ആരാണീ ദളിത് ചിന്തകന്‍?

നിങ്ങൾ മുകളിൽക്കണ്ട തലക്കെട്ട് സാധാരണവും സ്വാഭാവികവുമായ ഭാഷാപ്രയോഗമായി വായിച്ചുവോ?ഈ കുറിപ്പ്, ഞാനടക്കം അനേകായിരം മലയാളികളെ അഗാധമായ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, അപ്രതീക്ഷിതമായി മറഞ്ഞുപോയ സാമ്പത്തികശാസ്ത്രജ്ഞൻ ഡോ. എം. കുഞ്ഞാമന്റെ സംഭാവനയുടെയോ വ്യക്തിത്വത്തിന്റെയോ വിശകലനമല്ല, ആ ചരമവാർത്തയിൽ വെളിപ്പെട്ട അന്യായത്തിന്റെ വിശദീകരണമാണ്.
മിക്ക മാധ്യമങ്ങളിലും അർഹമായ പ്രാധാന്യത്തോടെ അത് വന്നു: പ്രമുഖ സാമ്പത്തികവിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഈ വാക്യത്തിലെ ദളിത് ചിന്തകൻ എന്ന വിശേഷണത്തിന് എന്താണർഥം? ചിന്തകന്മാരെ പിറന്നുവളർന്ന സമുദായത്തിന്റെ കണക്കിൽ വകതിരിച്ച് നമ്മൾ പരാമർശിക്കാറുണ്ടോ? ഏതെങ്കിലും സാഹചര്യത്തിൽ നമ്പൂതിരിചിന്തകൻ എന്നോ നായർചിന്തകൻ എന്നോ ക്രിസ്ത്യൻചിന്തകൻ എന്നോ മുസ്‌ലിംചിന്തകൻ എന്നോ വിശേഷണം കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് അധിക്ഷേപമായി തോന്നുകയില്ലേ? തോന്നേണ്ടതല്ലേ? ദളിതരുടെ കാര്യത്തിൽ എന്താ വ്യത്യാസം? ഇത് ഒറ്റപ്പെട്ട സംഗതിയല്ല. ദളിത് ബുദ്ധിജീവി, ദളിത് നിരീക്ഷകൻ എന്നൊക്കെ ടി.വി. ചാനലുകൾ എഴുതിക്കാണിക്കാറുണ്ട്. ഒരിക്കലും നായർബുദ്ധിജീവിയോ ക്രിസ്ത്യൻനിരീക്ഷകനോ സമാനമായതോ കണ്ടിട്ടില്ല. എന്താണ് കാരണം? ദളിതർക്കിടയിൽ ചിന്തകരോ ബുദ്ധിജീവികളോ നിരീക്ഷകരോ ഉണ്ടാകാറില്ലെങ്കിൽ അങ്ങനെയൊരാൾ ഇതാ ഉണ്ടായിവന്നിരിക്കുന്നു എന്ന അതിശയത്തിൽനിന്നാകാം, അതിന്റെ പിറവി! ആ വിശേഷണം അനുമോദനസൂചകമാണ് എന്നുകൂടി അങ്ങനെ പ്രയോഗിക്കുന്നവർ എടുക്കുന്നുണ്ടാകാം!! എത്രമാത്രം നിന്ദ്യമായ മുൻവിധിയിൽനിന്നാണ് ഈ ഭാഷാപ്രയോഗം ഉരുവംകൊള്ളുന്നത് എന്ന് ആലോചിച്ചുനോക്കുക.
ഇപ്പോൾ ഒരു എതിർവാദം വരാം: ദളിതരുടെ സാമൂഹികമായ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയും അവയ്ക്കു പരിഹാരങ്ങൾ നിർദേശിക്കുകയുംചെയ്യുന്ന പണ്ഡിതനെ ദളിത് ചിന്തകൻ എന്നു വിളിച്ചുകൂടേ?
വിളിച്ചുകൂടാ. മുസ്‌ലിങ്ങളുടെ സാമൂഹിക പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയും അവയ്ക്കു പരിഹാരങ്ങൾ നിർദേശിക്കുകയുംചെയ്യുന്ന പണ്ഡിതനെ നാം മുസ്‌ലിം ചിന്തകൻ എന്നല്ല, സാമൂഹികചിന്തകൻ എന്നാണ് വിളിക്കുക, അല്ലെങ്കിൽ ചിന്തകൻ എന്ന്. ദളിതരുടെ കാര്യംവരുമ്പോൾമാത്രം ആൾ ചിന്തകനോ, സാമൂഹിക ചിന്തകനോ ആകാതെ ‘ദളിത് ചിന്തകൻ’ ആകുന്നതിന്റെ സാരം എന്താണ്? അവരെ പൊതുമണ്ഡലത്തിൽനിന്ന് വേറിട്ടുനിർത്തുന്നതെന്തിനാണ്? ചിന്താരംഗത്തും ദയാപൂർവം ഒരു സംവരണം(!) അനുവദിക്കുന്ന പൊതുബോധത്തിന്റെ സൃഷ്ടിയാണത്.
