പറ്റിച്ചത് മലയാളി, നിയമനം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍; വെടിയേറ്റു മരിച്ച ബിനിലിന്റെ മൃതദേഹമെവിടെ?

സന്തോഷും കൊല്ലപ്പെട്ട ബിനിലും പട്ടാള വേഷത്തില്‍
സന്തോഷും കൊല്ലപ്പെട്ട ബിനിലും പട്ടാള വേഷത്തില്‍

നല്ല ജീവിതവും ശമ്പളവും സ്വപ്‌നംകണ്ട് ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനത്തില്‍ റഷ്യയിലേക്ക് വിമാനം കയറുമ്പോള്‍ തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനിലിന്റെ ഭാര്യ ജോയ്‌സി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. മാസം രണ്ടര ലക്ഷത്തോളം രുപ ശമ്പളമുള്ള ജോലിയെന്ന് പറഞ്ഞപ്പോള്‍ അത് മിസ്സാക്കേണ്ടെന്നും കുഞ്ഞിനെ പിന്നീട് വന്ന് കാണാമെന്നും പറഞ്ഞായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന് ബന്ധു ജെയിനിനൊപ്പം അവര്‍ യാത്ര തിരിച്ചത്. എന്നാല്‍ റഷ്യയിലേത്തിയതോടെ ഇലക്ട്രീഷ്യന്‍ ജോലിക്ക് പകരം അവര്‍ക്ക് ലഭിച്ചത് യുക്രൈനിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കുള്ള ജോലി. ഫോണും പാസ്‌പോര്‍ട്ടുമെല്ലാം നഷ്ടമായതോടെ മാസങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ പോലും ഇക്കാര്യമെല്ലാമറിഞ്ഞത്.

ഡിസംബറില്‍ മറ്റൊരാളുടെ ഫോണ്‍ വാങ്ങിയാണ് ഇവര്‍ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് അവരുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ കടുംബത്തിനായില്ല. ജനുവരി എട്ടാം തീയതി കുടുംബം അറിയുന്നത് ബിനില്‍ യുക്രൈനിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ്. ജനുവരി അഞ്ചാം തീയതിയാണ് ബിനില്‍ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കിലും എട്ടാം തീയതി ജെയിന്‍ വീഡിയോ കോള്‍ വിളിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ മരണവിവരം പോലും അറിയുന്നത്. ബിനില്‍ മരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മൃതദേഹം പോലും നാട്ടിലെത്തിയിട്ടില്ല. മരിച്ചുവെന്നല്ലാതെ മൃതദേഹം എവിടെയാണുള്ളതെന്ന് പോലും എംബസി അധികൃതര്‍ക്കും കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്ന് ബിനിലിന്റെ ബന്ധു സനീഷ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജെയിന്‍ ഇപ്പോഴും മോസ്‌ക്കോയിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. മോസ്‌കോയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറമുള്ള യുക്രൈന്‍ ബോര്‍ഡറിലായിരുന്നു ബിനിലും ജെയിനിനുമെല്ലാം ജോലി. മൃതദേഹം മോസ്‌ക്കോയിലേക്ക് പോലും എത്തിയിട്ടില്ലെന്ന് റഷ്യയില്‍ നിന്ന ജെയിനും വ്യക്തമാക്കി. മരിച്ചുവെന്ന വിവരമല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും എംബസി അധികൃതര്‍ക്കും അറിയില്ല.

Content Highlights: Keralites Deceived, Sent to Ukraine War Zone

Continue reading