നീതിയുടെ അവസാനവാക്ക്, 193 അംഗരാജ്യങ്ങള്‍; പ്രതീക്ഷയാണ് 'അന്താരാഷ്ട്ര നീതിന്യായ കോടതി'

പരസ്പരം അംഗീകരിച്ച നിയമങ്ങളിലാണ് ലോകസമാധാനം നിലകൊള്ളുന്നത് എന്നതാണ് രാജ്യാതിര്‍ത്തികള്‍ക്കതീതമായ ഒരു നീതിന്യായസംവിധാനത്തിന്റെ കാലികപ്രസക്തി. ആഗോളതലത്തില്‍ നിയമവാഴ്ച ഉറപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളുടെ ഭാഗമായി രൂപംകൊണ്ട സ്ഥാപനമാണ് 'ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്' (ഐ.സി.ജെ.) അഥവാ 'അന്താരാഷ്ട്ര നീതിന്യായ കോടതി'. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായ നിയമങ്ങള്‍ ഒരു രാജ്യത്തിനകത്തുപോലും വലിയ വെല്ലുവിളിയാണെന്നതാണ് വസ്തുത. അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ പൊതുസമ്മതിയില്‍ നിയമങ്ങളുണ്ടാക്കുകയെന്നത് അത്രമാത്രം ശ്രമകരമായ ദൗത്യമാണ്. മാറിവരുന്ന സര്‍ക്കാരുകളുള്‍പ്പെടെ മനുഷ്യരെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന അസ്ഥിരമായ നിരവധി ഘടകങ്ങളുടെ ഔദാര്യത്തിലാണ് പരസ്പരം അംഗീകരിച്ച അന്താരാഷ്ട്രനിയമങ്ങളുടെ നിലനില്‍പ്പ്.
പലതരം പ്രത്യയശാസ്ത്രങ്ങള്‍ പേറുന്ന നിരവധി ചെറുരാജ്യങ്ങളും ആണവായുധങ്ങള്‍ ആവനാഴിയില്‍ സംഭരിച്ച് ഭീഷണിയുടെ സ്വരത്തില്‍ വിലപേശുന്ന വന്‍ശക്തികളുമടങ്ങിയ ലോകത്തിലെ ആഗോളപ്രശ്‌നങ്ങള്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നല്ല. കുറവുകളേറെയുണ്ടെങ്കിലും അതിര്‍ത്തികടക്കുന്ന അനീതികള്‍ തടയാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാനും വന്‍ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാനും ഒരുപരിധിവരെ 'അന്താരാഷ്ട്ര നീതിന്യായ കോടതി' വിജയിച്ചിട്ടുണ്ട്. ആഗോളപ്രതിസന്ധിയുടെ ഇക്കാലത്ത് ഐ.സി.ജെ. പകരുന്ന പ്രതീക്ഷയും ചെറുതല്ല. പക്ഷേ, ഈ കോടതികളുടെ വിധികള്‍ എത്രമാത്രം നടപ്പിലാവുന്നുണ്ടെന്നതാണ് വലിയ വെല്ലുവിളി.
ഏറ്റവും ഒടുവിലായി ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ടും നീതിന്യായകോടതി നിര്‍ണായകവിധി പുറപ്പെടുവിച്ചിരുന്നു. ''ഗാസ മരണത്തിന്റെയും നിരാശയുടെയും ഇടമായി മാറി'' എന്നായിരുന്നു ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ 'അന്താരാഷ്ട്ര നീതിന്യായ കോടതി' ഇടക്കാലവിധി പുറപ്പെടുവിച്ചത്. ഗാസയില്‍ വംശഹത്യക്ക് തെളിവുണ്ടെന്നും മാനുഷികസഹായങ്ങള്‍ ഉറപ്പാക്കണമെന്നുമായിരുന്നു നീതിന്യായകോടതിയുടെ വിധി. വംശഹത്യ തടയാന്‍ സാധ്യമായ എല്ലാ നടപടികളും ഇസ്രയേല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച കോടതി, ഇത് സംബന്ധിച്ച് എന്തെല്ലാം ചെയ്‌തെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരുമാസത്തിനകം കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വെടിനിര്‍ത്തലിന് ഉത്തരവിട്ടതുമില്ല.
