'ഞങ്ങള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സ്‌നേഹത്തോടെ കഴിയുന്ന നാടാണിത്; സംശയമുണ്ടെങ്കില്‍ ചോദിച്ചുനോക്കൂ'

ഒരു കറുത്ത കുപ്പായമിട്ട കുട്ടി നിലത്ത് കുനിഞ്ഞിരുന്ന് നാണയത്തുട്ടുകള്‍ പെറുക്കി. അവന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സ്വരുക്കൂട്ടി വെച്ചതായിരിക്കാം. ബുള്‍ഡോസര്‍ പറിച്ചെറിഞ്ഞ പെട്ടിക്കടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവന്‍ ആ നാണയത്തുട്ടുകള്‍ തിരഞ്ഞു.
ഡല്‍ഹിയിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളു. അതിനിടയില്‍ പലസമയത്തും തോന്നിയ സംശയമാണ് ഇവിടുത്തെ ഉന്തുവണ്ടിക്കടക്കാരുടെ വരുമാനത്തെപ്പറ്റി. പലരും എന്തെങ്കിലും ഒരു സാധനമാണ് വില്‍ക്കുക. ഉള്ളിയോ, തക്കാളിയോ, വത്തക്കയോ ഒക്കെ. വില താരതമ്യേന കുറവുമായിരിക്കും. ഒരു ദിവസത്തെ കച്ചവടം കഴിഞ്ഞ് ആ തള്ളുവണ്ടിയിലെ മുഴുവന്‍ സാധനവും വിറ്റ് തീര്‍ന്നാലും അഞ്ഞൂറ് രൂപയെങ്കിലും അധ്വാനത്തിന് വരുമാനം ലഭിക്കുമോ? ഇവരുടെ ജീവിതം എങ്ങനെയായിരിക്കും? കുട്ടികളുടെ വിദ്യാഭ്യാസം?
ഇക്കാര്യം ഇപ്പോള്‍ ഓര്‍മ വരാന്‍ കാരണം ഇന്ന് കണ്ട കാഴ്ചയാണ്. ഒരു ബുള്‍ഡോസറിന് നിമിഷ നേരം വേണ്ടി വന്നില്ല രണ്ട് തള്ളുവണ്ടികള്‍ തവിടുപൊടിയാക്കാന്‍. ഇനിയൊരിക്കലും പുന:സ്ഥാപിക്കരുത് എന്നുറപ്പിക്കാന്‍ ആ ബുള്‍ഡോസറിന്റെ കൈ തള്ളുവണ്ടികളെ വീണ്ടും വീണ്ടും ഞെരിച്ചമര്‍ത്തി. ആ വണ്ടികളില്‍ പച്ചക്കറിയോ പഴമോ വിറ്റ് ജീവിച്ച മനുഷ്യന്‍ ഉറപ്പായും കുടുംബത്തിന്റെ വിശപ്പകറ്റാന്‍ നാളെ പുതിയൊരു മാര്‍ഗം കാണുമായിരിക്കും. പക്ഷേ ഇന്ന് മതവിദ്വേഷത്തിന്റെ ബുള്‍ഡോസര്‍ ആ കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടു. ഒന്നുകൊണ്ടും പകരം വെക്കാന്‍ കഴിയാത്ത, ഈ ജീവിതകാലത്തൊരിക്കലും വിട്ടുമാറാത്ത അനാഥത്വത്തിലേക്ക് ആ മനുഷ്യരെ ആട്ടിയിറക്കി.
കലാപം ഒരു മതവിശ്വാസികള്‍ക്കും നേട്ടമൊന്നും സമ്മാനിക്കുന്നില്ല. കലാപത്തിന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്ന വളരെ ചുരുക്കം ചില മത വര്‍ഗീയവാദികള്‍ക്ക് മാത്രമാണ് അതിന്റെ ഗുണം. മതവിദ്വേഷം ആളിക്കത്തിച്ച് സംഘടന വളര്‍ത്തലും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കലുമാണ് ഇക്കൂട്ടരുടെ അജണ്ട. അത് കാലങ്ങളായി ഇന്ത്യയില്‍ വിജയിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ദിവസം, ഈ നാടിന്റെ വിഭജനത്തിന്റെ ദിവസം തുടങ്ങിയ കലാപക്കനലുകള്‍. നമ്മുടെ ഗാന്ധിജിയെ വെടിവെച്ച് കൊന്ന മതവിദ്വേഷം. അശാന്തികളുടെ ഏഴരപ്പതിറ്റാണ്ട് പിന്നിട്ട് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകളുമായി തെരുവില്‍ നില്‍ക്കുന്നു.
