഫിലേക്ക് പോയവരില്‍ 90 ശതമാനവും സാധാരണക്കാരായിരുന്നു. ഇവര്‍ക്ക് ആദ്യത്തെ ആവശ്യം ഒരു വീടാണ്. പിന്നെ വിദ്യാഭ്യാസവും നല്ല വസ്ത്രങ്ങളും വാഹനങ്ങളുമാണ്. ഇങ്ങനെയാണ് റിയല്‍ എസ്റ്റേറ്റ് ലോബി ഇവിടെ വളര്‍ന്നുവന്നത്. ഇന്നിപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ലോബി ഈസ് എ ക്ലാസ് അണ്‍ടു ദംസെല്‍വ്സ്. ഭരണകൂടത്തെ നിയന്ത്രിക്കുന്ന ശക്തിയായി അവര്‍ വളര്‍ന്നിരിക്കുന്നു.
വികസനവും ക്ഷേമ പ്രവര്‍ത്തനവും രണ്ടും രണ്ടായി കാണണം. വികസനം വിഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. കേരളത്തില്‍ നമ്മള്‍ കാണുന്ന ഒരു സംഗതി വിഭവരഹിതര്‍ വിഭവങ്ങള്‍ക്കുവേണ്ടി ( ഭൂമി ഉള്‍പ്പെടെയുള്ളവ) സമരം ചെയ്താല്‍ അവരെ അടിച്ചമര്‍ത്തുന്നതാണ്. എന്നാല്‍ കൂലി വര്‍ദ്ധനവിനുവേണ്ടിയുള്ള സമരം ഇതുപോലെ അടിച്ചമര്‍ത്തപ്പെടുന്നില്ല.കൂലിക്കു വേണ്ടി സമരം ചെയ്യാം എന്നാല്‍ ഭൂമിക്കു വേണ്ടി സമരം ചെയ്താല്‍ അത് പ്രശ്നമാണ്. സമൂഹത്തിലെ അണ്ടര്‍ ക്ലാസ്സെന്ന് പറയുന്ന കോളനി നിവാസികള്‍, പുറമ്പോക്ക് വാസികള്‍, ചേരി നിവാസികള്‍ എന്നിവരെ പുറന്തള്ളിക്കൊണ്ടാണ്. കേരളത്തിന്റെ വികസന മാതൃക ഒരിക്കലും ഇന്‍ക്ലുസിവ് ആയിരുന്നില്ല. ഇങ്ങനെ വികസനത്തിന്റെ പരിധിയില്‍ നിന്നും പുറത്തായവര്‍ക്ക് വേണ്ടിയാണ് ക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത്. ക്ഷേമപ്രവര്‍ത്തനം ശ്ലാഘനീയമാണ്. പക്ഷേ, അത് വികസനമല്ല. യാചകരുടെ വികസനം എന്നു പറഞ്ഞ് ഒരു വികസനമില്ല. അവര്‍ യാചകരല്ലാതിരുന്നാലേ അവര്‍ക്ക് വികസനമുള്ളു. യാചകനോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ അയാള്‍ വികസനം വേണമെന്നല്ല , ഭക്ഷണം വേണമെന്നായിരിക്കും പറയുക.
ഇതിന് വേണ്ടത് പുതിയ നയപരിപാടികളല്ലേ?
അതെ. വിഭവ ദരിദ്രരായവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമുണ്ടാവണം. സോഷ്യല്‍ സെക്യൂരിറ്റിയല്ല , ഇക്കണോമിക് സെക്യൂരിറ്റിയാണ് വേണ്ടത്. പെന്‍ഷനല്ല, ഭൂമിക്കുള്ള അവകാശമുണ്ടാവണം. തുടര്‍ന്ന് സമ്പത്തിന്റെ പുനര്‍വിതരണം നടക്കണം. ഭരണഘടനയുടെ 21 ാം വകുപ്പിന്റെ ഭാഗമായി ഇത് വരണം. ജീവിക്കാനുള്ള അവകാശമാണ് 21ാം വകുപ്പ് ഉറപ്പ് നല്‍കുന്നത്. ഈ അവകാശത്തില്‍ നിന്നാണ് മറ്റെല്ലാമുണ്ടാവുന്നത്. റൈറ്റ് ടു ലൈഫ് സാര്‍ത്ഥകമാവണമെങ്കില്‍ ഉപജീവനത്തിനുള്ള അവകാശം വേണം. ഇക്കാര്യം സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇത് നല്‍കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. റൈറ്റ് ടു പ്രോപ്പര്‍ട്ടി മൗലിക അവകാശമാക്കണം. ഭരണഘടനയില്‍ രണ്ടവകാശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. justiciable and non justiciable rights. നമുക്കൊരു വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തു കളയാന്‍ പറ്റില്ല. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍ നമുക്ക് കോടതിയില്‍ പോകാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് സുപ്രധാന നിയമ നിര്‍മ്മാണങ്ങളുണ്ടായി. വിവരാവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഗംഭീരമായ ആയ ചില മാറ്റങ്ങളുണ്ടാക്കാം എന്നതിനുള്ള ഉദാഹരണമായിരുന്നു ഇത്.
