പിണറായിയുടെ നയരേഖയിൽ സി.പി.എം ഉണ്ടോ?; പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായി കുഞ്ഞാമൻ ചോദിക്കുന്നു

#കുഞ്ഞാമൻ\ കെ. എ ജോണി
കുഞ്ഞാമൻ, പിണറായി
കുഞ്ഞാമൻ, പിണറായി

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരള വികസന രേഖയാണ് മാര്‍ച്ച് ആദ്യം കൊച്ചിയില്‍ നടന്ന സിപിഎം 23-ാം സംസ്ഥാന സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതോടെ ഈ രേഖ സിപിഎമ്മിന്റെ ഔദ്യോഗിക നയമാവും. കേരളത്തിനെ ലോകത്തിന്റെ മുന്‍നിരയില്‍ പ്രതിഷ്ഠിച്ച വികസന മാതൃകയുടെ വഴിയില്‍ നിന്ന് സിപിഎം വഴിമാറി നടക്കുകയാണെന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എം കുഞ്ഞാമനുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സിപിഎം ഇതുവരെ പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങളുടെ നിരാകരണവും നവ ഉദാരവത്കൃത സാമ്പത്തിക നയങ്ങളുടെ ഏറ്റെടുക്കലുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന  രേഖയെന്ന വിമര്‍ശം ശക്തമാണ്. നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും ചേര്‍ന്ന് 1990കളില്‍ നടപ്പാക്കിയ സാമ്പത്തിക സമീപനങ്ങള്‍ ഏറ്റെടുക്കുകയാണോ ഇപ്പോള്‍ സിപിഎം ചെയ്യുന്നത്?

അതെ. അങ്ങിനെ തന്നെ പറയേണ്ടി വരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരും എന്ന നയം നവ ഉദാരവത്കൃത സാമ്പത്തിക സമീപനത്തിന്റെ ചുവട് പിടിച്ചുള്ളതാണ്. സാമൂഹിക നീതി അട്ടിമറിക്കുന്ന നീക്കമാണിത്.

കേരളം പിന്തുടര്‍ന്നിരുന്ന വികസന മാതൃകയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് റാവു സര്‍ക്കാര്‍ നടപ്പാക്കിയത്. കോണ്‍ഗ്രസ് തന്നെ അതുവരെ മുറുകെപ്പിടിച്ചിരുന്ന നെഹ്രുവിയന്‍ നയങ്ങളുടെ നിരാകരണവും നിഷേധവുമായിരുന്നു അത്. ഇന്നിപ്പോള്‍ ഈ നവ ഉദാരവത്കൃത നയങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള അസമത്വവും മറ്റും പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്.  ഇതേ നയങ്ങള്‍ സിപിഎം ഏറ്റെടുക്കുന്നുവെന്നത് വല്ലാത്ത വൈരുദ്ധ്യമല്ലേ?

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുമ്പോഴും കേരളം മാനവ വികസന സൂചികയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു. മൂന്നാം ലോകത്തെ ഒന്നാം ലോക സമൂഹം എന്ന് കേരളം വിശേഷിക്കപ്പെട്ടത് ഈ പരിസരത്തിലാണ്. മാതൃ- ശിശു മരണ നിരക്കിലായാലും സാക്ഷരതയുടെ കാര്യത്തിലായാലും ആരോഗ്യ പരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലായാലും കേരളം ലോകത്തെ ഒന്നാം നിര രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടത്. പക്ഷേ, അപ്പോഴും ഇതിലൊന്നും പെടാത്ത തുരുത്തുകള്‍ കേരളത്തിലുണ്ടായിരുന്നു. മാനവ വിഭവ സൂചിക ശരാശരികളാണ് കണക്കിലെടുക്കുന്നത്. ഭൂരഹിതരായ ആദിവാസികളും ദളിതരും മത്സ്യബന്ധന തൊഴിലാളികളും പുറമ്പോക്ക് വാസികളും ഈ ശരാശരിയിലുണ്ടായിരുന്നില്ല. അവര്‍ വികസനത്തിന് പുറത്താവുകയും അങ്ങിനെ ഇവിടെ ഒരു അണ്ടര്‍ ക്ലാസ്സ് ഉടലെടുക്കുകയും ചെയ്തു. സിപിഎമ്മിന്റെ പുതിയ വികസന രേഖയില്‍ ഇവരാരും ഉള്‍പ്പെടുന്നില്ല.

നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ സാങ്കേതിക വിദ്യയിലും വിപണിയിലും അധിഷ്ഠിതമാണ്. അതില്‍ നീതി ഒരു ഘടകമല്ല. നീതി ഉറപ്പു വരുത്താനാണ് ജനാധിപത്യ സമൂഹത്തില്‍ ഭരണകൂടങ്ങള്‍ ഇടപെടേണ്ടത്. അതിന് പകരം മൂലധനത്തെയും മുതലാളിമാരെയും ക്ഷണിച്ചുകൊണ്ടുവന്ന് വികസനം ഊര്‍ജ്ജിതപ്പെടുത്തുമെന്നാണ് സിപിഎം പറയുന്നത്.

കേരളത്തിന് മാത്രമായി സ്വകാര്യ നിക്ഷേപം വേണ്ടെന്ന് വെയ്ക്കാനാവില്ലെന്നും അത് രാജ്യത്തെ നിയമമാണെന്നും കാലത്തിന്റെ ചുവരെഴുത്തുകള്‍ കൃത്യമായി വായിക്കുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്?

അവര്‍ ഇത് തുറന്ന് സമ്മതിച്ചാല്‍ കുഴപ്പമില്ല. ക്യാപിറ്റലിസ്റ്റുകളെ ക്ഷണിച്ചുകൊണ്ടുവരുമ്പോള്‍ അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാവും. നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ വീണ്ടും അവഗണിക്കപ്പെടും. ഇവര്‍ക്കായി എന്ത് സാമ്പത്തിക സുരക്ഷിതത്വമാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം. അല്ലാതെ വെറുതെ പ്രസംഗിച്ചതുകൊണ്ടായില്ല. '' They are always long on words and short on actions.''

കൂടുതല്‍ കൂടുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ വരുമ്പോള്‍ പരമ്പരാഗത ബാര്‍ബര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. പുതിയ വിപണികള്‍ ആവശ്യപ്പെടുന്ന തൊഴില്‍ മികവ് ( skill ) ആര്‍ജ്ജിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഇവരല്ല. നഗരങ്ങളില്‍ പുതിയ ഫര്‍ണിച്ചര്‍ മാര്‍ട്ടുകള്‍ തുടങ്ങുന്നത് നമ്മുടെ മരപ്പണിക്കാരല്ല.  ഇന്‍വെസ്റ്റേഴ്‌സാണ് അവയ്ക്ക് പിന്നില്‍. അവര്‍ മറ്റൊരു സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്. കമ്പോള സൗഹൃദ സമൂഹം സൃഷ്ടിക്കാന്‍ ആവേശം കാണിക്കുന്നവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്തണം. ഇതിനാവുന്നില്ലെങ്കില്‍ തങ്ങള്‍ നയ വ്യതിചലനം നടത്തുകയാണെന്ന് സിപിഎം തുറന്ന് സമ്മതിക്കണം. സ്വകാര്യ മൂലധനത്തിന് ചുവന്നപട്ട് വിരിക്കുകയും  ലേബറിനെ കൈയ്യൊഴിയുകയും ചെയ്യുമ്പോള്‍ അതൊരു ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ഞങ്ങള്‍ പ്രൊ ക്യാപിറ്റലാണെന്ന് സിപിഎം തുറന്ന് പറഞ്ഞാല്‍ പിന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല. മാര്‍ക്‌സിയന്‍ വീക്ഷണമാണ് തങ്ങളെ നയിക്കുന്നതെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഇത്തരം വ്യതിയാനങ്ങള്‍ക്ക് കുടപിടിക്കുമ്പോഴാണ് ചോദ്യങ്ങളുണ്ടാവുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടു വരുമ്പോള്‍ സാമൂഹിക നീതി ഉറപ്പുവരുത്താന്‍ സാമൂഹിക നിയന്ത്രണം കൊണ്ടുവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞത്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാരിന്, ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് ഉറപ്പാക്കാനായില്ല. പിന്നീട് വന്ന ഒരു സര്‍ക്കാരിനും - ഇടതുപക്ഷമായാലും വലതുപക്ഷമായാലും - ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായിട്ടില്ല. ഞാന്‍ പറഞ്ഞുവരുന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക നീതി അട്ടിമറിച്ചപ്പോഴത്തെ കാര്യമാണ്. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. പക്ഷേ, സംവരണമുള്‍പ്പെടെയുള്ള സാമൂഹിക നീതി ഇവിടങ്ങളില്‍ നിറവേറ്റാന്‍ സര്‍ക്കാരിനായിട്ടില്ല.