നൂറുദിവസത്തിലധികം പിന്നിട്ട യുദ്ധത്തില്‍ പ്രതീക്ഷയോടെ ആഗോളസമൂഹം കാത്തിരുന്ന ഇടപെടലാണ് നീതിന്യായകോടതിയുടെത്. യുദ്ധത്തിന് അന്ത്യംകുറിക്കാനായില്ലെങ്കില്‍ക്കൂടിയും ഇസ്രയേലിന് അന്താരാഷ്ട്രതലത്തില്‍ നിയമപരമായ ബാധ്യതകള്‍ നല്‍കുന്നതാണ് ഈ വിധി. കഴിഞ്ഞ ഡിസംബര്‍ 29-നാണ് ഇസ്രയേലിനെതിരേ വംശഹത്യയാരോപിച്ച് ദക്ഷിണാഫ്രിക്ക 'അന്താരാഷ്ട്ര നീതിന്യായ കോടതി'യെ സമീപിച്ചത്. ഇസ്രയേലിനെതിരേ 84 പേജുകളുള്ള പരാതിയാണ് ദക്ഷിണാഫ്രിക്ക കോടതിയില്‍ സമര്‍പ്പിച്ചത്.
അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ക്ക് മറ്റേതൊരു കേസിനെക്കാളും മുന്‍ഗണന നല്‍കണമെന്ന് 'അന്താരാഷ്ട്ര നീതിന്യായ കോടതി'യുടെ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന് അന്ത്യംകുറിക്കാന്‍ കോടതിയുടെ ഇടപെടലിനാകുമോ എന്നത് സംശയമാണ്. യുദ്ധകുറ്റകൃത്യത്തിന്റെ അന്തിമവിധി പുറപ്പെടുവിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പുമുണ്ടായേക്കാം. എങ്കിലും ഇസ്രയേലിനെതിരേ, ആഗോളസമ്മര്‍ദം ചെലുത്താന്‍ നീതിന്യായകോടതിയുടെ ഇടപെടലിലൂടെ സാധിക്കുമെന്നത് യാഥാര്‍ഥ്യമാണ്. വിചാരണ നടക്കുന്ന സമയത്ത് ഇസ്രയേലിനെതിരേ താത്കാലിക നടപടികള്‍ക്ക് ഉത്തരവിടാന്‍ 'അന്താരാഷ്ട്ര നീതിന്യായ കോടതി'ക്ക് അധികാരമുണ്ട്. 'ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്' എന്ന ലോകകോടതി എന്താണെന്നും ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ ഈ നീതിന്യായസംവിധാനത്തിന് എത്രമാത്രം കഴിയുന്നുണ്ടെന്നതും വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുള്ള വിഷയമാണ്.
സ്ഥാപനം, അധികാരം, ഘടന
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ആറ് പ്രധാന ഘടകങ്ങളില്‍ ഒന്നാണ് 'അന്താരാഷ്ട്ര നീതിന്യായ കോടതി'. ജനറല്‍ അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍, സാമ്പത്തിക-സാമൂഹിക സമിതി, ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍, സെക്രട്ടേറിയറ്റ് എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ മറ്റ് ഘടകങ്ങള്‍. 'ലോകത്തിലെ നീതിയുടെ അവസാനവാക്ക്' എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി അറിയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളും 'അന്താരാഷ്ട്ര നീതിന്യായ കോടതി'യുടെ ഭാഗമാണ്.
സ്ഥാപനം: ഐക്യരാഷ്ട്രസഭയുടെ നീതിന്യായകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിനായി 1945 ജൂണില്‍ യു.എന്‍. ചാര്‍ട്ടര്‍ ആക്ട് പ്രകാരമാണ് ഐ.സി.ജെ. നിലവില്‍വന്നത്. ഐ.സി.ജെ. 1922 മുതല്‍ നിലവിലുണ്ടായിരുന്ന 'പെര്‍മനന്റ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണലി'ന്റെ പിന്‍ഗാമിയാണ്. ഐക്യരാഷ്ട്രസഭയുടെ പ്രധാന ജുഡീഷ്യല്‍ അവയവമായി നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ 1946 ഏപ്രില്‍ മുതലാണ് നീതിന്യായകോടതി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഹേഗിലെ പീസ് പാലസാണ് ഐ.സി.ജെ.യുടെ ആസ്ഥാനം. കോടതിയുടെ ഔദ്യോഗികഭാഷകള്‍ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.
അധികാരപരിധി: രാജ്യങ്ങള്‍ തമ്മിലുള്ള നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനും യു.എന്‍. ജനറല്‍ അസംബ്ലി, യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍, യു.എന്‍. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍, യു.എന്‍. സെക്രട്ടേറിയറ്റ്, യു.എന്‍. ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ തുടങ്ങി ഐക്യരാഷ്ട്രസഭയുടെ ഇതരഘടകങ്ങള്‍ക്ക് നിയമോപദേശം നല്‍കാനുമുള്ള ചുമതല 'ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസി'നാണ്.
