ജലത്തിനൊപ്പം ജീവിതവും വാര്‍ന്നുപോയ മണ്ണ്, മീനാക്ഷിപുരം പേടിപ്പെടുത്തുന്ന മുന്നറിയിപ്പാണ്

ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള കാഴ്ച മനസ്സിൽ സങ്കല്പിക്കുക. കൂർത്തമുള്ളുകൾകൊണ്ട് കൊളുത്തിവലിക്കുന്ന കറിവേൽ മരക്കാടുകളുടെ ചാരംകലർന്ന പച്ചപ്പുകൾക്കിടയിൽ ചിതറിക്കിടക്കുന്ന നൂറുകണക്കിന് വീടുകൾ. എവിടെനിന്നോ വന്ന് എങ്ങോട്ടോ പറന്നുമറയുന്ന പക്ഷികളുടെയും വരണ്ടമണ്ണിൽ താളത്തിൽ നടക്കുന്ന മയിലുകളുടെയും സാന്നിധ്യമൊഴിച്ചാൽ, ഒരിടത്തും ജീവന്റെ ചലനങ്ങളില്ല. മനുഷ്യരില്ല. കന്നുകാലികളില്ല. നായ്ക്കളോ പൂച്ചകളോ ഇല്ല. കാക്കയോ ചെറുജന്തുക്കളോ ഇല്ല. കാറ്റുപോലും അവിടെനിന്ന് കൂടൊഴിഞ്ഞു പോയിരിക്കുന്നു.
കള്ളിമുൾച്ചെടികളുടെ ഇടയിലുള്ള മൺവഴികളിലൂടെ ഇറങ്ങിനടക്കുമ്പോൾ നിശ്ശബ്ദത അതിന്റെ പാരമ്യത്തിൽവന്ന് വിഴുങ്ങും. ആളൊഴിഞ്ഞ വീടുകളിൽ മിക്കതിന്റെയും വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ഉപേക്ഷിച്ചുപോയ പെട്ടികളും വസ്ത്രങ്ങളും പാത്രങ്ങളും ചില വീടുകളുടെ മണ്ണുനിറഞ്ഞ മുറികളിൽക്കാണാം. ഒരു കാലത്ത് ആരൊക്കെയോ ചിരിച്ചും കളിച്ചും സ്നേഹിച്ചും കലഹിച്ചും ജീവിച്ചതിന്റെ ശേഷിപ്പുകൾ. ചുമരുകളിൽ ആരുടെയൊക്കെയോ മങ്ങിയ ഫോട്ടോകൾ. ആരായിരിക്കും അവരെല്ലാം? പലായനം ചെയ്തവർ വെപ്രാളങ്ങൾക്കിടയിൽ അവരുടെ ഓർമ്മകളെയും ഇവിടെ ഉപേക്ഷിച്ച് പോയതായിരിക്കുമോ? കർഷകർ ഉപയോഗിച്ച കാളവണ്ടികളിൽ ചിലത് വഴികളുടെ വശത്ത് മണ്ണിൽ മൂക്കുകുത്തിക്കിടക്കുന്നു. എന്നോ ജലം വാർന്നുപോയി തുരുമ്പ് കയറിത്തുടങ്ങിയ െപെപ്പുകൾ. കുട്ടികളും ബഹളങ്ങളും ഇല്ലാതെ കാടുകയറിയ സ്കൂൾക്കെട്ടിടം.
മുഴക്കാൻ ആരുമില്ലാതെ നിശ്ചലമായ ക്ഷേത്രമണി. പൂജകളും പ്രാർഥനയും നിലച്ച് സ്തംഭിച്ചുനിൽക്കുന്ന കോവിൽ. തനിച്ചായിപ്പോയ ദൈവങ്ങൾ. ജീവനും മനുഷ്യജീവിതവുമില്ലാത്തതുകൊണ്ട് ഗന്ധങ്ങളോ, ദുർഗന്ധങ്ങളോ ഇല്ല. ആകെയുള്ളത് മറ്റേതോ ഗ്രാമത്തിലേക്ക് ആവഴി കടന്നുപോകുന്ന കാലികൾ നിക്ഷേപിച്ച ചാണകത്തിന്റെ മണംമാത്രം. മനുഷ്യൻ ഇല്ലാത്തതുകൊണ്ട് മാലിന്യക്കൂമ്പാരങ്ങളും എവിടെയുമില്ല.
