നല്ല നാളെയ്ക്കായി തുടങ്ങിയ പ്രസ്ഥാനം: ശാസ്ത്ര സാഹിത്യ പരിഷത്ത് 60 വര്‍ഷം പിന്നിടുമ്പോള്‍/ ഭാഗം 1

''ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്
സമ്പത്ത് ജനനന്മയ്ക്ക്
ശാസ്ത്രം ജനന്മയ്ക്ക്
ശാസ്ത്രം വിശപ്പുമാറ്റാന്‍
ശാസ്ത്രം തൊഴിലുണ്ടാക്കാന്‍
ശാസ്ത്രം തൊഴില്‍ നന്നാക്കാന്‍
ശാസ്ത്രം വിളവുണ്ടാക്കാന്‍
ശാസ്ത്രം വിളവ് നന്നാക്കാന്‍
ശാസ്ത്രം വേദനമാറ്റാന്‍
ശാസ്ത്രം രോഗം മാറ്റാന്‍
ശാസ്ത്രം ലോകം മാറാന്‍
ശാസ്ത്രം മാറ്റങ്ങള്‍ക്ക്''
70കളുടെ അവസാനത്തില്‍ കേരള ഗ്രാമങ്ങളിലെ ഊടുവഴികളില്‍ മുഴങ്ങി കേട്ടിരുന്ന പാട്ട്. പാടത്ത് പണിയെടുക്കുന്ന കര്‍ഷകനെയും കമ്പനി ജോലി ചെയ്യുന്ന യുവാക്കളെയും അടുക്കളയുദ്ധം ചെയ്യുന്ന വീട്ടമ്മയെയും സ്‌കൂളിലേക്ക് നടക്കുന്ന വിദ്യാര്‍ഥികളെയും ഗ്രാമങ്ങളിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യോഗങ്ങളിലേക്ക് എത്തിച്ചത് പ്രചരണ ജാഥയിലെ ഈ പാട്ടായിരുന്നു. പരിഷത്തിന്റെ ലക്ഷ്യങ്ങളാണ് പാട്ടിന്റെ വരികളില്‍ ചുരുക്കി വിവരിച്ചിരിക്കുന്നത്. ശാസ്ത്രം വലിയ പഠിപ്പുള്ളവനും കാശുകാരനും മാത്രം കയ്യെത്താവുന്നത് എന്ന ചിന്ത തന്നെ ഇല്ലാതാക്കുന്ന വരികള്‍, ശാസ്ത്രം സ്വയം എങ്ങനെ ഉപകാരപ്പെടുമെന്ന കൗതുകവും സാധാരണക്കാരിലുണ്ടാക്കി. ആളുകള്‍ ദിനേന അനുഭവിക്കുന്ന വ്യത്യസ്ഥമാര്‍ന്ന പ്രശ്‌നങ്ങളും അതിനുള്ള ശാസ്ത്ര പരിഹാരങ്ങളുമായിരുന്നു അക്കാലത്ത് പരിഷത് യോഗങ്ങളിലെ ചര്‍ച്ചാവിഷയം. ഒപ്പം ജനങ്ങളില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുമ്പോള്‍, അവര്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും സാധനങ്ങള്‍ക്കും ബദലുകള്‍ ആവശ്യമായി വരും എന്ന് തിരിച്ചറിഞ്ഞ് പല ഉല്‍പന്നങ്ങള്‍ക്കും പരിഷത്ത് രൂപം നല്‍കി. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, പരിഷത്ത് സോപ്പുകള്‍, ഐ.ആര്‍.ടി.സി. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. സംഘടന ജനകീയമായതും സാധാരണക്കാരനിലേക്ക് ഇറങ്ങി ചെന്നുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.
