സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റം; കർണാടകത്തിൽ നിയമം വിജ്ഞാപനംചെയ്തു, ലംഘിച്ചാൽ തടവും പിഴയും

ബെംഗളൂരു: സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള പുതിയനിയമം കർണാടക സർക്കാർ വിജ്ഞാപനംചെയ്തു. കർണാടക പ്രൊട്ടക്‌ഷൻ ഓഫ് പീപ്പിൾ ഫ്രം സോഷ്യൽ ബോയ്‌കോട്ട് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സൽ) ആക്ട് 2025 ആണ് വിജ്ഞാപനംചെയ്തത്. കഴിഞ്ഞമാസം നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ പാസാക്കിയ ബില്ലിന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് അംഗീകാരംനൽകിയാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ജാതിപരമായും സാമുദായികമായുമുള്ള വിവേചനവും ഒറ്റപ്പെടുത്തലും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണിത്. ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ വിവേചനംകാണിച്ച് ഒറ്റപ്പെടുത്തുന്നത് ഇതുപ്രകാരം കുറ്റകൃത്യമായി. വാക്കാലോ രേഖാമൂലമോ നടത്തുന്ന വിവേചനം സാമൂഹിക ബഹിഷ്കരണത്തിന്റെ പരിധിയിൽവരും. അത് ചെയ്യുന്നവർക്ക് മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ശിക്ഷലഭിക്കും.
19 തരത്തിലുള്ള സാമൂഹിക ബഹിഷ്കരണം നിയമത്തിൽ കുറ്റകരമാക്കിയിട്ടുണ്ട്. ബിസിനസ് നടത്താൻ അനുവദിക്കാതിരിക്കുക, അവസരങ്ങൾ നിഷേധിക്കുക, പരിപാടികളിൽ പങ്കെടുക്കുന്നത് തടയുക, ജീവിതസൗകര്യങ്ങൾ ഉപയോഗിക്കുന്നത് വിലക്കുക, ബന്ധങ്ങൾ വിച്ഛേദിക്കുക തുടങ്ങിയവ സാമൂഹിക ബഹിഷ്കരണത്തിന്റെ പരിധിയിൽ വരും. വിവേചനംതടയാൻ സോഷ്യൽ ബോയികോട്ട് പ്രൊഹിബിഷൻ ഓഫീസറെ നിയമിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
Content Highlights: social boycott became criminal offence in karnataka