എല്ലാവരും എഴുന്നേറ്റുനില്ക്കൂ എന്ന് പറയുന്നതിലെ ശരികേടുകൾ | ഉൾച്ചേർക്കലിന്റെ പ്രാധാന്യം

ലോകാരോഗ്യസംഘടനയുടെ 2023-ലെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏകദേശം 13 കോടിയാളുകളാണ് ഭിന്നശേഷിയുമായി ജീവിതം മുന്നോട്ടുനയിക്കുന്നത്. ലോകജനസംഖ്യയുടെ 16 ശതമാനത്തോളം വരുമിത്. 2011-ലെ സെന്‍സസനുസരിച്ച് ഇന്ത്യയില്‍ ഭിന്നശേഷിക്കാരുടെ എണ്ണം 2.68 കോടിയാണ്. 2001-ലെ സെന്‍സസിനെക്കാള്‍ ഏകദേശം 49 ലക്ഷം കൂടുതലാണിത്. ഒരു രാജ്യത്തിന്റെ പുരോഗതി അവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ഭിന്നശേഷിക്കാരും പങ്കാളികളാണ്. മറ്റുള്ളവരെ അപേക്ഷിച്ച് പലപ്പോഴും പരിമിതവിദ്യാഭ്യാസം, തൊഴിലവസരങ്ങളുടെ അപര്യാപ്തത, ആരോഗ്യക്കുറവ്, ദാരിദ്ര്യം എന്നിങ്ങനെ പ്രതികൂലമായ സാമൂഹിക-സാമ്പത്തിക ഫലങ്ങള്‍ ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്.
ജന്മനാ ഉള്ള അവസ്ഥയ്ക്കുപുറമേ ദാരിദ്ര്യം കാരണമുണ്ടാകുന്ന പോഷകാഹാരക്കുറവ്, ആരോഗ്യപരിപാലനത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യങ്ങളും ഗതാഗതസംവിധാനങ്ങളും, മലിനമായ അന്തരീക്ഷം, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് എന്നിവ ഭിന്നശേഷിയിലേക്ക് നയിക്കുന്ന ചില കാരണങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ മറ്റ് പൗരന്മാരെപ്പോലെതന്നെ ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി 2012-ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിനുകീഴില്‍ ഭിന്നശേഷി ശാക്തീകരണവകുപ്പ് രൂപവത്കരിച്ചു. ഇതുവഴി ഭിന്നശേഷിക്കാരുടെ വിവിധ മേഖലകളിലുള്ള ശാക്തീകരണമാണ് ഉദ്ദേശിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ ആദ്യം വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരന്തരീക്ഷം (Inclusive environment) സൃഷ്ടിച്ചെടുക്കലാണ്. അതുതന്നെയാണ് ഭിന്നശേഷി ഉള്‍ക്കൊള്ളലിന്റെയും (Disability Inclusion) ആദ്യ ചവിട്ടുപടി.
എന്താണ് ഭിന്നശേഷി ഉള്‍ക്കൊള്ളല്‍?
ഭിന്നശേഷിക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാത്തലങ്ങളിലും കഴിയുന്നത്ര പൂര്‍ണവും സ്വതന്ത്രവുമായി പങ്കെടുക്കാന്‍ അവസരമൊരുക്കുകയും അതുവഴി മറ്റുള്ളവരെപ്പോലെ സമാനമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെയാണ് ഭിന്നശേഷി ഉള്‍ക്കൊള്ളല്‍ (Disability Inclusion) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഭിന്നശേഷിസൗഹൃദത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമപ്പുറം ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന തരത്തിനുള്ള നയങ്ങളും സംവിധാനങ്ങളും കൊണ്ടുവരുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. 2016-ലെ ഭിന്നശേഷിനിയമ (Rights of Persons With Disability Act -RPWD) പ്രകാരം രാജ്യത്ത് 21 ഭിന്നശേഷി അവസ്ഥകളെ അംഗീകരിച്ചിട്ടുണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയവ ഉള്ളവര്‍, ആശയവിനിമയത്തിലെ അപാകം, സംവേദനക്കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയവ ഉള്ളവര്‍, താലസീമിയ പോലുള്ള രക്തസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, ഞരമ്പുസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ എന്നിവരെല്ലാം ആ നിര്‍വചനത്തിനുകീഴില്‍ വരുന്നവരാണ്.