ഇനി നമുക്ക് തൊഴിലില്ലായ്മ പരിശോധിക്കാം. വിദ്യാഭ്യാസപരമായി നമ്മള്‍ മുന്നോട്ടുപോവുന്നുണ്ട്. പാണ്ഡിത്യപരമായ വിദ്യാഭ്യാസവും തൊഴില്‍ക്ഷമത പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസവുമാണ് നമ്മള്‍ പിന്തുടരുന്നത്. ഏത് വിദ്യാഭ്യാസമാണ് സ്വീകരിക്കേണ്ടതെന്നത് പൗരന്റെ അവകാശമാണ്. അതില്‍ ഭരണകൂടത്തിന് കൈകടത്താനാവില്ല. തൊഴില്‍ എന്ന് പറയുന്നത് സാമ്പത്തിക നയങ്ങളിലൂടെ വരേണ്ടതാണ്. ഒരു ഭരണകൂടത്തിനും വ്യക്തികള്‍ക്കിഷ്ടപ്പെട്ട എല്ലാ തൊഴിലും കൊടുക്കാനാവില്ല. കേരളത്തില്‍ തന്നെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കുറയുകയാണ്.അവര്‍ പുതിയ തൊഴില്‍ മേഖലകള്‍ തേടിപ്പോവുന്നു. ഇവിടെ തൊഴിലുണ്ട്. പക്ഷേ, ആ തൊഴില്‍ നമ്മുടെ യുവാക്കള്‍ക്ക് സ്വീകാര്യമല്ല. അതുകൊണ്ടാണ് അത് ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ടത് ശരിയായ നയരൂപീകരണത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരെ സൃഷ്ടിക്കുകയാണ്.
സമ്പത്തിന്റെ കേന്ദ്രീകരണവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളും കോര്‍പറേറ്റുകളും സമ്പത്ത് സമാഹരിക്കുകയും കുന്നുകൂട്ടുകയും ചെയ്യുന്നുണ്ട്. ഇവരുടെ കൈയ്യിലുള്ള സ്വത്തുക്കള്‍ പുനര്‍വിതരണം ചെയ്യണം. ശമ്പളം വാങ്ങുന്ന വിഭാഗക്കാരെ പിഴിയുകയല്ല വേണ്ടത്. സമ്പത്തിന്റെ പുനര്‍വിതരണം നടക്കണം. ഇതിന് ഭരണഘടനയുടെ വഴികളിലൂടെ തന്നെ നീങ്ങാം. ഇതില്‍ ബഹുതലസ്പര്‍ശിയായ സമീപനം ഇവിടെ കൊണ്ടുവരാം. കൈയ്യില്‍ അടക്കിവെച്ചിരിക്കുന്ന സമ്പത്തിന്റെ പത്ത് ശതമാനം ദരിദ്രര്‍ക്ക് നല്‍കാന്‍ ഇവരോട് ആവശ്യപ്പെടാം. വെല്‍ത്ത് ടാക്സ് ഏര്‍പ്പെടുത്താം. പരമ്പരാഗതമായി കിട്ടുന്ന സ്വത്തിന് നികുതി പിരിക്കാം. കോര്‍പറേറ്റ് ടാക്സ് കൂട്ടാം. ഇതൊന്നും നടക്കില്ലെന്ന് പറയരുത്. നടക്കില്ലെന്ന് വിചാരിച്ച പലതും ഇവിടെ നടന്നിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അമേരിക്കയില്‍ വോട്ടവകാശം കിട്ടിയത് 1965 ലാണ്. ഇന്ത്യയില്‍ 1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ തന്നെ എല്ലാവര്‍ക്കും വോട്ടവകാശം കിട്ടി. അത് ലോകത്തിന് തന്നെ വലിയൊരു പാഠമായിരുന്നു.
തുടരും...
(2022 ഏപ്രിൽ 3 ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ദീകരിച്ചത്)
Content Highlights: kunjaman examines CPM's new Kerala vision document part 2, interview, social,mathrubhumi latest