ജലം കൊണ്ട് മുറിവേറ്റ കന്നഡിഗര്‍; കാവേരിയില്‍ വീണ്ടും സമരകാഹളം ഉയരുമ്പോള്‍

വെള്ളത്തെ തൊട്ടുകളിച്ചപ്പോഴൊക്കെ വലിയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്രമുണ്ട് കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തിന് പറയാന്‍. ജലസ്രോതസ്സ് എന്നതിനപ്പുറം ഒരു ജനതയുടെ സംസ്‌കാരം കൂടി അലിഞ്ഞ് ചേര്‍ന്ന കാവേരി ഇടവേളയ്ക്ക് ശേഷം വീണ്ടും കര്‍ണാടകയില്‍ തീപ്പൊരി വിതറിയിരിക്കുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലയുദ്ധം നിയമപോരാട്ടത്തിലേക്കും ബന്ദിലേക്കും വീണ്ടും വഴിവെച്ചതോടെ ആശങ്കയിലാണ് മലയാളികളടക്കമുള്ളവര്‍. കാരണം തര്‍ക്കമുണ്ടായപ്പോഴെല്ലാം വലിയ നാശനഷ്ടങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു കാവേരിക്ക്.
പരിഹാരശ്രമങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്, സുപ്രീം കോടതിയുടെ ഇടപെടലുണ്ടായി. പക്ഷെ, ജലയുദ്ധം നിമിഷനേരം കൊണ്ട് വൈകാരികതയിലേക്കും ഭാഷാപ്രശ്നങ്ങളിലേക്കും നീങ്ങിയതോടെ തൊട്ടാല്‍ പൊള്ളുന്ന വിഷയവുമായി. ഇത് പലപ്പോഴും വലിയ രക്തച്ചൊരിച്ചിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും തന്നെ മാറി. കാവേരിയുടെ പേരില്‍ ഒരിക്കല്‍ കൂടെ കര്‍ണാടകയില്‍ സമരപ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ തുടങ്ങിയ ബന്ദ് ഇന്ന് ബെംഗളൂരുവിലാണ്. 29-ന് കര്‍ണാടക സംസ്ഥാനം ആകമാനവും ബന്ദിന് ആഹ്വാനമുണ്ട്.
Content Highlights: Kaveri River water dispute In Karnataka