ജന്മനാ ഭിന്നശേഷിക്കാരായവരില്‍ എത്രയും വേഗം അത് തിരിച്ചറിയുകയെന്നത് പ്രധാനമാണ്. പരിമിതികള്‍ അതീവസങ്കീര്ണതയിലേക്ക് പോകുന്നതിന് തടയിടാനും സാധാരണ ജീവിതം ഒരുപരിധിവരെ സാധ്യമാക്കാനും ഇത് സഹായകമാകും. ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച് ഇടകലര്‍ന്ന വിദ്യാഭ്യാസം അവരുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കും. സ്പെഷ്യല്‍ സ്കൂളുകളിലെ പഠനത്തെക്കാള്‍ പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷിസൗഹൃദമാക്കുകയാണ് ഇതിനായി വേണ്ടത്. സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ സഹായത്തോടെ ഇത് നടപ്പിലാക്കാം. തൊഴില്‍മേഖലയിലേക്കു വരുമ്പോള്‍, ഭിന്നശേഷിക്കാര്ക്കനുയോജ്യമായ, ഒരുപക്ഷേ, മറ്റുള്ളവരെക്കാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന ധാരാളം ജോലികളുണ്ടാകും. അത്തരം ജോലികളിലേക്ക് അവരെ നിയോഗിക്കുന്നത് അവര്‍ക്കിടയിലെ തൊഴിലില്ലായാമ കുറയ്ക്കാന്‍ സഹായിക്കും. അനുകൂലനങ്ങളെ അടിസ്ഥാനമാക്കി തൊഴില്‍ നല്കാന് കഴിഞ്ഞാല്‍ ഭിന്നശേഷിക്കാര്‍ക്കിടയിലെ തൊഴില്പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും. അതിനനുസൃതമായ തൊഴില്‍പരിശീലനം നല്കി ജോലി ഉറപ്പാക്കുന്ന ഒരു സാമൂഹികസംവിധാനം വളര്‍ന്നുവരേണ്ടതുണ്ട്.
യുനിസെഫ് ഡിസേബിലിറ്റി പോളിസി & സ്ട്രാറ്റജി 2022-2030 (UNICEF Disability Policy & Strategy) പ്രകാരം രണ്ടുമാര്‍ഗങ്ങളിലൂടെയാണ് ഭിന്നശേഷി ഉള്‍ക്കൊള്ളല്‍ സാധ്യമാകുക.
1. മുഖ്യധാരാവത്കരണം (Mainstreaming)
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സമൂഹത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെയാണ് മുഖ്യധാരാവത്കരണം എന്നതുകൊണ്ടര്‍ഥമാക്കുന്നത്. അതായത്, ഭിന്നശേഷിക്കാരുടെ വളര്‍ച്ചയുടെ പലഘട്ടങ്ങളിലും അവര്‍ക്ക് നേരിട്ടിടപെടേണ്ടിവരുന്ന സംവിധാനങ്ങളെ അവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യണം. ഉദാഹരണത്തിന്, ശാരീരികമായ ഭിന്നശേഷി നേരിടുന്നവര്‍ക്ക് വീല്‍ചെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധമുള്ള റാമ്പുകളും വഴികളും സജ്ജമാക്കല്‍, ശബ്ദം-സ്പര്‍ശം എന്നീ സൗകര്യങ്ങളുള്ള എ.ടി.എം. കൗണ്ടറുകളുടെ നിര്‍മാണം, ഭിന്നശേഷിസൗഹൃദശൗചാലയങ്ങള് ഒരുക്കല്‍. സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പരിഹരിക്കാവുന്ന ധാരാളം പ്രശ്നങ്ങളാണ് ഭിന്നശേഷിക്കാര്‍ ഇപ്പോഴും അനുഭവിച്ചുവരുന്നത്. അനുകൂലസാഹചര്യങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഭിന്നശേഷിക്കാരുടെ മുഖ്യധാരാവത്കരണം സാധ്യമാകും.
2. ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ (Targetted)
ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണിത്. സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭ്യമാക്കുന്നതിനായുള്ള നിയമ, നയ നിര്മാണങ്ങളാണിതില് പ്രധാനം. ഉദാഹരണത്തിന് ഭിന്നശേഷിക്കാര്‍ക്കായുള്ള യുണീക് ഡിസെബിലിറ്റി ഐ.ഡി. കാര്‍ഡ് (യു.ഡി.ഐ.ഡി. കാര്‍ഡ്), ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശനിയമം 2017 എന്നിവ.