യുക്തിരാഹിത്യത്തിനും അശാസ്ത്രീയതകള്‍ക്കുമെതിരെ കേവലമായ പ്രചാരണമല്ല, മറിച്ച് ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണവും പ്രചരിപ്പിച്ചുകൊണ്ടും വിമര്‍ശന ബുദ്ധി ഉണര്‍ത്തിക്കൊണ്ടും ശാസ്ത്രീയ ചിന്തയിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനായി പരിഷത്ത് അവലംബിച്ചത്. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ അതില്‍ പങ്കാളിയാവുകയോ അല്ല, വികസനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ലഭ്യമായ വിവരങ്ങള്‍ സമാഹരിച്ച് ജനങ്ങളെ കൂടുതല്‍ ശരിയായ നിലപാടിലെത്തിച്ചേരാന്‍ സഹായിക്കുക എന്നതായിരുന്നു ആ മാര്‍ഗം. 1962-ല്‍ ഔപചാരികമായി നിലവില്‍ വന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ഇപ്പോള്‍ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്. ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമെടുക്കാന്‍ 60 വര്‍ഷം ധാരാളമാണ്. ആറ് പതിറ്റാണ്ട് കൊണ്ട് കേരളത്തിലെ നിരവധി തലമുറകളെ പുരോഗമനപരമായി സ്വാധീനിച്ച ഒരു മൂവ്മെന്റായി അത് വളര്‍ന്നിരിക്കുന്നു. ഇത്തരമൊരു മാറ്റം സുഗമമായി തീരാന്‍ അതിനെ സഹായിച്ച മുഖ്യഘടകം പരിഷത് പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ച തനിമയാര്‍ന്ന പ്രവര്‍ത്തന ശൈലി തന്നെയാണ്. 'പാരിഷത്തികത' എന്ന ഒറ്റ വാക്കില്‍ ആണ് സവിശേഷ ശൈലിയെ വിശേഷിക്കാറ്. അനൗപചാരികത, കൂട്ടായ്മ, ലാളിത്യം, സമയനിഷ്ഠ, സത്യസന്ധത, സൗഹൃദം, സാമ്പത്തികചിട്ട, വളച്ചുകെട്ടില്ലായ്മ എന്നിങ്ങനെ അനവധി ഘടകങ്ങളുടെ ആകെ തുകയായാണ് പാരിഷത്തികത എന്ന പദത്തെ പരിഷത് വിവക്ഷിക്കുന്നത്. സാധാരണക്കാര്‍ക്ക് സ്വീകാര്യരാവുന്ന വിനയാന്വീതരായ, വിജ്ഞാനമുള്ള അണികളുടെ പ്രവര്‍ത്തന ശൈലിയെന്ന് ചുരുക്കം.
പരിഷത് രൂപീകരണം
1962-ല്‍ കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലില്‍ ഡോ. കെ.ജി. അടിയോടിയുടെയും പി.ടി. ഭാസ്‌കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഷത് രൂപവത്കരിക്കപ്പെട്ടത്. സെപ്റ്റംബര്‍ 10ന്
കോഴിക്കോട് ദേവഗിരി കോളേജില്‍ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ശാസ്ത്രവിഷയങ്ങളുമായും ദൈനംദിന ജീവിതവുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവ ജനങ്ങളിലെത്തിക്കുകയും ചര്‍ച്ചകളും ബോധവല്‍ക്കരണവും സംഘടിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവര്‍ത്തനം. ശാസ്ത്രസാഹിത്യം മലയാളത്തില്‍ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.
പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി വില്‍ക്കുന്ന രീതിയായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. കൂടാതെ ഓരോ നാട്ടിലും ഗ്രാമപത്രങ്ങളും സ്ഥാപിച്ചിരുന്നു. ഓഫീസുകള്‍ക്കു പകരം പ്രവര്‍ത്തകരുടെ വീടുകളായിരുന്നു പ്രവര്‍ത്തന ആസൂത്രണ കേന്ദ്രങ്ങള്‍. മുതിര്‍ന്നവര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെയായി ശാസ്ത്രഗതി എന്ന ത്രൈമാസികയാണ് 1966 ഒക്ടോബറില്‍ പരിഷത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 1969 ജൂണില്‍ ശാസ്ത്രകേരളം മാസിക ആരംഭിച്ചു. 1970 ജൂണ്‍ ഒന്നിന് പ്രൈമറി തലത്തിലെ കുട്ടികള്‍ക്കായി ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമാണ് യുറീക്ക മാസിക. ഇതുകൂടാതെ പ്രീ - പ്രൈമറി തലത്തിലെ കുട്ടികളെ ഉദ്ദേശിച്ച് ബാലശാസ്ത്രം എന്ന ഒരു ചുവര്‍ പത്രവും ഗ്രാമീണരില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി പരിഷത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ ശാസ്ത്രസമിതികള്‍ രൂപീകരിച്ചപ്പോള്‍ ഗ്രാമ ശാസ്ത്രം എന്ന ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു.