ജോസഫ് മുണ്ടശ്ശേരി

1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ഇതിനായി കൊണ്ടുവന്ന ബില്ലല്ലേ?

അതെ. വിമോചന സമരം പൊട്ടിപ്പുറപ്പെട്ടത് പ്രധാനമായും ഈ ബില്ലിനെതിരെയായിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ നടത്തുമെന്നും അവയില്‍ സംവരണം നടപ്പാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. സാമൂഹിക നീതി ഉറപ്പുവരുത്താനാണ് മുണ്ടശ്ശേരി ബില്ല് കൊണ്ടുവന്നത്. അത് വിജയിച്ചില്ല. പിന്നീടിതു വരെ ഒരു സര്‍ക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളുകളുടെയും കോളേജുകളുടെയും കാര്യം മാത്രമല്ല. സര്‍വ്വകലാശാലകളില്‍ വിസിമാരെ നിശ്ചയിക്കുന്നതു വരെ സാമുദായിക സംഘടനകളാണെന്നതാണ് അവസ്ഥ. പാണക്കാട്ടും പെരുന്നയിലും കണിച്ചുകുളങ്ങരയിലും പാലാ അതിരൂപത ആസ്ഥാനത്തുമൊക്കെയാണ് ഇത്തരം തീരുമാനങ്ങളെടുക്കപ്പെടുന്നതെന്നത് കാണാതിരിക്കാനാവില്ല.

അടുത്തിടെ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വിസി നിയമനത്തില്‍ പക്ഷേ, എസ്എന്‍ഡിപിയുടെ ഇടപെടലിന് സര്‍ക്കാര്‍ വഴങ്ങിയില്ല?

എസ്എന്‍ഡിപിക്ക് ഇടപെടാന്‍ എന്തവകാശമാണുള്ളത്? ആരാണ് ഇങ്ങനെ ഇടപെടുന്നതിന് ഇവര്‍ക്കൊക്കെ സ്‌പെയ്‌സ് അനുവദിക്കുന്നത്. അക്കാദമിക് കാര്യങ്ങളില്‍ ഇടപെടാന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നത് തന്നെയാണ് പ്രശ്‌നം. ഇവര്‍ക്കെന്ത് യോഗ്യതയാണിതിനുള്ളത്? അക്കാദമിക് കാര്യങ്ങള്‍ അക്കാദമിഷ്യന്‍സിന് വിട്ടുകൊടുക്കണം. സര്‍വ്വകലാശാലകള്‍ക്ക് ഓട്ടോണമി ( സ്വയം നിര്‍ണ്ണയാവകാശം ) വേണം. മൂന്ന് തരത്തിലുള്ള ഓട്ടോണമിയാണ് വേണ്ടത്. അഡ്മിനിസ്‌ട്രേറ്റിവ് , ഫിനാന്‍ഷ്യല്‍ ആന്റ് അക്കാദമിക് ഓട്ടോണമി. ഇതില്‍ അക്കാദമിക് ഓട്ടോണമിയില്‍ ഒരു തരത്തിലുള്ള കൈകടത്തലും പാടില്ല. ഇതുള്ളതുകൊണ്ടാണ് നമ്മുടെ ഐഐടികളും ഐഐഎമ്മുകളും ഇത്രയും ഗംഭീരമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയൊക്കെ ജോലി നോക്കുന്നവര്‍ വേറെ ഏതെങ്കിലും ലോകത്ത് നിന്ന് വരുന്നവരല്ല. നമ്മുടെ ഇടയില്‍ നിന്ന് തന്നെ വരുന്നവരാണ്. അവര്‍ക്ക് ഈ സ്ഥാപനങ്ങള്‍ നന്നായി കൊണ്ടു നടക്കാന്‍ കഴിയുന്നത് അക്കാദമിക് ഓട്ടോണമി ഉള്ളതുകൊണ്ടാണ്.