ഭിന്നശേഷി ഉള്ക്കൊള്ളലിനായുള്ള ഈ മാര്‍ഗങ്ങള്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ജീവിതത്തിന്റെ ഓരോ പടവിലും മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഭിന്നശേഷിക്കാര്‍ക്കും ലഭ്യമാകണം. അവര്‍ക്ക് അത് പ്രാപ്യമാക്കുന്നതാണ് ആക്സസിബിലിറ്റി (Accessibility) എന്ന ആശയത്തിന്റെ അടിസ്ഥാനം. ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ പലതലങ്ങളിലും നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അവര്‍ക്കായി തടസ്സരഹിതമായ ചുറ്റുപാടുകളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതുവഴിയാണ് ഭിന്നശേഷിസൗഹൃദമെന്ന ആശയം പൂര്‍ണമാകുക.
സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതെങ്ങനെ?
1. സൗകര്യപ്രദമായ ഇടങ്ങള്‍ (Accessible Space)
ഭിന്നശേഷിക്കാരുടെ സഞ്ചാരോപാധികളായ (മൊബിലിറ്റി എയ്ഡ്) വീല്‍ചെയര്‍, വൈറ്റ് കെയ്ന്‍, വാക്കറുകള്‍ എന്നിവയുപയോഗിച്ച് തടസ്സരഹിതമായി സഞ്ചരിക്കാവുന്ന ഇടങ്ങളുണ്ടാവല്. വീല്ചെയറുകളുപയോഗിച്ച് കയറാന്‍ കഴിയുന്നത്ര ചരിവില്‍ മാത്രം കവാടങ്ങള്‍, മുറികള്‍, ശൗചാലയങ്ങള്‍ എന്നിവയുടെ റാമ്പുകളുടെ നിര്‍മാണം, ഭിന്നശേഷിക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നത്ര ഉയരത്തില്‍ അപകട അലാം സ്വിച്ചുകള്‍ സ്ഥാപിക്കല്‍, തടസ്സങ്ങളില്ലാതെ ഇരിപ്പിടങ്ങളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം സൗകര്യപ്രദമായ ഇടങ്ങളുടെ പട്ടികയില്‍ വരും. ഈ സൗകര്യങ്ങള്‍ അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും വേണം.
2. സൗകര്യപ്രദമായ മാതൃകകള്‍ (Accessible Format)
ദൃശ്യപരവും അല്ലാത്തതുമായ എല്ലാത്തരം നിര്‍ദേശ-വിനിമയ മാര്‍ഗങ്ങളും എല്ലാവര്ക്കും സൗകര്യപ്രദമായ രീതിയിലാക്കല്‍. ഉദാഹരണത്തിന്, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭിന്നശേഷിക്കാരുടെ ആവശ്യമനുസരിച്ച് ഉള്ളടക്കത്തിന്റെ വലുപ്പം, പശ്ചാത്തലം, വായനയുടെ വേഗം, അടിക്കുറിപ്പ് എന്നിവ മാറ്റാം. കാഴ്ചപരിമിതിയുള്ളവര്‍ക്കായി അക്ഷരങ്ങള്‍ക്കൊപ്പം ബ്രെയ്ലി ലിപിയോ ശബ്ദനിര്ദേശങ്ങളോ നല്‍കാം.
3. വ്യാഖ്യാതാവിന്റെ സഹായം
ദൃശ്യ-ശ്രവ്യപരമായ സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ കേള്‍വിക്കുറവുള്ള വ്യക്തികള്‍ക്കായി ആംഗ്യഭാഷാവ്യാഖ്യാതാവിന്റെ സഹായം തേടാം. ഇതിനുപുറമേ ക്ലോസ്ഡ് ക്യാപ്ഷന്‍ (ദൃശ്യങ്ങള്‍ക്ക് താഴേ അതിന്റെ വിവരണം വാചകങ്ങളില്‍ നല്കുന്ന രീതി. സബ്ടൈറ്റിലിങ്ങിന് സമാനം), ടെലി ടെക്സ്റ്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം.