ഘടന: യു.എന്‍. ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും തിരഞ്ഞെടുക്കുന്ന ജഡ്ജിമാരാണ് 'അന്താരാഷ്ട്ര നീതിന്യായ കോടതി'ക്കുള്ളത്. ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ പതിനഞ്ചംഗ ജഡ്ജിമാരുടെ കമ്മിറ്റിയാണ് നീതിന്യായകോടതിയെ നയിക്കുന്നത്. ഒന്‍പതുവര്‍ഷമായിരിക്കും ഇവരുടെ കാലാവധി. ഓരോ മൂന്നുവര്‍ഷത്തിലും മൂന്നിലൊന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും. ഒരു രാജ്യത്തുനിന്ന് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പാടില്ല. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന് അഞ്ചുപേര്‍, ആഫ്രിക്കയില്‍നിന്ന് മൂന്നുപേര്‍, ഏഷ്യയില്‍നിന്ന് മൂന്ന്, ലാറ്റിന്‍ അമേരിക്ക-കരീബിയയില്‍ നിന്ന് രണ്ടുപേര്‍, കിഴക്കന്‍ യൂറോപ്പില്‍നിന്ന് രണ്ടുപേര്‍ എന്നിങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ത്തന്നെ യു.കെ., യു.എസ്., ഫ്രാന്‍സ്, ഏഷ്യയില്‍ ചൈന, കിഴക്കന്‍ യൂറോപ്പിലെ റഷ്യ എന്നിവിടങ്ങളില്‍നിന്ന് നിര്‍ബന്ധമായും അംഗങ്ങളുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ജഡ്ജിമാര്‍ നിഷ്പക്ഷരായിരിക്കണമെന്നും അവരുടെ രാജ്യത്തിന്റെ നിലപാടുകളുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് നിയമം അനുശാസിക്കുന്നത്.
കൈകാര്യംചെയ്യുന്ന കേസുകള്‍: രാജ്യങ്ങള്‍ കൊണ്ടുവരുന്ന തര്‍ക്കക്കേസുകള്‍ ഐ.സി.ജെ. പരിഗണിക്കാറുണ്ട്. രാജ്യാന്തരസംഘര്‍ഷങ്ങള്‍, സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ നീതിന്യായകോടതി കൈകാര്യംചെയ്തിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള കേസുകള്‍ മാത്രമേ, 'അന്താരാഷ്ട്ര നീതിന്യായ കോടതി' പരിഗണിക്കൂ. വ്യക്തികള്‍ക്ക് കേസ് ഫയല്‍ ചെയ്യാനാകില്ല. കോടതിയുടെ വിധി അന്തിമമായിരിക്കും. പരാതിക്കാര്‍ക്ക് അപ്പീല്‍ പോകാനുള്ള അവസരം ഇവിടെയില്ല. കോടതിവിധി എല്ലാ അംഗരാജ്യങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഏതെങ്കിലും രാജ്യം വിധി അംഗീകരിക്കാത്ത സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ കോടതിക്ക് അധികാരമില്ല. അങ്ങനെ വന്നാല്‍, വിധി നടപ്പാക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കാന്‍ രക്ഷാസമിതിക്ക് അധികാരമുണ്ട്.യു.എന്‍. അംഗമായ 193 രാജ്യങ്ങളുടെ അന്താരാഷ്ട്രീയ തര്‍ക്കങ്ങള്‍ നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിക്ക് കീഴിലാണ് തീര്‍പ്പാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അംഗമല്ലാത്ത രാജ്യങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും കേസുകള്‍ നടത്താനും യു.എന്‍. ആര്‍ട്ടിക്കിള്‍ 93 പ്രകാരം നീതിന്യായ കോടതിക്ക് കഴിയും. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ നടപ്പിലാക്കുന്നത്. എന്നാല്‍, സെക്യൂരിറ്റി കൗണ്‍സിലിന് വിറ്റോ ചെയ്യാന്‍ അധികാരമുണ്ട്.
സമാധാനപരമായ ഒത്തുതീര്‍പ്പ്: അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കിക്കൊണ്ട് നിയമപരമായ മാര്‍ഗങ്ങളിലൂടെ അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതില്‍ നീതിന്യായ കോടതി നിര്‍ണായക പങ്ക് വഹിക്കുന്നു.