തിരുനെൽവേലിക്കും തൂത്തുക്കുടിക്കുമിടയിലെ മീനാക്ഷിപുരം ഗ്രാമമാണിത്. കുറച്ചുവർഷങ്ങൾക്കു മുൻപുവരെ ഈ ഗ്രാമം ഇങ്ങനെയല്ലായിരുന്നു. കൃഷിയും കൈവേലകളും ചെയ്ത് മനുഷ്യർ ഇവിടെപ്പാർത്തു. വിവാഹങ്ങളും ജനനങ്ങളും മരണങ്ങളും നടന്നു. കുട്ടികൾ പഠിച്ചു. കളിച്ചു. വിരുന്നുകളും ആഘോഷങ്ങളും ഉത്സവങ്ങളും നടന്നു. എന്നാൽ, കാലം കഴിയുന്നതിനനുസരിച്ച് മീനാക്ഷിപുരത്തെ മണ്ണിൽനിന്ന് ജലം വാർന്നുപോകാൻ തുടങ്ങി. ഗ്രാമത്തിനുമുകളിൽ മഴ കനിയാതെ എപ്പോഴും ആകാശം ജ്വലിച്ചുനിന്നു...
തൂത്തുക്കുടിയിൽനിന്ന് തിരുനെൽവേലിക്കുള്ള ഹൈവേയിലൂടെ 26 കിലോമീറ്റർ വന്നാൽ ഇടതുഭാഗത്തേക്കുള്ള ചെറിയ റോഡ് സക്കരക്കുടിയിലേക്കാണ്. കീഴ്സക്കരക്കുടി, നടുസക്കരക്കുടി, മേലെസക്കരക്കുടി എന്നിങ്ങനെ മൂന്നു ഗ്രാമങ്ങൾ പിന്നിട്ടുവേണം മീനാക്ഷിപുരത്തെത്താൻ. രണ്ടു പതിറ്റാണ്ടുമുൻപു വരെ കിണറുകളിൽ കുടിവെള്ളവും പറമ്പിൽ പച്ചമരങ്ങളും ഉണ്ടായിരുന്ന നാടായിരുന്നു ഇത്. പിന്നീട് വെള്ളത്തിന് കറുപ്പുനിറം വന്നു തുടങ്ങി. കുടിക്കാനും തുണിയലക്കാനും പറ്റാത്ത രീതിയിൽ കൊഴുത്ത കറുത്തദ്രാവകമായി അതു മാറാൻ അധികനാളെടുത്തില്ല. അടുത്തുള്ള മത്സ്യസംസ്കരണ യൂണിറ്റുകളിൽനിന്നുള്ള മാലിന്യം കാരണമാണ് വെള്ളം കേടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതായാലും കുടിവെള്ള ക്ഷാമവും പുറമേനിന്ന് ഗ്രാമത്തിലേക്ക് ഗതാഗത സംവിധാനങ്ങളുടെ അഭാവവും കാരണം രണ്ടായിരത്തിന്റെ തുടക്കംതൊട്ട് തദ്ദേശീയർ ഗ്രാമമുപേക്ഷിച്ച് പോവാൻ തുടങ്ങി. പലരും സക്കരക്കുടിയിലേക്ക് ചേക്കേറി. ചിലർ അകലെ നഗരങ്ങളിൽച്ചെന്നു പാർപ്പായി.
ജലക്ഷാമവും ഗതാഗതപ്രശ്നവും പരിഹരിക്കാൻ നടപടിയൊന്നും സ്വീകരിക്കാത്ത സർക്കാരിനോടുള്ള രോഷം സൂക്ഷിക്കുന്ന മീനാക്ഷിപുരത്തുകാർ പ്രതിഷേധസൂചകമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകവരെ ചെയ്തു. സർവരും ഉപേക്ഷിച്ചുപോയെങ്കിലും ഒരാൾമാത്രം അവിടെ തുടർന്നിരുന്നു. തന്റെ കൊച്ചുകൂരയിൽ ഏകനായി ജീവിച്ച കന്ദസ്വാമി. മാസങ്ങൾക്കു മുൻപേ 83-ാം വയസ്സിൽ കന്ദസ്വാമിയും മരണത്തിനു കീഴടങ്ങിയതോടെയാണ് മീനാക്ഷിപുരം തീർത്തും അനാഥമായത്.