4. ഭാഷാപ്രയോഗം
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ ശീലമാക്കാം. ഒരാളുടെ കഴിവുകളെ അനുമാനിച്ചിട്ടുള്ള ഭാഷാപ്രയോഗങ്ങള്‍ പൊതുവേദികളില്‍ ഒഴിവാക്കാം. ഉദാഹരണത്തിന് 'എല്ലാവരും എഴുന്നേറ്റുനില്ക്കൂ' എന്നതിനുപകരം 'നിങ്ങള്‍ക്ക് കഴിയുംവിധം എഴുന്നേല്‍ക്കാം' എന്നുപയോഗിക്കാം.
5. പ്രകാശസംവിധാനങ്ങള്‍
ഫ്ളൂറസെന്റ് ലൈറ്റുകള്‍, ഫോട്ടോ ഫ്ളാഷുകള്‍ തുടങ്ങിയ ചിലതരം പ്രകാശങ്ങള്‍ കാഴ്ചപരിമിതിയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. അതിനാല്‍ത്തന്നെ ഭിന്നശേഷിക്കാരുള്പ്പെടുന്ന കൂട്ടത്തിലേക്ക് ഇത്തരം പ്രകാശസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനുമുന്‍പ് കൃത്യമായ മുന്നറിയിപ്പ് നല്‍കണം. മുകളില്‍നിന്ന് താഴേക്കുള്ള പ്രകാശവിതാനങ്ങള്‍ പലപ്പോഴും വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതിനാല്‍ത്തന്നെ വീല്‍ചെയറിന്റെ ഉയരംകൂടി കണക്കാക്കി പ്രകാശസംവിധാനങ്ങള്‍ ഒരുക്കാം.
6. പ്രത്യേക സംവിധാനങ്ങള്‍/ ഇടങ്ങള്‍
പലതരം ഇന്ദ്രിയാനുഭൂതികള്‍ അടുത്തറിയുന്നതിനായി രൂപകല്പനചെയ്തിട്ടുള്ള സെന്‍സറി റൂമുകളുടെ സജ്ജീകരണം. ഇന്ദ്രിയപരിമിതികളുള്ളവര്ക്കായി തയ്യാറാക്കുന്ന ഇത്തരം മുറികളില്‍ അവര്‍ക്ക് അനുയോജ്യമായ പ്രകാശം, നിറം, ശബ്ദം, സുഗന്ധങ്ങള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാകും.
7. ഗതാഗതസംവിധാനങ്ങള്‍
പൊതു-സ്വകാര്യ ഗതാഗതസംവിധാനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുകൂടി ഉതകുന്നരീതിയിലുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തി ഭിന്നശേഷി സൗഹൃദമാക്കാം. വാഹനങ്ങളിലെ സീറ്റുകള്‍ ഭിന്നശേഷിക്കാര്ക്കനുയോജ്യമായ രീതിയില്‍ സജ്ജമാക്കുക. ബസ്സുകളിലും മറ്റും വീല്‍ചെയറുകള്‍ കയറ്റാന്‍ പാകത്തിലുള്ള റാമ്പുകളോ ലിഫ്റ്റുകളോ സ്ഥാപിക്കല്‍, വാതിലുകള്‍ വീതിയുള്ളതാക്കുക തുടങ്ങിയവ ഉദാഹരണം.
2015-ല്‍ കേന്ദ്ര ഭിന്നശേഷി ശാക്തീകരണ മന്ത്രാലയം യുണൈറ്റഡ് നേഷന്‍സ് കണ്വെന്ഷന് ഓണ്‍ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റിയുമായി ചേര്‍ന്നുകൊണ്ട് ഭിന്നശേഷിക്കാര്‍ക്കായുള്ള ആക്സസിബിള്‍ ഇന്ത്യ കാമ്പയിന്/ സുഗമ്യഭാരത് അഭിയാന് എന്ന കര്‍മപദ്ധതിക്ക് തുടക്കംകുറിച്ചു. രണ്ട് അടിസ്ഥാന തത്ത്വങ്ങളാണ് ഈ കര്‍മപദ്ധതി മുറുകെപ്പിടിച്ചിരിക്കുന്നത്. സാര്‍വത്രികമായ രൂപകല്പന (Universal Design), ന്യായമായ പരിഗണന (Reasonable Accommodation) എന്നിവയാണത്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുള്പ്പെടെ സമൂഹത്തിലെ എല്ലാവര്ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാവണം നമ്മുടെ രാജ്യത്ത് പുതുതായി വികസിപ്പിച്ചെടുക്കുന്ന സംവിധാനങ്ങളും സേവനങ്ങളും സാഹചര്യങ്ങളുമെല്ലാമെന്നതാണ് സാര്‍വത്രികമായ രൂപകല്പനകൊണ്ട് അര്‍ഥമാക്കുന്നത്. നൂതനമായ സാങ്കേതികവിദ്യക്കും ഉപകരണങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാകണം ഈ രൂപകല്പന. എല്ലാ ഭിന്നശേഷിക്കാര്‍ക്കും അവരുടെ തത്തുല്യമായ അവകാശങ്ങള്‍ നടപ്പാക്കാന്‍, നിലനില്‍ക്കുന്ന പൊതുസംവിധാനങ്ങളില്‍ അത്യാവശ്യവും അനുയോജ്യവും അതിനൊപ്പം സാധ്യവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നതാണ് 'ന്യായമായ പരിഗണന'യുടെ കാതല്‍.