‘മേൽജാതിക്കാർ’-‘കീഴ്ജാതിക്കാർ’ എന്നുതന്നെ നമ്മൾ പ്രയോഗിച്ചുകൂടാ. അത് സമത്വവിരുദ്ധമായ ആ മേൽ-കീഴ് അംഗീകരിക്കലാണ്. അത്തരം പ്രയോഗങ്ങൾ കൊള്ളരുതാത്ത അസമത്വബോധം പുനരുത്പാദിപ്പിക്കാൻ പ്രാപ്തമായേക്കും. പകരം ‘മേൽജാതി എന്ന് സ്വയം വിളിക്കുന്നവർ’ എന്നും ‘കീഴ്ജാതി എന്നു വിളിക്കപ്പെടുന്നവർ’ എന്നും പ്രയോഗിക്കുന്നതാണ് ഉചിതം. അതാണല്ലോ സത്യം.
ജാതിപ്പേര് ‘മേൽജാതി’ എന്ന് സ്വയം കരുതുന്ന കൂട്ടർക്ക് അന്തസ്സിന്റെ അടയാളമാണ്; ‘കീഴ്ജാതി’ എന്നു വിളിക്കപ്പെടുന്ന കൂട്ടർക്ക് അപമാനത്തിന്റെയും. അതുകൊണ്ടാണ് ആദ്യത്തെ കൂട്ടർ അതു പേരിന്റെ ഭാഗമായി കൊണ്ടുനടക്കുന്നത്; രണ്ടാമത്തെ കൂട്ടർ അതുകേൾക്കാൻകൂടി ഇഷ്ടപ്പെടാത്തതും. രണ്ടാമത്തെ കൂട്ടരെ ‘ചാക്കോപ്പുലയൻ’ എന്ന മട്ടിൽ ജാതിപ്പേരുചേർത്തു വിളിക്കുന്നതും പരാമർശിക്കുന്നതും ആദ്യത്തെ കൂട്ടരാണ്.
നമ്മൾ ഓർത്തുവെക്കണം ‘താഴ്ന്നത്’ എന്നുവെച്ചിട്ടുള്ള വിഭാഗങ്ങളുടെ സാമുദായികനാമങ്ങളെല്ലാം നമ്മുടെ ഭാഷയിൽ പണ്ട് ശകാരപദങ്ങളായിരുന്നു. കൊശവൻ, ചെറുമൻ, പുലയൻ, കള്ളാടി തുടങ്ങിയ അധിക്ഷേപങ്ങൾ ഉദാഹരണം. ഏതു സമുദായക്കാരനെയും ‘ഏഭ്യൻ’ എന്നു വിളിക്കുന്നപോലെ. ‘കൊശവൻ’ എന്നും ചീത്തപറഞ്ഞിരുന്നു. ഇന്നും ഈ സ്ഥിതി മുഴുവൻ മാറിയിട്ടില്ല.
സമൂഹത്തിന്റെ യഥാർഥമനസ്സാണ് ഭാഷയിൽ വെളിപ്പെടുന്നത്. ജാതിപ്പേര് വിളിക്കുന്നത് ക്രിമിനൽ കുറ്റമാകുന്നതിന്റെ പശ്ചാത്തലം ഇതാണ്. ചോദ്യം ലളിതമായിത്തീരുന്നു: ചിന്തകനോ പണ്ഡിതനോ ബുദ്ധിജീവിയോ ആണ് എന്നുവെച്ച് ഒരാളെ ജാതിപ്പേര് വിളിക്കാമോ?
അങ്ങനെ വിളിക്കുമ്പോൾ, സ്വയം വേണ്ടത്ര തിരിച്ചറിയാതെത്തന്നെ, ജനാധിപത്യവിരുദ്ധമായി ഉള്ളിൽ കുടിപാർക്കുന്ന മേൽ-കീഴിന് നാം ആവിഷ്കാരം നൽകുകയാണ്. അത് ആ ചിന്തകനോട് എന്നപോലെ, നമ്മുടെ മാതൃഭാഷയോടും അതുവഴി നമ്മളോടുതന്നെയും ചെയ്യുന്ന അപരാധമാകുന്നു.
Content Highlights: k kunhaman demise