ഇതുകൊണ്ടാണോ  സ്വകാര്യ നിക്ഷേപം വരുമ്പോഴും സാമൂഹിക നീതി ഉറപ്പ് വരുത്തുമെന്ന് സിപിഎം പറയുന്നത് അങ്ങിനെയങ്ങ് വിശ്വസിക്കാന്‍ പറ്റാത്തത്?

നമ്മുടെ അനുഭവം , ചരിത്രം അതാണ് പറയുന്നത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഇതുവരെ സാമൂഹിക നീതി നിറവേറ്റാത്തവരുടെ വാക്കുകള്‍ എങ്ങിനെയാണ് നമുക്ക് മുഖവിലയ്ക്ക് എടുക്കാനാവുക? സിപിഎം നേതാക്കളുടെ അവകാശവാദങ്ങള്‍ പൊള്ളയായി അനുഭവപ്പെടുന്നതിന് ഒരു പശ്ചാത്തലവും ചരിത്രവുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന രേഖ ഒരെതിര്‍പ്പുമില്ലാതെയാണ് സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍?

അതാണ് പ്രശ്‌നം. ഇത്തരം നയ രേഖകള്‍ അംഗീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമുള്ള സംവിധാനം എന്താണെന്നതാണ് ചോദ്യം. വിശ്വാസികളോടാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കും. സഭ പറയുന്നത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇങ്ങനെയല്ലേ പ്രവര്‍ത്തിക്കേണ്ടത്.

സിപിഎം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശ്വാസികളുടെ ഒരു സംഘമായി പരിണമിച്ചിരിക്കുന്നുവെന്നാണോ ഇത് സൂചിപ്പിക്കുന്നത്?

തീര്‍ച്ചയായും. വിയോജിപ്പിനും എതിര്‍പ്പിനും ഈ പാര്‍ട്ടികളില്‍ ഇപ്പോള്‍ ഇടമില്ല.

പക്ഷേ, സിപിഎം അവകാശപ്പെടുന്നത് ഗംഭീരമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നാണ്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ചര്‍ച്ച ചെയ്തിട്ടാണ് ഓരോ തീരുമാനവും എടുക്കുന്നതെന്നാണ്?

എവിടെയാണിത് നടക്കുന്നത്? വിയോജിച്ച സീനിയര്‍ നേതാക്കള്‍ ഇപ്പോള്‍ എവിടെയാണ്? എന്താണവരുടെ അവസ്ഥ? അഭിപ്രായം പറഞ്ഞ പലരും ഇപ്പോള്‍ എവിടെയുണ്ട്? ആരു വിശ്വസിക്കാനാണ് സിപിഎം ഇപ്പോള്‍ ഇങ്ങനെ പറയുന്നത്? ഓര്‍മ്മശക്തിയുള്ളവരും ചരിത്രം അറിയാവുന്നവരും ഇപ്പോഴും ഇവിടെയുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ മറക്കരുത്.  മാറ്റുവിന്‍ ചട്ടങ്ങളെ എന്നല്ല സുസ്ഥിരതയും തുടര്‍ച്ചയും എന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. ഈ പദങ്ങള്‍ പണ്ടില്ലായിരുന്നു. അത്തരമൊരു സ്‌പെയ്‌സിലാണ് വിഎസ് അച്ച്യുതാനന്ദനെപ്പോലുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്.

തുടരും....
 

Content Highlights: Interview with kunjaman, social, mathrubhumi latest