2022-2023-ല്‍ ഇന്ത്യാ ഗവണ്മെന്റ് മൂന്ന് മേഖലകളിലാണ് ആക്സസബിലിറ്റി എന്ന ആശയം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.
- മനുഷ്യനിര്‍മിത ആവാസവ്യവസ്ഥ (Built Environment)
- ഗതാഗത സംവിധാനം (Transportation System)
- ആശയവിനിമയ സാങ്കേതിക വിദ്യയും (Communication technology)
ഈ മേഖലയിലെ വെല്ലുവിളികള്‍
മനുഷ്യനിര്‍മിത ആവാസവ്യവസ്ഥ: പ്രവേശനകവാടങ്ങളിലെ പടികള്‍, കൈപ്പിടിയുടെ അഭാവം, കുത്തനെ ചരിവോടുകൂടിയതോ വഴുക്കലോടുകൂടിയതോ ആയ റാംപ്, ഉയര്‍ന്ന തിട്ടയുള്ള നടപ്പാത, ഇടുങ്ങിയ വാതിലുകള്‍, ഉയരത്തില്‍ വെച്ചിരിക്കുന്ന കുടിവെള്ളസംവിധാനവും സ്വിച്ച് ബോര്‍ഡുകളും, പടികളും സ്റ്റെയര്‍കെയ്സുകളും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള ദൃശ്യപരിമിതി, തകര്‍ന്ന തറയോടുകൂടിയ നടപ്പാത, അപ്രാപ്യമായ ശൗചാലയ സംവിധാനം, തുടര്‍ച്ചയില്ലാത്ത നടപ്പാതകള്‍.
ഗതാഗത സംവിധാനം: വീല്‍ച്ചെയര്‍ തുടങ്ങിയ മൊബിലിറ്റി എയ്ഡുകള്‍ക്ക് അനുയോജ്യമല്ലാത്ത പൊതുഗതാഗത സംവിധാനം, ഉയര്‍ന്ന ചവിട്ടുപടികള്‍, ഉയരത്തിലുള്ള കൈപ്പിടികള്‍, കൈവരികള്‍, നടപ്പാതകളിലെ അനധികൃതമായ പാര്‍ക്കിങ്ങും കൈയേറ്റവും, ഇടുങ്ങിയ പ്രവേശന കവാടങ്ങള്‍.
ആശയവിനിമയ സാങ്കേതിക വിദ്യയും: പൊതു ഇടങ്ങളിലുള്ള അപര്യാപ്തമായ സൈന്‍ബോര്‍ഡുകള്‍, പരിമിതമായിമാത്രം ആശയവിനിമയം നടത്തുന്ന മുന്നറിയിപ്പ് സംവിധാനങ്ങള്‍, തത്സമയ വിവരങ്ങളുടെ ലഭ്യതക്കുറവ്. ഉദാ: ബസ്റൂട്ട്, സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ വിവരം, ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ ലഭ്യതക്കുറവ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിമിതി, ആശയവിനിമയംചെയ്യാനുള്ള പരിമിതി.
വിദ്യാഭ്യാസവും തൊഴില്‍മേഖലയും: തൊഴില്‍സ്ഥലത്തെ പരിമിതികള്‍ (ഇടുങ്ങിയ പ്രവേശനകവാടം, റാംപുകളുടെ അഭാവം), സഹപ്രവര്‍ത്തകരുടെ വ്യത്യസ്ത മനോഭാവം, ഏര്‍പ്പെടുന്ന ജോലിക്കനുസൃതമായ പരിശീലനത്തിന്റെ അഭാവം, ജോലി നല്‍കുന്നതിനുള്ള വിവേചനം. അപര്യാപ്തമായ വിദ്യാര്‍ഥി-അധ്യാപക അനുപാതം, ഭിന്നശേഷിക്കാര്‍ക്ക് ഉതകുന്ന രീതിയിലുള്ള പാഠ്യപദ്ധതിയുടെ അഭാവം, സ്കൂള്‍ പ്രവേശനത്തിലുള്ള വെല്ലുവിളികള്‍, പരിശീലനം ലഭിച്ച സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ അഭാവം.