യുറീക്ക
പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ബാലശാസ്ത്ര ദ്വൈവാരികയായ യുറീക്ക 1970ലാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ശാസ്ത്രമാസികകളെല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നതിനാല്‍ പലപ്പോഴും കുട്ടികള്‍ക്ക് പൂര്‍ണ്ണമായും വായിക്കാനോ പഠിക്കാനോ സാധിക്കാതിരുന്ന കാലത്താണ് യുറീക്ക മലയാളത്തിലെത്തിയത്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളത്തില്‍ ശാസ്ത്രം വായിക്കാന്‍ യുറീക്കയിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് നിരവധി ബാല മാസികകളുള്ള കേരളത്തില്‍ ഇന്നും യുറീക്കയ്ക്ക് വലിയ സ്ഥാനമുളളത്. 1970 ജൂണ്‍ ഒന്നിന് ഡോ കെ.എന്‍. പിഷാരടി ചീഫ് എഡിറ്ററും ടി.ആര്‍. ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശ്ശൂരില്‍ നിന്നാണ് യുറീക്കയുടെ പിറവി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാലത്തെ യുറീക്ക പ്രവര്‍ത്തനങ്ങള്‍. ഡോ. കെ.ജി. അടിയോടി, ഡോ. കെ.എന്‍. പിഷാരടി, ഡോ. കെ. പവിത്രന്‍, ബി. വിജയകുമാര്‍, ഡോ.എ അച്യുതന്‍ എന്നിവരെല്ലാമായിരുന്നു ആദ്യലക്കത്തിലെ ലേഖകര്‍. തുടക്കത്തില്‍ ഒരു കോപ്പിക്ക് 30 പൈസയായിരുന്നു. 1980- ല്‍ തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരണം കോഴിക്കോട്ടേക്കു മാറ്റി. 2002 ഓഗസ്റ്റിലാണ് യുറീക്ക ദ്വൈവാരികയാവുന്നത്. പ്രൊഫ. എസ്. ശിവദാസ്, സി. ജി. ശാന്തകുമാര്‍, പ്രൊഫ. കെ. ശ്രീധരന്‍ തുടങ്ങിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്മാര്‍ യുറീക്കയുടെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ശാസ്ത്ര കഥകള്‍, ശാസ്ത്ര സംബന്ധമായ കവിതകള്‍ എന്നിവയ്ക്ക് പ്രധാനമായും ഊന്നല്‍ നല്‍കുന്ന യുറീക്ക, കുട്ടികളില്‍ നിന്നുള്ള രചനകളെയും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ യുറീക്ക നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്.
ശാസ്ത്രഗതി: പൊതുജനങ്ങളെ ബാധിക്കുന്ന, സാമൂഹ്യ പ്രസക്തിയുള്ള, ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണമാണെങ്കിലും, പരിഷത്തിന്റേതല്ലാത്ത നിലപാടുകളും ഈ മാസികയില്‍ കാണാന്‍ സാധിക്കും.
ശാസ്ത്രകേരളം: പ്രധാനമായും ഹൈസ്‌കൂള്‍ -പ്ലസ്ടു തലത്തിലുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം. ഹൈസ്‌കൂള്‍ ക്ലാസ്സുകളിലേയും പ്ലസ്ടു ക്ലാസ്സുകളിലേയും വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കലാണ് പ്രധാന ഉദ്ദേശം.ശാസ്ത്രഗതി, യൂറിക്ക, ശാസ്ത്ര കേരളം തുടങ്ങിയ പരിഷത്ത് പ്രസിദ്ധീകരണങ്ങളിലൂടെ എപ്പോഴെങ്കിലും കടന്നുപോകാത്തവര്‍ കുറവായിരിക്കും.ശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും ആയിരത്തില്‍പരം ലഘുലേഖകളും പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് ?, എങ്ങനെ എങ്ങനെ എങ്ങനെ?, ശാസ്ത്രകൗതുകം, പ്രകൃതിയുടെ താക്കോല്‍, മനുഷ്യ ശരീരം, ശാസ്ത്ര നിഘണ്ടു തുടങ്ങിയ വിജ്ഞാന കോശങ്ങളും വായിച്ചാലും തീരാത്ത പുസ്തകം, കേരളം മണ്ണും മനുഷ്യനും, വരൂ ഇന്ത്യയെ കാണാം, ചരിത്രത്തില്‍ എന്ത് സംഭവിച്ചു, പരിണാമം എന്നാല്‍, ചിരുതക്കുട്ടിയും മാഷും, കേരള പഠനം തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധമാണ്. കൂടാതെ ശാസ്ത്രം ചരിത്രത്തില്‍ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയും പരിഷത്ത് പ്രസിദ്ധീകരിച്ചു.
ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിലേക്കുള്ള പടവുകള്‍
ജനങ്ങളുടെ ഇടയില്‍ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തില്‍ മാത്രമായി ഒതുങ്ങിക്കൂടിയാല്‍ പറ്റില്ലെന്നും, ഉല്പാദനത്തിന്റെ മേഖലയില്‍ക്കൂടി പ്രവര്‍ത്തിക്കണമെന്നും നിശ്ചയിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ 1973-ല്‍ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ച്, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. യഥാര്‍ഥത്തിലുള്ള സാമൂഹ്യ പുരോഗതിയും വികസനവും സാദ്ധ്യമാകണമെങ്കില്‍, ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയണം. ശാസ്ത്ര ബോധമുള്ള ജനതക്കേ ഇത് സാധ്യമാവൂ. ഇതിന് കഴിയണമെങ്കില്‍ ശാസ്ത്രം ജനങ്ങളുടെ കൈയ്യില്‍ ശക്തമായ ഒരായുധമായിത്തീരണം. അതാണ് ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍. ഇതോടെയാണ് ഗ്രാമശാസ്ത്രസമിതികള്‍ രൂപമെടുത്തത്. പിന്നീടത് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഊര്‍ജം, വികസനം, ബാലവേദി, ലിംഗനീതി തുടങ്ങി വൈവിധ്യമുള്ള മേഖലകളിലേക്ക് വ്യാപിച്ചു. ചര്‍ച്ചകളും ശാസ്ത്ര ക്ലാസ്സുകളും ശാസ്ത്ര പ്രദര്‍ശനങ്ങളും ശാസ്ത്രകലാജാഥകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തക പ്രസിദ്ധീകരണവും വിവര ശേഖരണങ്ങളും ഒക്കെ നടത്തിയാണ് സംഘടന മുന്നോട്ടു നീങ്ങുന്നത്. ശാസ്ത്രഗവേഷണരംഗത്തും പരിമിതമായ പ്രവര്‍ത്തനമെങ്കിലും കാഴ്ചവെക്കുന്നതിനുള്ള പരിഷത്തിന്റെ ആഗ്രഹം സഫലമായത് 1987-ല്‍ ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം എന്നഐ.ആര്‍.ടി.സി. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സ്ഥാപിതമായപ്പോഴാണ്. കണ്ണൂരില്‍ മുമ്പ് തുടങ്ങിവന്ന ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന ആശയത്തിന്റെ ഒരു തുടര്‍ പ്രവര്‍ത്തനം ആയിരുന്നു ഫലത്തില്‍ ഐ.ആര്‍.ടി.സിയിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്. 1978 മുതല്‍ സംഘടന ആരംഭിച്ച ദക്ഷത കൂടിയ അടുപ്പ് നിര്‍മ്മാണത്തിന്റെ പരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കോര്‍ സപ്പോര്‍ട്ട് ഗ്രാന്റോടുകൂടിയാണ് ഐ.ആര്‍.ടി.സി. എന്ന ആശയം യാഥാര്‍ഥ്യമായത്. വികസന രംഗത്ത് പിന്നീട് നിര്‍ണ്ണായക സംഭാവന നല്‍കിയ സ്ഥലങ്ങള്‍ ആസൂത്രണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ഗാലസ പദ്ധതി, പഞ്ചായത്ത് തല ആസൂത്രണ പരിപാടി എന്നിവയുടെയൊക്കെ സംഘാടനത്തില്‍ ഒരു നിര്‍ണ്ണായക സംവിധാനമായി ഐ.ആര്‍.ടി.സിക്ക് പിന്നീട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എട്ട് ഏക്കര്‍ സ്ഥലവും 4000 ച.മീ കെട്ടിട വിസ്തൃതിയും എണ്‍പതോളം ജീവനക്കാരും ഉള്ള ഐ.ആര്‍.ടി.സി. പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍, സമത പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവ വഴി പ്രവര്‍ത്തനം വിപുലീകരിച്ച് ബദല്‍ ഉല്പന്നങ്ങളുടെ നിര്‍മാണരംഗത്തും മാലിന്യ സംസ്‌കരണരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പരിഷത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍, ഇതര സംസ്ഥാനങ്ങളിലെ ശാസ്ത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രചോദനം 1988-ല്‍ കണ്ണൂരില്‍ വെച്ചു എ.ഐ.പി.എസ്.എന്‍. രൂപീകരിക്കുന്നതിലേക്ക് നയിച്ചു. തുടര്‍ന്ന് അഖിലേന്ത്യാസാക്ഷരതാ പ്രസ്ഥാനമായ ബി.ജി.വി.എസ് (ഭാരതീയജ്ഞാന്‍-വിജ്ഞാന്‍സമിതി)യും വന്നു. ഇന്ന് സംസ്ഥാനത്ത് 141 മേഖലകളിലായി 1314 യൂണിറ്റുകളില്‍ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവര്‍ത്തകരുണ്ട്. ശാസ്ത്രബോധം സാമാന്യബോധമായി മാറുന്ന ഒരു നല്ല നാളെയ്ക്കായി ഭാവനാപൂര്‍ണമായ പരിപാടികളുമായി പരിഷത് മുന്നോട്ട് തന്നെയാണ്.
അടുത്ത ഭാഗം: ശാസ്ത്രം സാധാരണക്കാരന്റെ സമരായുധമാക്കിയ പരിഷത്
Content Highlights: Kerala Sasthra Sahithya Parishad