'കണ്ണിറുക്കികാട്ടിയ വനിതാ അഭിഭാഷകർക്ക് അനുകൂലവിധി'; വിവാദപരാമർശത്തിൽ ജ. കട്ജു മാപ്പുപറയണമെന്ന് SCWLA

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ച് സുപ്രീം കോര്‍ട്ട് വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍ (എസ്‌സിഡബ്ല്യൂഎല്‍എ). കോടതിയില്‍ തന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടുള്ള മുഴുവന്‍ വനിതാ അഭിഭാഷകര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ഇതിനെതിരായാണ് സുപ്രീം കോടതി വനിതാ അഭിഭാഷക സംഘടന രംഗത്തെത്തിയത്.
കട്ജുവിന്റെ പരാമര്‍ശം നിയമ മേഖലയിലെ ഓരോ സ്ത്രീയുടെയും അന്തസ്സ്, വിശ്വാസ്യത, കഴിവ്, സത്യസന്ധത, തൊഴില്‍പരമായ നിലനില്‍പ്പ് എന്നിവയ്ക്ക് നേരെയുള്ള ആഴത്തിലുള്ള കടന്നാക്രമണമാണെന്ന് എസ്‌സിഡബ്ല്യുഎല്‍എ പുറത്തിറക്കിയ പ്രസ്താവന ആരോപിച്ചു. വനിതാ അഭിഭാഷകര്‍ തങ്ങളുടെ തൊഴിൽജീവിതം കെട്ടിപ്പടുക്കുന്നതിനായി നടത്തുന്ന വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും ഇത്തരം പരാമര്‍ശങ്ങള്‍ വിലകുറച്ച് കാണിക്കുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള പൊതു പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കാനുള്ള ശ്രമവുമാണ്. ഇതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ എസ്‌സിഡബ്ല്യുഎല്‍എ, കട്ജു നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു കണ്ണിറുക്കിയ വനിതാ അഭിഭാഷകര്‍ക്കെല്ലാം അനുകൂല വിധി കൊടുത്തിട്ടുണ്ടെന്ന കട്ജുവിന്റെ പരാമര്‍ശം. വിവാദമായതിന് പിന്നാലെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 2006 മുതല്‍ 2011 വരെയാണ് ജസ്റ്റിസ് കട്ജു സുപ്രീം കോടതി ജഡ്ജിയായിരുന്നത്. അതിന് മുന്‍പ് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിരുന്നു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചതിന് പിന്നാലെ 2011 മുതല്‍ 2014 വരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണായിരുന്നു.
Content Highlights: scwla condemns former justice markandey katju remark