മാറ്റങ്ങളും പരിഹാരങ്ങളും
പൊതു ഇടങ്ങളില്‍ വരുന്ന എല്ലാ കെട്ടിടങ്ങളും ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും പ്രാപ്യമാകണം. അതിനായി സൗകര്യപ്രദമായ നടപ്പാതകള്‍, കാര്‍ പാര്‍ക്കിങ്ങുകള്‍, വീതികൂടിയ പ്രവേശനകവാടം, ശൗചാലയസംവിധാനം, നടപ്പാതയില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്ന പടികള്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള ഗൈഡഡ് നടപ്പാതകള്‍, അടയാളബോര്‍ഡുകള്‍, ഉയരംകുറഞ്ഞ കൗണ്ടറുകള്‍, ഹെല്‍പ്പ് ഡെസ്കുകള്‍ എന്നിവ നല്‍കാവുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തിക്ക് റാംപിന്റെ അടുത്തോ ലിഫ്റ്റിന്റെ അടുത്തോ വരെ വാഹനത്തില്‍ വരാന്‍ സാധിക്കണം. കെട്ടിടത്തിന് അകത്തുള്ള വഴിയില്‍ ഒരുവിധ തടസ്സവും ഉണ്ടാകരുത്. വാതിലുകള്‍ വീല്‍ച്ചെയര്‍ കയറാനുള്ള വീതിയും വലുപ്പവും ഉണ്ടാകണം. പ്രധാന വാതിലുകള്‍ സ്ലൈഡിങ് ഡോറുകള്‍ ആവുന്നതാണ് അഭികാമ്യം. കെട്ടിടത്തിലെ ബാത്റൂമുകള്‍ ഭിന്നശേഷി സൗഹൃദമാകണം. സ്വിച്ചുകളും ഹാന്‍ഡിലുകളും ഇരിപ്പിടങ്ങളും ഇതര ഫര്‍ണിച്ചറുകളും ഭിന്നശേഷി സൗഹൃദമാകണം. ചുമരില്‍ വഴികാണിക്കുന്ന കളര്‍ കോഡുകള്‍ ആവശ്യമാണ്. കാഴ്ചപരിമിതിയുള്ളവര്ക്കുവേണ്ടി ടൈലിന്റെ നിറവും കനവും ശ്രദ്ധിക്കേണ്ടതായുണ്ട്. എമര്‍ജന്‍സി എക്സിറ്റുകള്‍ ഭിന്നശേഷി സൗഹൃദമാകണം. ആവശ്യത്തിനുള്ള സൈന്‍ ബോര്‍ഡുകള്‍ പ്രധാന ഇടങ്ങളില്‍ പ്രദര്ശിപ്പിക്കേണ്ടതായുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 2016-ലെ നാഷണല്‍ ബില്‍ഡിങ് കോഡില്‍ (NBC) ലഭ്യമാണ്.
ഇന്ത്യയില്‍ പുതിയ ഗതാഗതസംവിധാനങ്ങള്‍ ഒരു പരിധിവരെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്കി വിഭാവനം ചെയ്തിട്ടുള്ളതാണ്. ലോ ഫ്ളോര്‍, ജെ.എന്‍.എന്‍.ആര്.യു.എം. ബസ്സുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ റാംപ് സംവിധാനത്തോടുകൂടിയ വീതിയേറിയ പ്രവേശനകവാടം, ഓഡിയോ ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയ അറിയിപ്പുകള്, കാഴ്ചയില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന വ്യത്യസ്ത നിറങ്ങളോടുകൂടിയ കൈപ്പിടികള്‍, സ്ഥലവിവരങ്ങള്‍ നല്കുന്ന ഡിസ്പ്ലേ ബോര്‍ഡുകള്‍, ഭിന്നശേഷി സൗഹൃദമായ കാത്തിരിപ്പുകേന്ദ്രങ്ങള്‍, കാല്‍നടപ്പാതകള്‍ ഇതെല്ലാം ബെംഗളൂരു, ഡല്‍ഹി പോലെയുള്ള പല മെട്രോ സിറ്റികളിലും നടപ്പാക്കിവരുന്നതാണ്. കേരളത്തില്‍ ഓടുന്ന ലോ ഫ്ളോര്‍ ബസ്സുകള്‍ക്ക് വീല്‍ച്ചെയര്‍ ഉപയോഗിക്കാന്‍ ആവശ്യമായ റാംപുകളും അവ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ ട്രെയിനുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാണ്. കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള ഗൈഡഡ് നടപ്പാതകള്‍, സംവിധാനങ്ങള്‍ എന്നിവ പല പൊതുയിടങ്ങളിലും കാണാവുന്നതാണ്. ഇത് എല്ലായിടത്തും വ്യാപിപ്പിക്കണം.