പ്രധാന വിമര്‍ശനം
ലോകം വന്‍സാമ്പത്തിക സൈനിക ശക്തികളാല്‍ ധ്രുവീകരിക്കപ്പെടുന്ന പുതിയകാലത്ത് അന്താരാഷ്ട്ര കോടതിയുടെ ഇടപെടലുകള്‍ പ്രസക്തമാണ്. എന്നാല്‍ വന്‍ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നിഷ്പക്ഷമായി നിലപാടെടുക്കാനും നീതിയുക്തമായി നിയമോപദേശം നല്‍കാനും വേണ്ട സ്വാധീനശേഷി ആ സംവിധാനത്തിനുണ്ടോ എന്നത് സംശയമാണ്. വന്‍കിടരാഷ്ട്രങ്ങള്‍ നടത്തുന്ന മനുഷ്യത്വമില്ലായ്മയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി യഥാര്‍ഥത്തില്‍ ഒരു പരിഹാരമാണോ എന്നതും ചോദ്യമാണ്. കോടതിയുടെ വിധികളെ അംഗരാജ്യങ്ങള്‍ തന്നെ അവഗണിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള രാഷ്ട്രങ്ങളില്‍ പോലും നീതിന്യായ കോടതിക്ക് വിധി നടപ്പാക്കാന്‍ സാധിക്കാതെ പോകുന്നു. ലോകകോടതിയുടെ വിധിയെ പോലും വന്‍കിട രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും സ്വാധീനിക്കാറുണ്ട്. കോടതി നടപടികളിലെ വലിയ കാലതാമസവും പ്രതിസന്ധിയാണ്. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരം ഇന്റര്‍നാഷണല്‍ കോടതിയുടെ പൊതുസമ്മതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഐ.സി.ജെ.യുടെ വിധികള്‍ അന്തിമമാണെങ്കിലും സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ക്ക് ഇതില്‍ വീറ്റോ പവറുണ്ട്.
വന്‍ശക്തികളായ സ്ഥിരാംഗങ്ങളില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്ന ഏകാധിപത്യ, അധിനിവേശ പ്രവണതകളില്‍ കൃത്യമായി ഇടപെടാന്‍ കഴിയാതെ വരുന്നതും ഐ.സി.ജെ.യ്ക്കും ഐക്യരാഷ്ട്രസഭയ്ക്ക് മൊത്തത്തിലും വലിയ കളങ്കമുണ്ടാക്കുന്നുണ്ട്. പൊതുസമ്മതിയുള്ള ഒരു വന്‍ശക്തി തീരുമാനങ്ങളെ പിന്തുണയ്ക്കാനില്ലാത്തതും അന്താരാഷ്ട്ര കോടതിയുടെ പ്രഭാവം കുറയ്ക്കുന്നുണ്ട്. കോടതിയില്‍ തിരഞ്ഞെടുക്കുന്ന ജഡ്ജിമാര്‍ നിയമപ്രകാരം അവരവരുടെ രാജ്യത്തിന്റെ പ്രതിനിധി അല്ലെങ്കിലും നിലപാടുകളില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യവും വരാറുണ്ട്. ലോകത്തില്‍ ഏകാധിപത്യ പ്രവണത കൂടിവരുന്നതിന്റെ അനന്തരഫലങ്ങള്‍ നീതിന്യായ കോടതി വിധികളില്‍ ചിലപ്പോഴെങ്കിലും പ്രതിഫലിക്കുന്നുമുണ്ട്.
ഐ.സി.ജെ.യുടെ പ്രധാന വിധികള്‍
അന്താരാഷ്ട്രനിയമത്തിന്റെ ശാക്തീകരണത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി നീതിന്യായ കോടതി അഭിസംബോധന ചെയ്ത വൈവിധ്യമാര്‍ന്ന കേസുകളുടെ ഏതാനും ഉദാഹരണങ്ങള്‍:
* റോഹിങ്ക്യന്‍ വംശഹത്യയ്‌ക്കെതിരേ മ്യാന്‍മാര്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം മനുഷ്യാവകാശലംഘനങ്ങളിലെ ഇരകള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. 2019-ല്‍ മ്യാന്‍മാറിനെതിരേ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനു(ഒ.ഐ.സി.) വേണ്ടി ഗാംബിയ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. റോഹിങ്ക്യന്‍ സമൂഹത്തെ വംശഹത്യ ചെയ്യാന്‍ ആസൂത്രിത നീക്കം നടന്നതായാണ് കോടതി കണ്ടെത്തല്‍.