ശനിയാഴ്ച രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് ജഹാംഗീര്‍പുരിയില്‍ ഇരു മത വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നടന്നുവെന്നും കല്ലേറുണ്ടായതായും അറിഞ്ഞത്. അതിരൂക്ഷമായ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയില്ല. പ്രശ്‌നങ്ങള്‍ കല്ലേറിലും കുറച്ച് വാഹനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും അവസാനിച്ചു.
വൈശാഖ് ജയപാലനൊപ്പം ഞായറാഴ്ച രാവിലെത്തന്നെ ജഹാംഗീര്‍പുരിയിലേക്ക് പുറപ്പെട്ടു. ഓഫീസില്‍ നിന്ന് 24 കിലോമീറ്റര്‍ യാത്രയുണ്ട്. വൈശാഖ് കുറച്ച് വര്‍ഷമായി ഡല്‍ഹിയിലുണ്ട്. 2020ലെ ഡല്‍ഹി കലാപം നേരിട്ട് കണ്ട അനുഭവവും അവനുണ്ട്. മനുഷ്യരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നത് പോലീസ് നോക്കി നിന്നതിന്റെ, പട്ടാപ്പകല്‍ കടകള്‍ കത്തിച്ച് വെണ്ണീറാക്കിയതിന്റെ, കൊച്ചു കുട്ടികള്‍ പോലും പെട്രോള്‍ ബോംബുമായി ഓടി നടന്നതിന്റെ, കൊന്ന് ചെളിയില്‍ പൂഴ്ത്തിയിട്ട ഐ.ബി.ഉദ്യോഗസ്ഥന്റെ, ആയുധങ്ങളുമായെത്തിയ ആണ്‍കൂട്ടം മതം ചോദിച്ചതിന്റെ പഴക്കമില്ലാത്ത അനുഭവങ്ങള്‍ വൈശാഖ് ആ യാത്രയ്ക്കിടെ പറഞ്ഞു.
ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷം നടന്ന സ്ഥലത്തെ പ്രധാനവഴികളെല്ലാം പോലീസ് അടച്ചിട്ടുണ്ട്. വാഹനം ഒതുക്കി ഞങ്ങള്‍ ആളൊഴിഞ്ഞ വഴിയിലൂടെ നടന്നു. പോലീസ് അടച്ച് താഴിട്ട് പൂട്ടിയ ഗെയിറ്റുകള്‍ക്കുള്ളിലൂടെ ഗലികളിലെ മനുഷ്യര്‍ തെരുവിലേക്ക് നോക്കുന്നു. പശുക്കളും പന്നികളും പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ജേണലിസ്റ്റുകളും മാത്രമേ ആ വഴികളിലുള്ളു. വഴിയിലെ തള്ളുവണ്ടികള്‍ക്കിടയിലെ മാലിന്യക്കൂമ്പാരത്തിനടുത്താണ് പശുക്കളും പന്നികളും ചുറ്റി നടക്കുന്നത്.
ജഹാംഗീര്‍പുരിയിലെ കുശാല്‍ ചൗക്കില്‍ നൂറു മീറ്ററിനുള്ളിലാണ് ക്ഷേത്രവും പള്ളിയുമുള്ളത്. ഇവിടെ കാലങ്ങളായി ആഘോഷങ്ങള്‍ നടക്കുന്നു, മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ച് ജീവിക്കുന്നു. 2020ല്‍ വൈശാഖ് കണ്ടപോലൊരു വര്‍ഗീയ കലാപം ജഹാംഗീര്‍പൂരില്‍ നടന്നിട്ടില്ല. കല്ലേറോടെ സംഘര്‍ഷം ഏതാണ്ട് അവസാനിച്ചതാണ്. സംഘര്‍ഷത്തിന് കാരണം ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച ശോഭായാത്രയ്ക്കിടെ നാല് പേരടങ്ങുന്ന ഒരു സംഘം പ്രശ്‌നമുണ്ടാക്കിയതാണ് എന്ന് ഒരു പക്ഷവും. ശോഭായാത്രയിലെ പ്രകോപന മുദ്രാവാക്യവും പള്ളിയില്‍ കാവിക്കൊടികെട്ടാനുള്ള ശ്രമവുമാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
ഞങ്ങള്‍ അവിടുത്തെ ജനങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിച്ചു. ഗലികളില്‍ പോലീസ് പൂട്ടിയ ഗെയിറ്റില്‍ നിന്നേ സംസാരിക്കാവു എന്ന് അവര്‍ ശാഠ്യം പിടിച്ചു. അടുത്ത ഗലിക്ക് സമീപമെത്തി. ഞങ്ങളെയും ക്യാമറയും കണ്ടതോടെ കുറേപ്പേര്‍ കൂട്ടം കൂടി വന്ന് സംസാരിച്ചു തുടങ്ങി. അര്‍ദ്ധരാത്രിയില്‍ പോലീസ് വന്ന് ആ ഇടത്ത് കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് അവര്‍ രോഷത്തോടെ പറഞ്ഞതെല്ലാം. അവിടെ ഗേറ്റിന്റെ ഒരു ഭാഗം പൂട്ടിയിരുന്നില്ല. അതുവഴി ഞങ്ങള്‍ അകത്തു കയറി.