‘‘ഞങ്ങളുടെ അമ്മ മരിച്ചത് ആ മണ്ണിലായിരുന്നു, 1999-ൽ. അപ്പ പിന്നെ കല്യാണം കഴിച്ചില്ല. അമ്മയോടുള്ള ഇഷ്ടക്കൂടുതൽകൊണ്ട് അവിടം ഉപേക്ഷിച്ച് ഞങ്ങൾക്കൊപ്പം പോരാനും എത്ര നിർബന്ധിച്ചിട്ടും തയ്യാറായില്ല. ജനിച്ചു വളർന്ന മണ്ണിനെയും അപ്പ ജീവനുതുല്യം സ്നേഹിച്ചിരുന്നു. 2007-ൽ ഞങ്ങളെല്ലാം അവിടുന്നുപോന്നു. പിന്നെ 14 വർഷം അപ്പ ഒറ്റയ്ക്കവിടെ പാർത്തു. കിലോമീറ്ററുകൾ നടന്നുപോയി അവശ്യസാധനങ്ങൾ വാങ്ങിക്കൊണ്ടുവരും. ഭക്ഷണം പാകംചെയ്യും. അതൊരു ജീവപര്യന്തം പോലെ മറ്റുള്ളവർക്ക് തോന്നാം. പക്ഷേ, അപ്പയതിൽ ആനന്ദം കണ്ടെത്തിയിരിക്കണം.’’ -കന്ദസാമിയുടെ മകൻ ബാലകൃഷ്ണൻ പറഞ്ഞു.
തന്റെ കൂട്ടിക്കാലത്തൊക്കെ ആ നാട് സ്വർഗം പോലായിരുന്നെന്ന് ബാലകൃഷ്ണൻ പറയുന്നു. കിണറ്റിൽ നിറയെ തെളിവെള്ളമുണ്ടായിരുന്നു. മണ്ണിൽ പച്ചപ്പും കൃഷിയുമുണ്ടായിരുന്നു. ഗ്രാമത്തിൽനിന്ന് അകലെയുള്ള സ്കൂളിലേക്കും കടകളിലേക്കും തിരിച്ചും ദീർഘദൂരം നടക്കേണ്ടിയിരുന്നെങ്കിലും അവർ സന്തുഷ്ടരായിരുന്നു.കന്ദസാമിയുൾപ്പെടെയുള്ളവരുടെ നിരന്തര പരിശ്രമഫലമായി ഗ്രാമത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾക്ക് തുടക്കമിട്ടതാണ്. വലിയ ഉയരത്തിൽ ടാങ്ക് പണിത് പൈപ്പ് ലൈൻ വഴി ജലമെത്തിക്കാനായിരുന്നു ശ്രമം. പക്ഷേ, അതും വിജയം കാണാതെപോയി. നൂറുമീറ്ററോളം ഉയരത്തിൽ പണിത വലിയ ടാങ്ക് ഇപ്പോൾ വിജനമായ ഗ്രാമത്തിന്റെ അച്ചുതണ്ടുപോലെ നിൽക്കുന്നു.
കന്ദസാമിയുടെ മകൻ ബാലകൃഷ്ണൻ വല്ലപ്പോഴും ഇവിടെ വന്നുപോവാറുണ്ട്. ‘‘മനുഷ്യന്റെതന്നെ പ്രവൃത്തിയുടെ ഫലമാണ് കുടിവെള്ളം ഇല്ലാതായതെന്നതുറപ്പാണ്. അതു മനസ്സിലാക്കി പരിഹാരം കാണാൻ ഞങ്ങൾക്കാരും ഇല്ലാതെ പോയി’’ -ബാലകൃഷ്ണന്റെ പരിദേവനം.