തൊഴില്‍മേഖലയില്‍ ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി 2016-ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശനിയമപ്രകാരം നാലുശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. ജോലിയുടെ സ്വഭാവം ആശ്രയിച്ചായിരിക്കും നിയമനം. വിദഗ്ധര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ നിയമനപ്രക്രിയ.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമപ്പുറം ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കത്തിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നത് പുത്തന്‍ സാങ്കേതിക വിദ്യകളാണ്. പരസഹായമില്ലാതെ വേഗത്തിലും സുരക്ഷിതമായും സഞ്ചരിക്കാന്‍ സാധിക്കുന്ന വീല്‍ചെയറുകള്‍, സ്പീച്ച് ആന്‍ഡ് ഹിയറിങ് അസിസ്റ്റന്റുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ ഭിന്നശേഷി ഉള്ക്കൊള്ളലിലേക്കുള്ള ദൂരം കുറയ്ക്കുന്നു.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള സെന്‍സറി പാര്‍ക്കുകള്‍ ഇന്ത്യയില്‍തന്നെ ചെന്നൈ, ചണ്ഡീഗഢ്, വിശാഖപട്ടണം എന്നിവിടങ്ങളിലും കേരളത്തിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശ്ശൂരും ഇത്തരം സെന്‍സറി പാര്‍ക്കുകള്‍ നിലവിലുണ്ട്. പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദ ഇടങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, സ്പെഷ്യല്‍ എജുക്കേറ്റര്മാര്ക്കായുള്ള പ്രത്യേക പരിശീലനപരിപാടികള്‍, സെന്‍സറി റൂമുകള്‍ എന്നിവ കേരളത്തിന് എടുത്തുപറയാന്‍ കഴിയുന്ന നേട്ടങ്ങളാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എല്ലാവിധത്തിലുമുള്ള ഭിന്നശേഷിക്കാരുടെ കഴിവുകളെ പരിഗണിക്കുന്ന രീതിയില്‍ വിഭാവനംചെയ്യേണ്ടതാണ്. ഇത് സ്കൂള്‍തലത്തില്‍നിന്ന് തുടങ്ങണം. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മേഖലയിലും ഭിന്നശേഷി സൗഹൃദമായ ആശയങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ടെലിവിഷനിലും സാമൂഹിക മാധ്യമത്തിലും വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ക്ലോസ്ഡ് ക്യാപ്ഷന്‍, ടെലി ടെക്സ്റ്റ്, ഇന്ത്യന്‍ ആംഗ്യഭാഷ തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്നതാണ്. മേല്‍വിവരിച്ച വെല്ലുവിളികള്‍ക്ക് അനുസൃതമായ പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ചില മേഖലകളില്‍ സാധിച്ചിട്ടുണ്ടെങ്കിലും ഗതാഗത സംവിധാനം, തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
(ലേഖകരില്‍ ഡോ. സുജ കുന്നത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (നിഷ്) എക്സിക്യൂട്ടീവ് ഡയറക്ടറും ഡോ. ലക്ഷ്മി എസ്. മോഹന്‍, വീണ മോഹന്‍ പി. എന്നിവര്‍ സ്ഥാപനത്തിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോഡെവലപ്മെന്റല്‍ സയന്‍സസിലെ ഫാക്കല്‍ട്ടികളുമാണ്)
ജൂലൈ ലക്കം ജി.കെ&കറന്റ് അഫയേർസിൽ പ്രസിദ്ധീകരിച്ചത്
Content Highlights: inclusive specially abled disability awareness disable friendly