മന്നു പറഞ്ഞു,
''പട്ടിയെപ്പോലെയാണ് പോലീസ് ഞങ്ങളെ മര്‍ദിച്ചത്. സ്ത്രീകളേയും കുട്ടികളേയും ഒക്കെ മര്‍ദിച്ചു. എന്നിട്ട് ഗേറ്റും പൂട്ടി അവര് പോയി. ഞങ്ങള്‍ക്ക് പറയാനുള്ളത് മാത്രം അവര് കേട്ടില്ല'
മോനി രാത്രിയിലെ ഭീകരത വിവരിച്ചു.
'പോലീസാണ് ഞങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞത്. എന്നിട്ട് അവര് തന്നെ വന്ന് ഞങ്ങളെ മര്‍ദിച്ചു. ഞങ്ങള് തന്നെയാണ് ബജ്‌റംഗ്ദള്‍, ഞങ്ങള്‍ തന്നെയാണ് ജയ് ശ്രീരാം എന്ന് ചില പോലീസുകാര് പറയുന്നുണ്ടായിരുന്നു''
മോനി ശരീരത്തിലെ മുറിപ്പാടുകള്‍ കാണിച്ചു തന്നു. വീട്ടിനുള്ളില്‍ നിന്ന് ഒരു കുഞ്ഞിനെ പുറത്തേയ്ക്ക് വിളിച്ചു. അവന്റെ ചുണ്ടാകെ പൊട്ടി ചോര കല്ലിച്ചിട്ടുണ്ട്. ആ ആള്‍ക്കുട്ടം പറഞ്ഞു.
'നിങ്ങള് മനസ്സിലാക്കണം, ഞങ്ങള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ സ്‌നേഹത്തോടെയാണ് കഴിയുന്നത്. സംശയമുണ്ടെങ്കില്‍ ചോദിച്ചു നോക്കു.'
ഞങ്ങളൊരുമിച്ച് ആ ഇടുങ്ങിയ തെരുവിന്റെ അകത്തേക്ക് നടന്നു. ഭീതി ചൂഴ്ന്ന കണ്ണോടെ മനുഷ്യര്‍ നാലുപാടും. വീട്ടു വരാന്തകള്‍, ചെറു ബാല്‍ക്കണികള്‍, ജാലകത്തിന്റെ ഇരുട്ടുമൂടിയ അകം. എല്ലായിടത്തേയും കണ്ണില്‍ ഭീതിയാണ് ഞാന്‍ കണ്ടത്, പകയല്ല.
പുറത്ത് കടകളെല്ലാം അടച്ചിട്ടതാണെങ്കിലും ചൊമ്പാദാസ് പെട്ടിക്കട തുറന്നുവെച്ചിട്ടുണ്ട്. ജാതി മത ഭേദമന്വേ മനുഷ്യര്‍ അവിടെ വന്ന് സാധനങ്ങള്‍ വാങ്ങിപ്പോകുന്നു.
'ഞങ്ങള് സഹോദരന്മാരെപ്പോലെ കഴിയുന്ന സ്ഥലമാണിത്' അവര് ഗൗരവത്തോടെ തന്നെ പറഞ്ഞു.
ഇവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഒരു പ്രശ്‌നവുമില്ല കുറച്ച്, വളരെക്കുറച്ച് വര്‍ഗീയവാദികള്‍ മാത്രമാണ് പ്രശ്‌നക്കാര്‍ എന്ന് ജഹാംഗീര്‍പുരിയിലെ ഏതെങ്കിലുമൊരു തെരുവിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. കുറച്ചധികം സമയം അവിടെ ചിലവഴിച്ച് കുറേയധികം മനുഷ്യരോട് സംസാരിച്ചു. പിന്നീട് ഓഫീസിലേക്ക് തിരിച്ചു.
പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് വീണ്ടും ജഹാംഗീര്‍പുരിയിലെത്തി. എ.വി.മുകേഷിനൊപ്പമാണ് രണ്ടാമത്തെ ദിവസം എത്തിയത്. മുകേഷും നേരിട്ട് കണ്ടതാണ് 2020ലെ കലാപം. കഴിഞ്ഞ ദിവസത്തെ പോലെയല്ല തിങ്കളാഴ്ചത്തെ ജഹാംഗീര്‍പുരി. ഗലികളിലെ താഴ് തുറന്നിട്ടുണ്ട്. കുട്ടികള്‍ യൂണിഫോമിട്ട് സ്‌കൂളില്‍ പോകുന്നു. കവലയില്‍ ചില തള്ളുവണ്ടിക്കടകള്‍. ഒരു തള്ളുവണ്ടിയില്‍ ജ്യൂസ് കണ്ടു. പശുക്കളും പന്നികളും മാധ്യമപ്രവര്‍ത്തകരും പോലീസും പതിവു പോലെ. ഇതിനിടെ സംഘര്‍ഷത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തു. പോലീസിനു നേരെ വെടിയുതിര്‍ത്തയാളും അറസ്റ്റിലായി. സംഘര്‍ഷ സാധ്യതയൊന്നുമില്ലാത്തതിനാല്‍ തിരികെ ഓഫീസിലേക്ക് പോന്നു.
കടുത്ത പനിയും തലവേദനയുമെല്ലാമായി രണ്ടു ദിവസം കടന്നു പോയി. ഇന്നത്തെ പകല്‍ എണീറ്റത് ജഹാംഗീര്‍പുരിയിലേക്ക് ഇരച്ചെത്തിയ ബുള്‍ഡോസറുകളും കണ്ടാണ്. തള്ളുവണ്ടികളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമെല്ലാം തവിടുപൊടിയാക്കിയ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍. ബിജെപിയുടെ ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആദേഷ് കുമാര്‍ ഗുപ്തയുടെ ആവശ്യപ്രകാരം 'അനധികൃതം' എന്ന ലേബലൊട്ടിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തു. 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് ഇന്നലെ വൈകീട്ടാണ് ജഹാംഗീര്‍പുരിയിലെ ചില കെട്ടിടങ്ങള്‍ കൈയേറി നിര്‍മ്മിച്ചതാണെന്ന് ഉള്‍വിളിയുണ്ടായത്. പൊളിക്കല്‍ നിര്‍ത്തു എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും നിര്‍ത്തിയില്ല. ഓര്‍ഡറ് കിട്ടിയില്ല എന്ന് വിളിച്ചു പറഞ്ഞു നഗരസഭയും പോലീസും. രേഖകളുള്ള കെട്ടിടങ്ങള്‍ പോലും പൊളിച്ച് കളഞ്ഞു.
ആ ഓഡറും കയ്യില്‍പിടിച്ച് വിദ്വേഷത്തിന്റെ ബുള്‍ഡോസറിന് മുന്നില്‍ ചങ്കൂറ്റത്തോടെ നിന്ന് വിരല്‍ ചൂണ്ടിയ നേതാവാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇന്ത്യ ആഗ്രഹിച്ച നിമിഷം. ബൃദ്ധ കാരാട്ട്. ഉത്തര്‍പ്രദേശില്‍, മധ്യപ്രദേശില്‍, ഗുജറാത്തില്‍. ബുള്‍ഡോസര്‍ ഉപയോഗിച്ച് മനുഷ്യരുടെ അസ്ഥിത്വത്തിന് വിലയിട്ട രാഷ്ട്രീയത്തിന് മുന്നിലെ ചൂണ്ടു വിരല്‍.
കുനിഞ്ഞിരുന്ന് നാണയത്തുട്ടുകള്‍ പെറുക്കിയ ആ അനുജന്‍, ചവറ് കൂനയില്‍ രണ്ട് കുപ്പി വെള്ളവുമായിരുന്ന സഹോദരന്‍. അവരുറപ്പായും വളരും, ആര്‍ജ്ജവത്തോടെ ചോദിക്കും.
'ഞങ്ങളുടെ സമാധാനത്തിനിടയിലേക്ക് നിങ്ങളെന്തിന് ബുള്‍ഡോസര്‍ കയറ്റിയിറക്കി?'
Content Highlights: Jahangirpuri violence reporter's diary by Anoop das