സർവരാലും ഉപേക്ഷിക്കപ്പെട്ട മീനാക്ഷിപുരത്തേക്ക് ഇപ്പോൾ വരുന്നത് ഈ നാടിനെക്കുറിച്ച് കേട്ടറിഞ്ഞ സാഹസികകുതുകികൾമാത്രം. വൈദ്യുതി ഉത്‌പാദിപ്പിക്കാനായി സ്ഥാപിച്ച യന്ത്രക്കാറ്റാടികൾ നിറയെയുള്ള പാടങ്ങൾക്കു നടുവിലൂടെയാണ് ഇങ്ങോട്ടേക്കുള്ള വീതി കുറഞ്ഞ റോഡ്. ഇരുമ്പിന്റെ അമിതസാന്നിധ്യം കൊണ്ടാവണം മണ്ണിന് കറുപ്പ് നിറമാണ്. ഉഴുന്നും പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. വഴിയിൽ വെച്ചാണ് ട്രാക്ടറുപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന അണ്ണാമലയെ കണ്ടത്.
‘‘ഞാൻ ഇവിടെ കൃഷിചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. മീനാക്ഷിപുരത്ത് എനിക്കൊരുപാട് പരിചയക്കാരുണ്ടായിരുന്നു. ഇരുനൂറ് പേരെങ്കിലുമുണ്ടായിരുന്നു അവർ. അധ്വാനശീലരായ കർഷകർ, മണ്ണിനോട് മല്ലടിച്ച് പൊന്നുവിളയിച്ചവർ. പക്ഷേ, കാലത്തിനൊത്ത വികസനം ഈ നാടിനുണ്ടായില്ല. ബസോ മറ്റു വാഹനസൗകര്യമോ ഇല്ല. മഴ കുറഞ്ഞതോടെ കുടിവെള്ളവും ഇല്ലാതായി. ഉള്ള വെള്ളം മലിനമായി. പിന്നെ കുടിയൊഴിഞ്ഞു പോവാതെ അവർ എന്തുചെയ്യും?’’ -പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമ്പോൾ അണ്ണാമലയുടെ മുഖത്തുനിന്ന് പലതും വായിച്ചെടുക്കാം. മീനാക്ഷിപുരത്തോട് ചേർന്നുകിടക്കുന്ന തന്റെ ഗ്രാമത്തിനും ഭാവിയിൽ ഇങ്ങനെ സംഭവിക്കുമോയെന്ന ആശങ്കയും അതിലുണ്ടാവണം.
ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്നിനകത്തേക്ക് കയറി. വരാന്തയ്ക്കപ്പുറം മുറിക്കകത്ത് വെറുംനിലത്ത് തുറന്നിട്ടിരുന്ന പെട്ടികളിൽ നിന്ന് വാരിവലിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ, ചുവരിൽ പതിറ്റാണ്ട് പഴക്കമുള്ള കലണ്ടർ. കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയാവാം പെട്ടിക്കകത്തുനിന്ന് അരണ പോലൊരു ജീവി കുതറിയോടുന്നു. മറ്റൊരു വീടിന്റെ അകച്ചുവരിൽ മരിച്ചുപോയ ഏതോ ആളുടെ ചില്ലിട്ട ചിത്രത്തിൽ ചാർത്തിയിരിക്കുന്ന നിറമുള്ള പ്ലാസ്റ്റിക് മാല കാറ്റിൽ ഉലയുന്നു.
തൊട്ടടുത്ത് മറ്റൊരു തകർന്ന കെട്ടിടം. അങ്കണവാടിയോ മറ്റോ ആയിരുന്നിരിക്കണം. ചരിത്രത്തിൽ ഇടംപിടിക്കാൻ അന്നത്തെ കുഞ്ഞുങ്ങൾ എഴുതിവെച്ച പേരുകളും പേറി പ്രേതഭവനംപോലെ അതും.പഴയ അന്തേവാസികളിൽ ചിലർ ഇന്നും ഇടയ്ക്കൊക്കെ ഇവിടെ വന്നുപോകുന്നു. അത് എത്രനാൾ തുടരുമെന്നറിയില്ല ! മനുഷ്യന്റെ കാൽസ്പർശമേൽക്കാതെ നെഞ്ചുകാട്ടി നിൽക്കുന്ന ഈ മണ്ണ് പ്രകൃതിയും കാലാവസ്ഥയും അറിഞ്ഞ് പെരുമാറിയില്ലെങ്കിൽ മീനാക്ഷിപുരങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പുതരുന്നു.
Content Highlights: Ghost Village: Meenakshipuram`s Silent Story