* സൗത്ത് വെസ്റ്റ് ആഫ്രിക്ക കേസുകള്‍ (എത്യോപ്യ, ലൈബീരിയ Vs. ദക്ഷിണാഫ്രിക്ക, 1966): നമീബിയയില്‍ (മുന്‍പ് സൗത്ത് വെസ്റ്റ് ആഫ്രിക്ക) ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ഭരണം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു, ഇത് നമീബിയയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു.
* നിക്കരാഗ്വ Vs. അമേരിക്ക, 1986: നിക്കരാഗ്വയില്‍ നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയതിന് അന്താരാഷ്ട്ര നീതിന്യായ കോടതി അമേരിക്ക കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ചെയ്തു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് എതിരേ ഐ.സി.ജെ. വിധി പുറപ്പെടുവിച്ചു.
* കോംഗോയിലെ സായുധ പ്രവര്‍ത്തനങ്ങള്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ Vs. യുഗാണ്‍ഡ, 2005): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ യുഗാണ്‍ഡയുടെ സൈനിക ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് കോടതി വിധിക്കുകയും നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ചെയ്തു.
* ഏരിയല്‍ ഹെര്‍ബിസൈഡ് സ്പ്രേയിങ് കേസ് (ഇക്വഡോര്‍ Vs. കൊളംബിയ, 2013): അന്താരാഷ്ട്ര നീതിന്യായ കോടതി ഇക്വഡോറിന് അനുകൂലമായി വിധിച്ചു. അതിര്‍ത്തിക്ക് സമീപം കൊളംബിയയുടെ ഏരിയല്‍ കളനാശിനി തളിക്കുന്നത് ഇക്വഡോറിന്റെ പരമാധികാരം ലംഘിച്ചതായി കണ്ടെത്തി നഷ്ടപരിഹാരം നല്‍കി.
* ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരിടൈം ഡീലിമിറ്റേഷന്‍ (സൊമാലിയ Vs. കെനിയ, 2022): സൊമാലിയയ്ക്കും കെനിയയ്ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഐ.സി.ജെ. വിധി പുറപ്പെടുവിച്ചു. ദീര്‍ഘകാല തര്‍ക്കം പരിഹരിക്കുകയും ഇരു രാജ്യങ്ങളുടെയും പ്രത്യേക സാമ്പത്തികമേഖലകളുടെ അതിര്‍ത്തി നിര്‍വചിക്കുകയും ചെയ്തു.
* റഷ്യ-യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ അധിനിവേശത്തിനെതിരേ യുക്രൈന്‍ നല്‍കിയ അഭ്യര്‍ഥന മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പരിഗണിച്ച നീതിന്യായ കോടതി സൈനിക ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിട്ടു.
ഇന്ത്യയും നീതിന്യായ കോടതിയും
നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ വലിയ വിജയമായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വിധി. ചാരനെന്ന് ആരോപിച്ച് 2016-ല്‍ പാകിസ്താന്‍ ബലൂചിസ്താനില്‍നിന്ന് അറസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ നേവി ഓഫീസറാണ് കുല്‍ഭൂഷണ്‍ ജാദവ്. ചാരപ്രവൃത്തിക്കും തീവ്രവാദത്തിനും വേണ്ടിയാണ് കുല്‍ഭൂഷണ്‍ രാജ്യത്ത് എത്തിയതെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, വിദേശികളെ തടവില്‍ വയ്ക്കുന്നതിനെയും വിചാരണ ചെയ്യുന്നതിനെയും സംബന്ധിക്കുന്ന നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 2017-ല്‍, അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ ഉത്തരവിടുകയും 2019-ല്‍ കോണ്‍സുലര്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം പാകിസ്താന്‍ ജാദവിന്റെ അവകാശങ്ങള്‍ ലംഘിച്ചതായി വിധിക്കുകയും ചെയ്തു. ജാദവിന്റെ ശിക്ഷ പുനഃപരിശോധിക്കാനും കേസില്‍ കോണ്‍സുലര്‍ സന്ദര്‍ശനം അനുവദിക്കാനും ഐ.സി.ജെ. പാകിസ്താനോട് നിര്‍ദേശിച്ചു. കുല്‍ഭൂഷണ്‍ ഇപ്പോഴും പാകിസ്താനിലെ ജയിലില്‍ തന്നെയാണ്.
(2024 മാർച്ച് ലക്കം മാതൃഭൂമി ജി.കെ ആൻഡ് കറന്റ് അഫയേഴ്സിൽ പ്രസിദ്ധീകരിച്ച ലേഖനം)
Content Highlights: international court of justice aims and functioning